സ്വന്തം ലേഖകന്‍ കൊച്ചി : നടിയെ ആക്രമിച്ച് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ട...
സ്വന്തം ലേഖകന്‍
കൊച്ചി : നടിയെ ആക്രമിച്ച് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടാളികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും.
ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ ഇന്നു പൂര്‍ത്തിയായി. രണ്ടു കൂട്ടര്‍ക്കും കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നാളെ രാവിലെ 9.30ന് രേഖാമൂലം അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതുകൂടി പരിഗണിച്ച ശേഷം തിങ്കളാഴ്ച്ച രാവിലെ 10.15ന് വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസില്‍ ദിലീപാണ് ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പു എന്ന കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.
ഇന്ന് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് നിരത്തിയത്. കോടതി പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുവെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുത്തുമെന്നും വരെ പ്രോസിക്യൂഷന്‍ വാദിച്ചു.
ദിലീപിനും കൂട്ടുപ്രതികള്‍ക്കും മാത്രം എന്താണ് ഇത്രയും പ്രത്യേകതയെന്നും പ്രോസിക്യൂഷന്‍ കോടതിയോടു ചോദിച്ചു. ഉന്നതരായ പ്രതികള്‍ക്കു ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടും. കേസന്വേഷണവുമായി പ്രതികള്‍ നിസ്സഹകരിക്കുന്നു.
ബാലചന്ദ്രകുമാര്‍ ആരോപണം ഉയര്‍ത്തിയ ഉടന്‍ പ്രതികള്‍ ഫോണുകള്‍ മാറ്റി. കോടതിയില്‍ ഹാജരാക്കിയ ഫോണിന്റെ അണ്‍ ലോക്ക് പാറ്റേണ്‍ മാറ്റാന്‍ പോലും പ്രതികള്‍ അനുവദിക്കുന്നില്ല.
ഗൂഢാലോചനയുടെ നടന്നുവെന്നതിനു വ്യക്തമായ തെളിവാണിത്. ബൂാലചന്ദ്ര കുമാറിന്റെ മൊഴിയിലെ ചെറിയ വൈരുദ്ധ്യങ്ങള്‍ മുന്‍നിര്‍ത്തി ജാമ്യാപേക്ഷയിന്‍ മേല്‍ തീരുമാനമെടുക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്കിയ ആളാണ് ദിലീപ്. ഇതിനായി ബുദ്ധിപൂര്‍വ്വം ഗൂഢാലോചന നടത്തി. അസാധാരണമായ കേസാണിതെന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
പ്രതികളുടെ മുന്‍കാല പശ്ചാത്തലം പരിശോധിക്കണം. വധശ്രമം സംബന്ധിച്ച ഗൂഢാലോചന പുറത്തു വരാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല. ബാലചന്ദ്രകുമാറും ക്രൈംബ്രാഞ്ചും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന പ്രതിഭാഗത്തിന്റെ വാദം വസ്തുതാവിരുദ്ധമാണ്.
വധശ്രമ ഗൂഢാലോചനയെ കുറിച്ചു വ്യക്തമായ തെളിവു ലഭിച്ചതു പ്രകാരമാണ് ബൈജു പൗലോസ് പരാതി നല്കിയത്.
ദിലീപും പ്രതികളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുക്കണമെന്ന് തീരുമാനമെടുത്തിരുന്നു. നല്ല പണി കൊടുക്കുമെന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.
പ്രോസിക്യൂഷന്‍ പൊലീസിന്റെ കോളാമ്പിയാകരുതെന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമന്‍ പിള്ള വാദമദ്ധ്യേ പറഞ്ഞു. കുറ്റസമ്മതം നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. തന്നോട് പൊലീസിന് വിരോധമുണ്ടെന്നും ദിലീപ് ആരോപിച്ചു. മൂന്ന് ദിവസം തുടര്‍ച്ചയായി 11 മണിക്കൂര്‍ വീതം ചോദ്യം ചെയ്തിട്ടും അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് പറയുന്നത്. കോടതിയില്‍ വച്ച് ഒരു ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.
Summary: The High Court of Kerala will rule on Monday on the anticipatory bail application of actor Dileep and his associates in the case of attacking the actress and plotting to assassinate the investigating officers.
COMMENTS