സ്വന്തം ലേഖകന്‍ മുംബയ് : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കോവിഡ് ബാധിച്ചു ചികിത്സയ്ക്കിടെയാണ് അന്ത്യം. ക...
സ്വന്തം ലേഖകന്‍
മുംബയ് : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കോവിഡ് ബാധിച്ചു ചികിത്സയ്ക്കിടെയാണ് അന്ത്യം.
കോവിഡ്-19 പോസിറ്റീവായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് മങ്കേഷ്കറിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോയത്.
ഭാരതരത്ന, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരങ്ങള്‍ നല്കി രാഷ്ട്രം വിഖ്യാത ഗായികയെ ആദരിച്ചിട്ടുണ്ട്.
ഹിന്ദി സിനിമയ്ക്ക് ഒരു കാലത്ത് ലതയുടെ പാട്ടുകള്‍ അവിഭാജ്യ ഘടകമായിരുന്നു. മറാത്തി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും അവര്‍ പാടി.
പ്രമുഖ സംഗീത കുടുംബത്തില്‍ ജനിച്ച ലതാ മങ്കേഷ്കര്‍ നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തു. 'ഇന്ത്യയുടെ വാനമ്പാടി' എന്നാണ് സംഗീതലോകം ആരാധനയോടെ അവരെ വിളിച്ചിരുന്നത്.
1929ല്‍ ജനിച്ച ലതാ മങ്കേഷ്കര്‍ അഞ്ച് സഹോദരങ്ങളില്‍ മൂത്തവളായിരുന്നു. ഗായിക ആശാ ഭോണ്‍സ്ലെ സഹോദരിയാണ്. ആശാ ഭോണ്‍സ്ലെ കഴിഞ്ഞ ദിവസവും ആശുപത്രിയിലെത്തി സഹോദരിയുടെ രോഗവിവരം അന്വേഷിച്ചിരുന്നു.
ശാസ്ത്രീയ സംഗീതജ്ഞന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറാണ് അച്ഛന്. ലതാ മങ്കേഷ്കറുടെ ആദ്യ ഗുരുവും അച്ഛന് തന്നെ. 1942-ല്‍ അച്ഛന് മരിച്ചതിനു ശേഷം പതിമൂന്നുകാരിയായ ലതാ മങ്കേഷ്കര്‍ തന്റെ സംഗീത ജീവിതം ആരംഭിക്കുകയായിരുന്നു. മറാത്തി സിനിമകളിലെ അഭിനയ ഭാഗങ്ങള്‍ക്കൊപ്പം പാട്ടുപാടിക്കൊണ്ടായിരുന്നു തുടക്കം.
1945-ല്‍ മധുബാല അഭിനയിച്ച മഹല്‍ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ... എന്ന ഗാനമാണ് ലതാ മങ്കേഷ്കറുടെ ആദ്യ ഹിറ്റ് ഗാനം. അവിടെ നിന്ന് ലതാ മങ്കേഷ്കറുടെ ശബ്ദം ഇന്ത്യന്‍ സിനിമയ്ക്കൊപ്പം വളരുകയായിരുന്നു.
ബൈജു ബാവ്റ, മദര്‍ ഇന്ത്യ, മുഗള്‍-ഇ-അസം തുടങ്ങിയ ചിത്രങ്ങളില്‍ നൗഷാദിന്റെ രാഗാധിഷ്ഠിത രചനകള്‍ അവര്‍ ആലപിച്ചു, ബര്‍സാത്, ശ്രീ 420 എന്നിവയിലെ ശങ്കര്‍-ജയ്കിഷന്റെ മെലോഡിക് ഹിറ്റുകള്‍; സലില്‍ ചൗധരിയുടെ മധുമതിയിലെ ഗാനങ്ങള്‍ തുടങ്ങിയവ എന്നും ആരാധകര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ്.
മധുമതി, ബീസ് സാല് ബാദ്, ഖണ്ഡാന്‍, ജീന്‍ കി റാഹ് എന്നിവയിലൂടെ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ അവരെ തേടി വന്നു. പരിചയ്, കോരാ കാഗസ്, ലേകിന് എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ ലതാ മങ്കേഷ്ക്കറിന് ലഭിച്ചു. പക്കീസാ, അഭിമാന്, അമര്‍ പ്രേം, ആന്ധി, സില്‍സില, ചാന്ദ്നി, സാഗര്‍, റുദാലി, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്നീ ചിത്രങ്ങളിലും ലതാ മങ്കേഷ്കറുടെ അവിസ്മരണീയ മുദ്ര ചാര്‍ത്തിയ ഗാനങ്ങളുണ്ട്.
ലതാ മങ്കേഷ്കറിന്റെ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്നാണ് ദേശഭക്തി രചനയായ ഏ മേരെ വതന്‍ കെ ലോഗോ... 1962ലെ ചൈനയുമായുള്ള യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരെ അനുസ്മരിക്കുന്ന ഈ ഗാനം 1963ലെ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി എസ് രാധാകൃഷ്ണന്റെയും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെയും സാന്നിധ്യത്തില്‍ ലതാ മങ്കേഷ്കര്‍ ആലപിച്ചത് രാഷ്ട്രം എ്ന്നും ഓര്‍ക്കുന്നു.ലതാ മങ്കേഷ്കര്‍ ഒരുപിടി മറാത്തി സിനിമകള്‍ക്ക് സംഗീതവും നല്കി. 1965-ല്‍ സധി മാനസേ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായികയ്ക്കുള്ള മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടി.
Summary: India's nightingale Lata Mangeshkar passes away He was 92 years old. Kovid was infected and died during treatment.
COMMENTS