ന്യൂസ് ഡെസ്ക് കീവ് : യുക്രെയിന് തലസ്ഥാനമായ കീവിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നു റഷ്യന്‍ സേന പിന്‍വാങ്ങിയതിനു പിന്നാലെ തലസ്ഥാനത്തിന്റെ പൂര...
ന്യൂസ് ഡെസ്ക്
കീവ് : യുക്രെയിന് തലസ്ഥാനമായ കീവിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നു റഷ്യന്‍ സേന പിന്‍വാങ്ങിയതിനു പിന്നാലെ തലസ്ഥാനത്തിന്റെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ക്കു കിട്ടിയതായി യുക്രെയിന് അവകാശപ്പെട്ടു.
റഷ്യന്‍ സേന പിന്‍വാങ്ങുന്ന സ്ഥലങ്ങളിലെല്ലാം മനുഷ്യക്കുരുതിയുടെ ചോരമരവിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
ഏറ്റവും വലിയ ആള്‍നാശമുണ്ടായിരിക്കുന്നത് കീവിനടുത്ത് ബുച്ച പട്ടണത്തിലാണ്. ഇവിടെ ഒരു കൂട്ട ശവക്കുഴിയില്‍ 300 പേരെ അടക്കം ചെയ്തിട്ടുണ്ടെന്നും റഷ്യന്‍ സൈന്യം കൊലപ്പെടുത്തിയ ആളുകളുടെ മൃതദേഹങ്ങളാല്‍ തെരുവുകള്‍ നിറഞ്ഞിരിക്കുകയാണെന്നും ബുച്ച മേയര്‍ പറയുന്നു.
പിന്‍വാങ്ങുന്ന റഷ്യന്‍ സൈന്യം മിക്ക സ്ഥലങ്ങളിലും ലാന്‍ഡ് മൈനുകള്‍ ഉപേക്ഷിച്ചു പോവുകയാണ്. ഇത് യുക്രെയിന് ജനതയ്ക്കും സേനയ്ക്കും വന്‍ ദുരന്തകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് യുക്രെയിന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി പറഞ്ഞു.
ഇതേസമയം, റഷ്യ സമ്പൂര്‍ണ പരാജയം സമ്മതിച്ചു പിന്വാങ്ങുകയല്ലെന്നും തിരിച്ചടിക്കാനായി ഒരുമിക്കുകയാണെന്നുമാണ് ലോക രാജ്യങ്ങള്‍ സംശയിക്കുന്നത്. ബുച്ചയിലും മറ്റും റഷ്യയ്ക്കു വന്‍ നാശമുണ്ടായി. സൈനികരെയും ടാങ്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങളും അവര്‍ക്കു വന്‍ തോതില്‍ നഷ്ടപ്പെട്ടു. ഇതോടെ, കുറച്ചു സാവകാശം റഷ്യന്‍ സേനയ്ക്ക് ആവശ്യമായി വന്നിരിക്കുകയാണ്.
ഇതിനിടെ, യുക്രെയിനിലെ തെക്കന്‍ തുറമുഖ നഗരമായ ഒഡെസയില്‍ ഞായറാഴ്ച പുലര്‍ച്ചെ സ്ഫോടന പരമ്പരകളുണ്ടായി. ഇവിടെനിന്ന് വന്‍ തോതില്‍ പുക ഉയരുന്നതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതേയുള്ളൂ.
Summary: Ukraine claims full control of the capital after Russian troops withdrew from the outskirts of the capital, Kiev. Wherever the Russian army retreats, bloody scenes of human bloodshed are coming out.
COMMENTS