It is alleged that the police are trying to settle the case of Ibrahim Shabeer beating up girls in public road
സ്വന്തം ലേഖകന്‍
മലപ്പുറം : മലപ്പുറത്ത് പ്രമുഖ മുസ്ലിം ലീഗ് നേതാവിന്റെ മകന്‍ സി.എച്ച്. ഇബ്രാഹിം ഷബീര്‍ നടുറോഡില്‍ പെണ്‍കുട്ടികളെ തല്ലിയ കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപണം.
പൊതു നിരത്തില്‍ മര്‍ദ്ദനമേറ്റ പെണ്‍കുട്ടികള്‍ തന്നെയാണ് ഈ ആരോപണം ഉന്നയിക്കുന്നത്. അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് ഇയാള്‍ പെണ്‍കുട്ടികളുടെ മുഖത്ത് ആവര്‍ത്തിച്ച് അടിക്കുകയായിരുന്നു. മര്‍ദ്ദന ദൃശ്യങ്ങള്‍ കണ്ടുനിന്നവര്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു. ഈ മാസം 16നായിരുന്നു സംഭവം.
സംഭവദിവസം വൈകിട്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കി. തുടക്കം മുതല്‍ പൊലീസ് പ്രതികള്‍ക്ക് അനുകൂല നിലപാടാണ് എടുത്തതെന്ന് യുവതികള്‍ പറയുന്നു.
പരാതിക്കാരെയും പ്രതിയേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വൈകുന്നേരം നാലു മണിയോടെ പെണ്‍കുട്ടികള്‍ സ്റ്റേഷനിലെത്തി. രാത്രി ഏഴര വരെ പ്രതി വരുന്നതിനായി പെണ്‍കുട്ടികള്‍ക്കു കാത്തുനില്‍ക്കേണ്ടിവന്നു.
നോമ്പുതുറന്ന ശേഷമേ സ്റ്റേഷനിലെത്താനാവൂ എന്ന നിലപാടിലായിരുന്നു പ്രതി. സഹോദരിമാരായ പരാതിക്കാരായ പെണ്‍കുട്ടികളും നോമ്പ് തുറക്കേണ്ടവര്‍ തന്നെയായിരുന്നു. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം പ്രതി എത്തിയപ്പോള്‍ പൊലീസ് ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചെന്നും യുവതികള്‍ പറയുന്നു.
ഈ കേസില്‍ ദുര്‍ബലമായ എഫ്ഐആറാണ് പൊലീസ് തയ്യാറാക്കിയത്. തങ്ങളുടെ മൊഴി പൂര്‍ണമായും രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ലെന്നും യുവതികള്‍ ആരോപിച്ചു. സംഭവം വാര്‍ത്തയായതോടെ, മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് ഇപ്പോള്‍ തേഞ്ഞിപ്പലം സി.ഐ പറയുന്നു.
അന്നു പെണ്‍കുട്ടികള്‍ നല്‍കിയ മൊഴി പ്രകാരമാണ് കേസെടുത്തതതെന്നാണ് സി ഐ പറയുന്നത്. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ യുവതികള്‍ അന്ന് പറഞ്ഞിരുന്നില്ലെന്നും വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്നും വീണ്ടും അന്വേഷണം നടത്തുമെന്നും സി.ഐ പറയുന്നു.
പ്രതി അപകടകരമായി വാഹനമോടിച്ചപ്പോള്‍ പ്രതികരിക്കാന്‍ നില്ക്കാതെ വന്നു കേസു കൊടുക്കുകയായിരുന്നു വേണ്ടതെന്നാണ് തേഞ്ഞിപ്പലം പൊലീസ് പെണ്‍കുട്ടികളെ ഉപദേശിച്ചത്.
കോഴിക്കോടു നിന്ന് പരപ്പനങ്ങാടിയിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു സഹോദരിമാര്‍. പാണമ്പ്രയില്‍ വച്ച് അമിത വേഗതയിലെത്തിയ കാര്‍ ഇടതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തത് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഇയാള്‍ ഇറങ്ങിവന്ന് ഇവരുടെ മുഖത്ത് തുടരെ തുടരെ അടിച്ചത്. നാട്ടുകാര്‍ ചോദ്യം ചെയ്യുകയും വീഡിയോ എടുക്കുകയും ചെയ്തതോടെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു.
COMMENTS