ന്യൂസ് ഡെസ്‌ക് ഒഡെസ: കരിങ്കടലില്‍ നിന്ന് യുക്രെയിനില്‍ നാവിക ആക്രമണത്തിന് നേതൃത്വം നല്‍കുന്ന റഷ്യയുടെ മുന്‍നിര യുദ്ധക്കപ്പലായ മോസ്‌ക്വയ യുക...
ന്യൂസ് ഡെസ്‌ക്
ഒഡെസ: കരിങ്കടലില്‍ നിന്ന് യുക്രെയിനില്‍ നാവിക ആക്രമണത്തിന് നേതൃത്വം നല്‍കുന്ന റഷ്യയുടെ മുന്‍നിര യുദ്ധക്കപ്പലായ മോസ്‌ക്വയ യുക്രെയിന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു മുങ്ങി. കപ്പലിനെ കെട്ടിവലിച്ചു തീരത്തടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നു റഷ്യ വ്യക്തമാക്കി.
യുക്രെയിന്റെ ആക്രമണത്തിലാണ് കപ്പലിനു കേടുപാടുണ്ടായതെന്നു പറഞ്ഞ റഷ്യ മാനക്കേട് കരുതി പിന്നീട് തിരുത്തി. കൊടുങ്കാറ്റിനിടെ കപ്പലിലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തറിച്ചാണ് അപകടമെന്നാണ് ഇപ്പോള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. കപ്പലിലുണ്ടായിരുന്ന 500 നാവികരെ മറ്റു കപ്പലുകളിലേക്കു മാറ്റി.
വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് മിസൈല്‍ ക്രൂസറിന് കേടുപാടുകള്‍ സംഭവിച്ചത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
യുക്രെയിനാണ് ആക്രമണത്തിനു പിന്നിലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും റഷ്യ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു.
കപ്പലിനു നേരേ മിസൈല്‍ ആക്രമണം നടത്തിയതായി ഒഡെസ ഗവര്‍ണര്‍ പറഞ്ഞിരുന്നു. തിരിച്ചടിയായി കീവിലെ കമാന്‍ഡ് സെന്ററുകള്‍ ആക്രമിക്കുമെന്ന് മോസ്‌കോ ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് കീവില്‍ അപായ സൈറണുകള്‍ മുഴക്കുകയും ചെയ്തിരുന്നു.
മരിയുപോള്‍, ഒഡെസ തീരങ്ങള്‍ ആക്രമിക്കുന്നതിനാണ് മോസ്‌ക്വയ നിയോഗിക്കപ്പെട്ടിരുന്നത്. തന്ത്രപ്രധാനമായ സ്നേക്ക് ഐലന്‍ഡ് പിടിച്ചെടുക്കുന്നതിലും ഈ കപ്പല്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മുമ്പ് സിറിയ സംഘര്‍ഷത്തിലും ഈ കപ്പല്‍ വിന്യസിക്കപ്പെട്ടിരുന്നു.
യുദ്ധം ഏഴാം ആഴ്ചയിലേക്ക് കടന്നതോടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയിനിന് 800 മില്യണ്‍ ഡോളറിന്റെ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചു. ഹെലികോപ്റ്ററുകളും കവചിത വാഹനങ്ങളും ഉള്‍പ്പെടുന്നതാണ് പാക്കേജ്. കൂടാതെ റഷ്യയുമായുള്ള സംഘര്‍ഷം ആണവ പോരാട്ടത്തിലേക്കു വഴിമാറുമെന്നു ഭയന്ന് വാഷിംഗ്ടണ്‍ മുമ്പ് യുക്രെയിനിലേക്ക് അയയ്ക്കാന്‍ വിസമ്മതിച്ച ചില ഉപകരണങ്ങളും ഉള്‍പ്പെടുന്നു.
റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികള്‍ക്കു പ്രാമുഖ്യമുള്ള ഡൊനെറ്റ്സ്‌ക്, ലുഗാന്‍സ്‌ക് പ്രദേശങ്ങള്‍ കൈയടക്കി അധിനിവേശ ക്രിമിയയിലേക്ക് റഷ്യയില്‍ നിന്ന് ഡോണ്‍ബാസിലേക്കുള്ള ഒരു അഖണ്ഡ ഇടനാഴി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ റഷ്യന്‍ സേന.
SUMMARY: Russia's flagship warship Moskvia, which is leading a naval attack on Ukraine from the Black Sea, has crashed in a Ukrainian missile attack. Russia has said it has tried to pull the ship ashore but to no avail.
COMMENTS