സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഭക്ഷണം വാങ്ങാനായി ഉക്രെയിനിലെ ഖാര്‍കിവില്‍ കടയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴാണ് കര്‍ണാടകത്തില്‍ നിന്നുള്ള...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഭക്ഷണം വാങ്ങാനായി ഉക്രെയിനിലെ ഖാര്‍കിവില്‍ കടയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴാണ് കര്‍ണാടകത്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (25) കൊല്ലപ്പെട്ടതെന്നു സുഹൃത്തുക്കള്‍.
നവീന്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, റഷ്യന്‍ സേനയുടെ ബോംബാക്രമണത്തിലോ വെടിവയ്പ്പിലോ ആണ് മരണമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
ഭക്ഷണത്തിനും പണത്തിനുമായി പുറത്തേക്ക് പോകുന്നതിന് തൊട്ടുമുമ്പ്, നവീന്‍ നാട്ടില്‍ വിളിച്ച് അച്ഛന്‍ ശേഖര്‍ ഗൗഡയുമായി സംസാരിച്ചിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള മറ്റു ചിലര്‍ക്കൊപ്പം താന്‍ കഴിയുന്ന ബങ്കറില്‍ ഭക്ഷണമോ വെള്ളമോ അവശേഷിക്കുന്നില്ലെന്ന് നവീന്‍ അച്ഛനോടു പറഞ്ഞിരുന്നു.
ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. കര്‍ണാടകയിലെ ഹവേരിയില്‍ നിന്നുള്ള നവീന്‍, റഷ്യന്‍ സൈനികര്‍ തകര്‍ത്ത ഒരു പ്രമുഖ സര്‍ക്കാര്‍ കെട്ടിടത്തിന് സമീപമാണ് താമസിച്ചിരുന്നത്.
ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയമാണ് നവീന്റെ മരണ വിവരം സ്ഥിരീകരിച്ചത്. 'ഇന്ന് രാവിലെ ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന വിവരം അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു.മന്ത്രാലയം അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,' എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തത്.
കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും നവീന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.
നവീന്‍ ഭക്ഷണം കഴിക്കാനാണ് പോയതെന്ന് ഖാര്‍കിവിലെ സ്റ്റുഡന്റ് കോര്‍ഡിനേറ്ററായ പൂജ പ്രഹരാജ പറഞ്ഞു. ഹോസ്റ്റലില്‍ മറ്റുള്ളവര്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുന്നുണ്ട്. നവീന്‍ ഗവര്‍ണര്‍ ഹൗസിന് തൊട്ടുപിന്നിലെ ഒരു ഫ് ളാറ്റിലാണ് താമസം. രണ്ടു മണിക്കൂറോളം ഭക്ഷണത്തിനായി ക്യൂ നിന്നപ്പോഴാണ് വ്യോമാക്രമണമുണ്ടായത്. ഗവര്‍ണറുടെ ഔദ്യോഗിക വസതി ഉന്നമിട്ടുള്ള ബോംബാക്രമണത്തില്‍ നവീനും കൊല്ലപ്പെടുകയായിരുന്നുവെന്ന് പൂജ പറഞ്ഞു.
ഒരു ഉക്രേനിയന്‍ സ്ത്രീയാണ് നവീന്റെ ഫോണ്‍ എടുത്തത്. അപ്പോഴാണ് മരണവാര്‍ത്ത അറിഞ്ഞതെന്ന് സ്റ്റുഡന്റ് പൂജ പ്രഹരാജ പറഞ്ഞു. ഈ ഫോണിന്റെ ഉടമയെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുകയാണെന്നാണ് ആ സ്ത്രീ പറഞ്ഞതെന്ന് പൂജ അറിയിച്ചു.
എന്നാല്‍, സുഹൃത്ത് ശ്രീധരന്‍ ഗോപാലകൃഷ്ണന്‍ മറ്റൊരു വിവരണമാണ് നല്കുന്നത്. നവീനെ അവസാനമായി കണ്ടത് 8.30 ഓടെയാണ്. പലചരക്ക് കടയ്ക്ക് മുന്നില്‍ ക്യൂവില്‍ നില്‍ക്കവേ, റഷ്യന്‍ സൈന്യം ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആര്‍ക്കും ആശുപത്രി സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ശ്രീധരന്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Summary: Friends say Naveen Sekharappa Jnanagoudar, 25, a medical student from Karnataka, was killed while queuing in front of a shop in Kharkiv, Ukraine, to buy food.
COMMENTS