Emmanuel Macron was re-elected French President by a large margin. Macron defeated his rival, Marine Le Pen, by 58.55 percent of the vote
ന്യൂസ് ഡെസ്ക്
പാരിസ്: ഫ്രഞ്ച് പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ വന്‍ മാര്‍ജിനില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 58.55 ശതമാനം വോട്ടു നേടിയാണ് എതിരാളിയായ മറൈന്‍ ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തിയത്. 41.45% വോട്ടാണ് ലെ പെന്നിനു ലഭിച്ചത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി ഞാന്‍ എല്ലാവരുടെയും പ്രസിഡന്റ്' ആയിരിക്കുമെന്ന് ഈഫല്‍ ടവറിന്റെ ചുവട്ടില്‍ ആഹ്ലാദഭരിതരായ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് മാക്രോണ്‍ പറഞ്ഞു.
20 വര്‍ഷത്തിനിടെ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സിറ്റിംഗ് പ്രസിഡന്റാണ് മാക്രോണ്‍.
തോറ്റെങ്കിലും, 53 കാരിയായ ലെ പെന്‍ തനിക്കു കിട്ടിയ ഗണ്യമായ വോട്ട് വിഹിതം വലിയ വിജയം തന്നെയാണെന്നു പ്രതികരിച്ചു.
ഉയര്‍ന്ന ജീവിതച്ചെലവ് കൈകാര്യം ചെയ്യുന്നതിനുള്ള നികുതിയിളവ്, പൊതുസ്ഥലത്ത് മുസ്ലിം ശിരോവസ്ത്രം ധരിക്കുന്നതിനുള്ള നിരോധനം, കുടിയേറ്റ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഹിതപരിശോധന തുടങ്ങിയവായിരുന്നു ലെ പെന്‍ ഉയര്‍ത്തിയ പ്രധാന വിഷയങ്ങള്‍. 2011-ല്‍ പിതാവ് ജീന്‍ മേരി ലെ പെന്‍ സ്ഥാപിച്ച പാര്‍ട്ടിയെ നയിക്കുന്ന മറൈന്‍ ലെ പെന്‍ 13 ദശലക്ഷത്തിലധികം വോട്ട് നേടി.
ഇതേസമയം, മൊത്തം വോട്ടര്‍മാരുടെ മൂന്നിലൊന്ന് ഇക്കുറി വോട്ട് രേഖപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമാണ്. പോളിംഗ് 72 ശതമാനത്തില്‍ താഴെയായിരുന്നു. 1969 ന് ശേഷമുള്ള ഒരു പ്രസിഡന്‍ഷ്യല്‍ റണ്‍-ഓഫിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ആണിത്. കൂടാതെ മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ അസാധു വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
കുറഞ്ഞ പോളിംഗ് ശതമാനം, ഒരു സ്ഥാനാര്‍ത്ഥിയും തങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ലെന്നു പരാതിപ്പെട്ട വലിയൊരു വിഭാഗം വോട്ടര്‍മാരുടെ നിസ്സംഗതയാണ് പ്രതിഫലിപ്പിക്കുന്നതെന്നു നിരീക്ഷകര്‍ പറയുന്നു.
രണ്ടാഴ്ച മുമ്പ് നടന്ന ആദ്യ റൗണ്ട് വോട്ടിംഗില്‍ ലെ പെന്നിനോട് നേരിയ തോതില്‍ പരാജയപ്പെട്ട തീവ്ര ഇടതുപക്ഷ നേതാവ് ജീന്‍-ലൂക്ക് മെലെന്‍ചോണ്‍ രണ്ട് സ്ഥാനാര്‍ത്ഥികളെയും രൂക്ഷമായി വിമര്‍ശിച്ചു.
COMMENTS