Gujarat Titans beat Rajasthan Royals by 37 runs to top the points table in the IPL
മുംബയ്: രാജസ്ഥാന്‍ റോയല്‍സിനെ 37 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ഗുജറാത്ത് ഉയര്‍ത്തിയ 193 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. 24 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 54 റണ്‍സ് എടുത്ത ഓപ്പണര്‍ ജോസ് ബട്‌ലറാണ് രാജസ്ഥന്റെ ടോപ് സ്‌കോറര്‍.
രണ്ടാം ഓവറില്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ അരങ്ങേറ്റക്കാരന്‍ യഷ് ദയാല്‍ മടക്കിയെങ്കിലും ബട്ലറുടെ വെടിക്കെട്ടില്‍ രാജസ്ഥാന്‍ അനായാസം വിജയത്തിലെത്തുമെന്നു തോന്നിച്ചു.
എന്നാല്‍ ഫെര്‍ഗൂസന്‍ അവസരത്തിനൊത്തുയര്‍ന്ന് ബട്ലറെ പുറത്താക്കി മത്സരം ഗുജറാത്തിന്റെ വരുതിയിലാക്കി. യാഷ് ദയാല്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഗുജറാത്തിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ 192 റണ്‍സെടുത്തു. ക്യാപ്ടന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഗംഭീര പ്രകടനമാണ് ഗുജറാത്ത് ഇന്നിംഗ്സില്‍ സുപ്രധാനമായത്. അവസാന മൂന്ന് ഓവറുകളില്‍ 47 റണ്‍സാണ് മില്ലറും ഹര്‍ദിക്കും ചേര്‍ന്ന് അടിച്ചെടുത്തത്. 52 പന്തില്‍ എട്ട് ഫോറും നാല് സിക്സും സഹിതം 87 റണ്‍സാണ് ഹര്‍ദിക് അടിച്ചു കൂട്ടിയത്.
ഇന്നത്തെ പരാജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേയ്ക്കു വീണു. രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്.
COMMENTS