Actor and filmmaker Vijay Babu, who went missing after being accused of sexual harassment, has been allowed to step down from the executive membership
സ്വന്തം ലേഖകന്‍
കൊച്ചി: ലൈംഗിക പീഡന ആരോപണത്തിനു പിന്നാലെ ഒളിവില്‍ പോയ നടനും സിനിമാ നിര്‍മാതാവുമായ വിജയ് ബാബുവിനെ താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് മാറിനില്ക്കാന് അനുവദിച്ചു.
താരസംഘടനയില്‍ നിന്നു തന്നെ വിജയ് ബാബുവിനെ പുറത്താക്കുമെന്ന് സംഘടനയിലെ ഒരു വിഭാഗം പ്രതീക്ഷിച്ചിരിക്കെയാണ്, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്്, സ്വയം മാറിനില്‍ക്കാനുള്ള വിജയ് ബാബുവിന്റെ തീരുമാനത്തെ നേതൃത്വം അംഗീകരിച്ചത്.
അമ്മ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നു വിജയ് ബാബുവിനെ മാറ്റിനിറുത്തണമെന്ന് ഐസിസി കമ്മിറ്റി ശക്തമായ നിലപാടെടുത്തിരുന്നു.
വിജയ് ബാബുവിനെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ രാജിവെക്കുമെന്ന് എക്സിക്യൂട്ടീവ് അംഗങ്ങളില്‍ ചിലര്‍ കടുത്ത നിലപാടെടുത്തു.
ഇതോടെ, പുറത്താക്കുമെന്ന് വിജയ് ബാബുവിന് മനസ്സിലായി. പിന്നാലെ, ഭാരവാഹി സ്ഥാനത്തുനിന്ന് മാറി നില്‍ക്കാമെന്ന് വ്യക്തമാക്കി വിജയ് ബാബു സംഘടനയ്ക്ക് മെയില്‍ അയക്കുകയായിരുന്നു എന്നാണ് അറിയുന്നത്. പിന്തുണയ്ക്കുന്നവര്‍ തന്നെയാണ് രാജി സന്നദ്ധത അറിയിക്കാനായി വിദേശത്തുള്ള വിജയ് ബാബുവിനോടു വിളിച്ചു പറഞ്ഞതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
എക്സിക്യൂട്ടിവിലെ വനിതാ ഭാരവാഹികളില്‍ രചന നാരായണന് കുട്ടി, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, ശ്വേതാ മേനോന് എന്നിവരില്‍, മഞ്ജു പിള്ള ഒഴികെ നാലു പേരും വിജയ് ബാബുവിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
ഒപ്പം, എക്സിക്യട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം പുരുഷ അംഗങ്ങളും വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന അഭിപ്രായത്തോട് യോജിച്ചു. നടപടിയുണ്ടായില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് ശ്വേതാ മേനോനും ബാബു രാജും നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
വിജയ് ബാബുവിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് ചില അംഗങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന് വിശദീകരണം നല്‍കുന്നതിന് കൂടുതല്‍ സമയം കൊടുക്കണമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം പേരും എതിരേ നിന്നതോടെ നടപടിക്ക് പ്രസിഡന്റ് മോഹന്‍ലാല്‍ അനുവാദം നല്‍കുകയായിരുന്നു.
വിജയ് ബാബു മാറി നില്ക്കാന് സന്നദ്ധത അറിയിച്ചതിനെ അംഗീകരിക്കുകയാണെന്ന ഔദ്യോഗിക പ്രസ്താവനക്കെതിരെ സംഘടനയുടെ ഉപാദ്ധ്യക്ഷ ശ്വേതാ മേനോന് കടുത്ത പ്രതിഷേധത്തിലാണ്.
വിജയ് ബാബുവിനെ പുറത്താക്കാന്‍ നേരത്തേ തീരുമാനിച്ചതാണെന്നും ശ്വേതാ മേനോന് ഓര്‍മിപ്പിച്ചു.
വൈകിട്ട് ആറ് മണിക്ക് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിന് തൊട്ടുമുന്‍പാണ് 'അമ്മ'യ്ക്ക് വിജയ്് ബാബുവിന്റെ മെയില്‍ കിട്ടിയത്.
ഏപ്രില്‍ 27ന് ആഭ്യന്തര പരാതി പരിഹാര സമിതി യോഗം ചേര്‍ന്നിരുന്നു. വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നു മാറ്റണമെന്ന തീരുമാനം അന്നു തന്നെ അമ്മയെ അറിയിച്ചതാണെന്നും ശ്വേതാ മേനോന് വ്യക്തമാക്കി.
Summary: Actor and filmmaker Vijay Babu, who went missing after being accused of sexual harassment, has been allowed to step down from the executive membership of the star organization 'Amma'.
COMMENTS