ബംബോലിം : രണ്ട് പെനല്‍റ്റി ഉള്‍പ്പെടെ എതിരില്ലാത്ത മൂന്നു ഗോളിന് കേരള ബ്ളാസ്റ്റേഴ്സിനെ ജംഷഡ്പൂര്‍ എഫ് സി വീഴ്ത്തി. ഇതോടെ, 14 കളിയില്‍ 23 ...
ബംബോലിം : രണ്ട് പെനല്‍റ്റി ഉള്‍പ്പെടെ എതിരില്ലാത്ത മൂന്നു ഗോളിന് കേരള ബ്ളാസ്റ്റേഴ്സിനെ ജംഷഡ്പൂര്‍ എഫ് സി വീഴ്ത്തി. ഇതോടെ, 14 കളിയില്‍ 23 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേയ്ക്കു വീണു.
കേരളം സീസണിലെ മൂന്നാം തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ബ്ളാസ്റ്റേഴ്സ് ശക്തമായ ചെറുത്തുനില്‍പ്പായിരുന്നു നടത്തിയത്. എന്നാല്‍, ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ വഴങ്ങിയ പെനല്‍റ്റിയിലൂടെ കളി ബ്ളാസ്റ്റേഴ്സിന്റെ കൈയില്‍ നിന്നു പോവുകയായിരുന്നു.പെനല്‍റ്റിയിലൂടെ രണ്ട് ഗോളും ഗ്രെഗ് സ്റ്റുവര്‍ട്ടാണ് നേടിയത്. ഡാനിയേല്‍ ചുക്കുവാണ് മൂന്നാം ഗോള്‍ വീഴ്ത്തിയത്.
പ്രതിരോധ നിരയില്‍ റുയ്-വാ ഹോര്‍മിപാമിന് പകരം എണെസ് സിപോവിച്ചിനെയാണ് ഇന്നു ബ്ളാസ്റ്റേഴ്സ് പരീക്ഷിച്ചത്. നിഷു കുമാറിന് പകരം ധെനെചന്ദ്ര മീട്ടിയാണ് ഇറങ്ങിയത്. മാര്‍കോ ലെസ്കോവിച്ച്, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ ആയുഷ് അധികാരിക്ക് പകരം പുയ്ട്ടിയ തിരിച്ചെത്തുകയും ചെയ്തു.
43ാം മിനിറ്റില്‍ സ്റ്റുവര്‍ട്ടിനെ ബോക്സില്‍ ധെനെചന്ദ്ര വലിച്ചിട്ടു. ഇതോടെ ജംഷഡ്പൂരിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. സ്റ്റുവര്‍ട്ടിന്റെ കിക്ക് കൃത്യമായി വലയിലേക്ക് എത്തുകയും ചെയ്തു.
രണ്ടാം പകുതിയില്‍ മധ്യനിരയില്‍ വിന്‍സി ബരെറ്റോയ്ക്ക് പകരം കെ പ്രശാന്തിനെ ബ്ളാസ്റ്റേഴ്സി ഇറക്കി. രണ്ടാംപകുതി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ബോറിസ് സിങ്ങിന്റെ വലതു പാര്‍ശ്വത്തിലൂടെയുള്ള അപകടരമായ മുന്നേറ്റം തടയാനുള്ള ലെസ്കോവിച്ചിന്റെ ശ്രമം പെനല്റ്റിയിലെത്തി.
ഫൗളെന്ന സംശയം വന്നെങ്കിലും ജംഷഡ്പൂരിന് അനുകൂലമായി റഫറി വിസിലൂതി. കിക്കെടുത്ത സ്റ്റുവര്‍ട്ട് രണ്ടാമതും വല കുലുക്കി. ഇതോടെ, കേരളം തളര്‍ന്നു.
ഇതിനിടെ ബാറിസിന്റെ ഫ്രീകിക്കില്‍നിന്നുള്ള ചുക്ക്വുവിന്റെ കരുത്തുറ്റ ഷോട്ട് പ്രഭ്സുഖന്‍ ഗില്ലിന് തടയാനായില്ല. അങ്ങനെ മൂന്നു ഗോളിന് ബ്ളാസ്റ്റേഴ്സ് പരാജയം സമ്മതിക്കുകയായിരുന്നു.
COMMENTS