Thrikkakara by-election campaign ends with a bang. Everyone is worried about the recent political developments and whether it will affect election
കൊട്ടിക്കലാശം കഴിഞ്ഞു, തൃക്കാക്കരയില്‍ ഇനി അടിയൊഴുക്കിന്റെ പരീക്ഷണ മണിക്കൂറുകള്‍
സ്വന്തം ലേഖകന്‍
കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപ്തി.
എല്ലാ മുന്നണികളുടെയും നെഞ്ചിടിപ്പേറ്റിയാണ് കൊട്ടിക്കലാശം. സമീപദിവസങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങളും തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമോ എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്.
പാലാരിവട്ടം ജംഗ്ഷനിലാണ് പ്രചാരണം എല്ലാ മുന്നണികളും അവസാനിപ്പിക്കുന്നത്. സംഘര്‍ഷം ഒഴിവാക്കുന്നതിനായി മുന്നണികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള പോയിന്റില്‍ മാത്രമേ കൊട്ടിക്കലാശത്തിന് അനുമതിയുള്ളൂ. വൈകിട്ട് ആറു മണിക്കാണ് പരസ്യ പ്രചാരണം അവസാനിച്ചത്.
ഒരു മാസം നീണ്ട ആവേശപൂര്‍വമായ പ്രചാരണത്തിനാണ് തൃക്കാക്കര സാക്ഷ്യം വഹിച്ചത്.
പി.സി ജോര്‍ജിന്റെ അറസ്റ്റിലേക്കു നയിച്ച പ്രസംഗവും, പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം മുഴക്കിയതുമെല്ലാം തൃക്കാക്കരയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. കെ റെയിലിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കലുകള്‍ തൃക്കാക്കരയെ നേരിട്ടു ബാധിക്കില്ലെങ്കിലും അതും ചര്‍ച്ചാവിഷയമായി.
അടിയൊഴുക്കുകള്‍ വോട്ടാക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ട്വന്റി 20-ആം ആദ്മി സഖ്യത്തിന്റെ പിന്തുയും നേടാന്‍ മൂന്നു മു്ന്നണികളും ശ്രമിക്കുന്നുണ്ട്.
ഇന്നു സ്ഥാനാര്‍ത്ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരുന്നു ശ്രദ്ധിച്ചിരുന്നത്.
ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകളിലാണ് യുഡിഎഫിനു കൂടുതല്‍ പ്രതീക്ഷ. അതിനെ തകര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടു തൃക്കാക്കരയില്‍ തമ്പടിച്ചാണ് പ്രചരണം നയിച്ചത്. പി.ടി തോമസിനോടുള്ള സഹതാപം വലിയ ഗുണം ചെയ്യുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു.
വികസനം പറഞ്ഞാണ് ഇടതു മുന്നണി പ്രചാരണം തുടങ്ങിയത്. സ്ഥാനാര്‍ത്ഥിയുടെ പേരിലിറങ്ങിയ അശ്ലീല ചുവയുള്ള വീഡിയോയുടെ പേരില്‍ സഹതാപം പിടിച്ചുപറ്റാന്‍ വരെ ഇടതു മുന്നണി ശ്രമിക്കുന്നുണ്ട്.
ഡോ. ജോ ജോസഫ് സഭ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയാണെന്ന് എതിരാളികള്‍ നടത്തിയ പ്രചാരണം ഗുണം ചെയ്യുമെന്നാണ് ഇടതു പ്രതീക്ഷ.
പി.സി. ജോര്‍ജിന്റെ അറസ്റ്റ് ബിജെപി ആയുധമാക്കുന്നുണ്ട്. ക്രൈസ്തവര്‍ക്കിടയിലെ മുസ്ലിംവിരുദ്ധ വികാരം മുതലെടുക്കാന്‍ ഇതു സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ചോദ്യം ചെയ്യലിനു നോട്ടീസ് കിട്ടിയിട്ടും അതു വകവയ്ക്കാതെ പി.സി. ജോര്‍ജ് ഇന്നു മണ്ഡലത്തില്‍ നടത്തിയ പ്രചാരണം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ.
ഈ തിരഞ്ഞെടുപ്പിലെ തോല്‍വി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വലിയ ക്ഷീണമായേക്കും. അതിനാല്‍ ഏതു വിധേനയും ജയിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് എംഎല്‍എമാരുമെല്ലാം മണ്ഡലത്തില്‍ തമ്പടിച്ചായിരുന്നു പ്രചാരണം.
ഇതേസമയം, പരാജയമുണ്ടായാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറി തന്നെയുണ്ടായേക്കും. എന്‍ ഡി എക്കാകട്ടെ ജയിച്ചില്ലെങ്കിലും കഴിഞ്ഞ തവണ കിട്ടിയതിലും വോട്ടു കുറയരുതെന്ന വാശിയുണ്ട്.
Summary: Thrikkakara by-election campaign ends with a bang. Everyone is worried about the recent political developments and whether it will affect the election result.
COMMENTS