In the first ODI, India defeated the West Indies by six wickets
അഹമ്മദാബാദ് : നാട്ടില്‍ പുലികളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ട് ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ആറു വിക്കറ്റിനു കടപുഴക്കി.
സ്കോര്‍
വെസ്റ്റ് ഇന്‍ഡീസ് 176 എല്ലാവരും പുറത്ത് (43.5 ഓവര്‍)
ഇന്ത്യ 178/4 (28 ഓവര്‍)
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 176 റണ്‍സ് എന്ന സ്കോര്‍ ഇന്ത്യ ഇടയ്ക്കൊന്നു പതറിയെങ്കിലും പിന്നീട് അനായാസം മറികടക്കുകയായിരുന്നു.
മികച്ച തുടക്കമാണ് ക്യാപ്ടന് രോഹിത് ശര്‍മ നല്‍കിയത്. 51 പന്തില്‍ 10 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 60 റണ്‍സെടുത്ത ശര്‍മയെ അല്‍സാരി ജോസഫ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു.
ഓപ്പണിംഗ് ജോഡിയായി ഇറങ്ങിയ ഇഷാന് കിഷന് 36 പന്തില്‍ 28 റണ്‍സെടുത്തു. അകീല്‍ ഹോസീന്റെ പന്തില്‍ ഫാബിയന്‍ അലന് പിടികൂടിയാണ് ഇഷാന് പുറത്തായത്.
മുന്‍ ക്യാപ്ടന് വിരാട് കോലി രഞ്ജിയോ മറ്റോ കളിച്ചു കഴിവ് തെളിയിക്കേണ്ട സ്ഥിതിയാണ്. നാലു പന്തില്‍ എട്ടു റണ്‍സുമായി കോലി മടങ്ങി. അല്‍സാരി ജോസഫിന്റെ പന്തില്‍ ഖെമര്‍ റോഷ് പിടിച്ചാണ് മുന്ക്യാപ്ടന്റെ മടക്കം.
റിഷഭ് പന്തും (11) നിരാശപ്പെടുത്തി. പിന്നീട് ഒത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവും (34) ദീപക് ഹൂഡയും (26) ചേര്‍ന്ന് വിജയം അനായാസമാക്കി.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 43.5 ഓവറില്‍ 176 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
57 റണ്‍സെടുത്ത ജേസന്‍ ഹോള്‍ഡറാണ് സന്ദര്‍ശകരുടെ ടോപ്പ് സ്കോറര്‍.
വാലറ്റത്ത് ഫാബിയന്‍ അലന് 43 പന്തില്‍ 29 റണ്‍സും അല്‍സാരി ജോസഫ് 16 പന്തില്‍ 13 റണ്‍സുമെടുത്തു നടത്തിയ ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിന് ഈ നിലയിലെങ്കിലും എത്താന്‍ സഹായകമായത്.
ഇന്ത്യയ്ക്കു വേണ്ടി യുസ്വേന്ദ്ര ചഹല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
Summary: In the first ODI, India defeated the West Indies by six wickets.
COMMENTS