Sheikh Khalifa bin Zayed Al Nahyan, President of the United Arab Emirates and Ruler of Abu Dhabi, has died. He was 73 years old
അബുദാബി: യുഎഇയുടെ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു.
അസുഖ ബാധിതനായി കുറച്ചുകാലമായി ചികിത്സയിലായിരുന്നു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയുടെ പതിനാറാമത്തെ ഭരണാധികാരിയുമാണ്.
പിതാവ് ശൈഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ മരണമടഞ്ഞതോടെയാണ് 2004 നവംബര്‍ മൂന്നിന് യുഎഇ പ്രസിഡന്റായി മൂത്ത മകനായ ശൈഖ് ഖലീഫ ചുമതലയേറ്റത്.
1948 ലാണ് ജനനം. യുഎഇയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചത് ശൈഖ് ഖലീഫ ആയിരുന്നു.
2014ല്‍ പക്ഷാതമുണ്ടായതു മുതല്‍ അദ്ദേഹം പൊതു വേദികളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പ്രസിഡന്റിന്റെ വിയോഗത്തെത്തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
1971ല്‍ യുഎഇ രൂപീകരിക്കപ്പെട്ടപ്പോള്‍ ഇരുപത്താറാം വയസില്‍ ഉപപ്രധാനമന്ത്രിയായി. 1976 മേയില്‍ രാജ്യത്തിന്റെ ഉപ സൈന്യാധിപനായി നിയോഗിക്കപ്പെട്ടു.
യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും നിരവധി ഭരണപരമായ മാറ്റങ്ങള്‍ക്ക് ഷെയ്ഖ് ഖലീഫ നേതൃത്വം നല്‍കി. അതു വന്‍ വികസന കുതിപ്പിലേക്ക് രാജ്യത്തെ നയിച്ചു. അധികാരമേറ്റ ഉടന്‍ മന്ത്രിസഭയില്‍ വനിതാപ്രാതിനിധ്യം ഉറപ്പാക്കുകയും സര്‍ക്കാരിലെ ഉന്നതപദവികളില്‍ സ്ത്രീകള്‍ക്കു മുപ്പതുശതമാനം പ്രാതിനിധ്യം നല്‍കുകയും ചെയ്തു.
ബിസിനസ് രംഗത്തും സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന അദ്ദേഹം ഉറപ്പാക്കി. ജനക്ഷേമകരമായ ഒട്ടറെ പ്രവര്‍ത്തനങ്ങളിലൂടെ പൊതു ജനത്തിന്റെ ആദരവും ലഭിച്ചു.
കേരളവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ശൈഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍. കേരളത്തിലെ പ്രളയകാലത്ത് സംസ്ഥാനത്തിനു സഹായമായി 700 കോടി രൂപ അദ്ദേഹം സമാഹരിച്ചുവെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ വിലക്കു മൂലം കേരളത്തിന് ആ തുക വാങ്ങാനായില്ല.
COMMENTS