സ്വന്തം ലേഖകന്‍ കൊച്ചി : കോടതി അനുമതി കിട്ടിയതിനു പിന്നാലെ നടന് ദിലീപിനെ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ ചോദ്യം ചെയ്യാന്‍ അന്വേഷക സംഘം ഒരുക്കം...
സ്വന്തം ലേഖകന്‍
കൊച്ചി : കോടതി അനുമതി കിട്ടിയതിനു പിന്നാലെ നടന് ദിലീപിനെ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ ചോദ്യം ചെയ്യാന്‍ അന്വേഷക സംഘം ഒരുക്കം തുടങ്ങി.
വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് നീക്കം. കിട്ടിയ അവസരം മുതലെടുത്ത് ദിലീപിനെതിരായ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷക സംഘത്തിന്റെ ലക്ഷ്യം. ദിലീപില്‍ നിന്നു വേണ്ടത്ര വിവരങ്ങള്‍ ശേഖരിച്ച ശേഷം കേസിലെ മറ്റു പ്രതികളെ കൂടി ഇരുത്തി ചോദ്യം ചെയ്യാനും ആലോചനയുണ്ട്.
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മണി മുതല്‍ രാത്രി എട്ടു മണി വരെ ദിലീപിനെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്. അതിനു മുന്‍പ് പരമാവധി വിവരങ്ങള്‍ ശേഖരിച്ച ശേഷം അതിന്റെ കൂടി അടിസ്ഥാനത്തില്‍ കോടതിയില്‍ കസ്റ്റഡി ഉള്‍പ്പെടെ ആവശ്യപ്പെട്ടേക്കും.
ദിലീപ് അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കേണ്ടിവരുമെന്നു പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തെ സ്വാധീനിച്ചാല്‍ ദിലീപിനും മറ്റുള്ളവര്‍ക്കും അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം റദ്ദാക്കുമെന്ന് കോടതിയും അറിയിച്ചിട്ടുണ്ട്.
നിലവില്‍ തെളിവുകള്‍ അപര്യാപ്തമായതിനാലാണ് അറസ്റ്റില്‍ നിന്നു ദിലീപിനും മറ്റും സംരക്ഷണം നല്‍കുന്നതെന്നും കോടതി പറഞ്ഞിരുന്നു. അതിനാല്‍ കഴിയുന്നത്ര തെളിവുകള്‍ ഹാജരാക്കുകയാണ് അന്വേഷക സംഘത്തിന്റെ ലക്ഷ്യം. മുദ്രവച്ച കവറില്‍ കിട്ടിയ തെളിവുകള്‍ പലതും അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും ഇവയെക്കുറിച്ചു കൂടുതല്‍ അന്വേഷണം വേണമെന്നു കോടതി പറഞ്ഞതും ദിലീപിന് ഫലത്തില്‍ ആശങ്കയ്ക്കു വക നല്കുന്ന കാര്യമാണ്.
Summary: After getting the permission of the court, the probe team started preparing to question actor Dileep from Sunday morning.
COMMENTS