സ്വന്തം ലേഖകന്‍ കൊച്ചി: മലയാള സിനിമയുടെ പകരം വയ്ക്കാനില്ലാത്ത അഭിനയത്തികവായിരുന്ന കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കരള്‍ രോഗ ബാധയ...
സ്വന്തം ലേഖകന്‍
കൊച്ചി: മലയാള സിനിമയുടെ പകരം വയ്ക്കാനില്ലാത്ത അഭിനയത്തികവായിരുന്ന കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു.
കരള്‍ രോഗ ബാധയെ തുടര്‍ന്ന് നീണ്ട ചികിത്സയ്ക്കു ശേഷം തൃപ്പൂണിത്തറയിലെ വസതിയില്‍ വച്ച് ഇന്നു രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്.
ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ പല തവണ ലളിത എന്ന അഭിനയ വിസ്മയത്തെ തേടി എത്തിയിട്ടുണ്ട്.
സ്വയംവരം, കൊടിയേറ്റം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, ദശരഥം, പൊന്‍മുട്ടയിടുന്ന താറാവ്, വെങ്കലം, ഗോഡ്ഫാദര്‍, അനിയത്തിപ്രാവ്, അമരം, വടക്കു നോക്കി യന്ത്രം തുടങ്ങി 550ല്‍ പരം ചിത്രങ്ങളിലാണ് അഭിനയിച്ചത്. തമിഴിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിരുന്നു. മഹേശ്വരി അമ്മ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കെ.പി.എ.സി നാടക സമിതിയിലൂടെ കലാരംഗത്ത് സജീവമായ അവര്‍ പില്ക്കാലത്ത് നാടകസംഘത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്തു.
ശബ്ദം കൊണ്ടു പോലും വിസ്മയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭ
മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ കെ പി എ സി ലളിതയെ തേടിയെത്തി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം ലഭിച്ചത്.
നീല പൊന്‍മാന്‍, ആരവം, കടിഞ്ഞൂല്‍കല്യാണം, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി. നിരവധി ടിവി പരമ്പരകളിലും വേഷമിട്ടു.
1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം കഴിച്ചു. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനും സംവിധായകനുമാണ്. ശ്രീക്കുട്ടി മകളാണ്.
രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ആലപ്പുഴയിലെ കായംകുളത്ത് ജനിച്ചു.
ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ നാടകത്തില്‍ അഭിനയിച്ചു.
Summary: KPAC Lalitha, the irreplaceable actress of Malayalam cinema, has passed away. She was 74 years old. She died at her residence in Tripunithura tonight after a long treatment due to a liver ailment.Lalitha has won many national and state awards for her acting prowess.
COMMENTS