The arrest of CJ Elsy, a section assistant from Arpookkara, is a testament to the widespread allegations that MG University is rife with corruption
സ്വന്തം ലേഖകന്‍
കോട്ടയം: എംജി സര്‍വകലാശാല അഴിമതിയുടെ കൂത്തരങ്ങാണെന്ന വ്യാപക പരാതികള്‍ക്കാണ് സെക്ഷന്‍ അസിസ്റ്റന്റ് ആര്‍പ്പൂക്കര സ്വദേശി സി.ജെ.എല്‍സിയുടെ അറസ്റ്റോടെ തെളിവാകുന്നത്.
സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ മിക്ക ആവശ്യങ്ങള്‍ക്കും പണം ചോദിക്കുന്നതായി കുറേ നാളായി പരാതിയുണ്ടായിരുന്നു. ശക്തമായ തെളിവുമായി ആരും മുന്നോട്ടു വരാതിരുന്നതാണ് നടപടിയെടുക്കാന്‍ വിജിലന്‍സിനു കഴിയാതെ പോകാന്‍ കാരണം.
പക്ഷേ, ഡിഗ്രി സര്‍ട്ടിഫിക്കറ്റിനു പോലും പണം ചോദിക്കുന്ന സ്ഥിതി സര്‍വരെയും അമ്പരപ്പിച്ചിരിക്കുകയാണ്. പിടിയിലായത് ഒരു ഉദ്യോഗ്‌സഥയാണെങ്കിലും നിരവധി പേര്‍ ഈ റാക്കറ്റില്‍ കണ്ണികളാണെന്നാണ് ലഭിക്കുന്ന വിവരം.
എല്‍സി അറസ്റ്റിലായപ്പോള്‍ തന്നെ നിരവധി ഉദ്യോഗസ്ഥര്‍ അങ്കലാപ്പിലായിട്ടുണ്ട്. തങ്ങളുടെ പേരും എല്‍സി വിജിലന്‍സിനോടു പറയുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഇതിനിടെ, ഉദ്യോഗസ്ഥരുടെ ബാങ്ക് ഇടപാടുകളും സ്വത്തു വിവരവും പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
എംബിഎ വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും നല്‍കുന്നതിനാണ് സി.ജെ.എല്‍സി കൈക്കൂലി വാങ്ങിയത്. ജയിച്ച പരീക്ഷ തോറ്റെന്നു തെറ്റിദ്ധരിപ്പിച്ചാണ് എല്‍സി പെണ്‍കുട്ടിയോടു പണം ആവശ്യപ്പെട്ടത്. തോറ്റ പരീക്ഷ താന്‍ ജയിപ്പിച്ചു തരാമെന്നും ഒന്നര ലക്ഷം രൂപ ഇതിനായി വേണമെന്നുമാണ് എല്‍സി ആവശ്യപ്പെട്ടത്.
പെണ്‍കുട്ടിയുടെ വിവാഹം അടുത്തിരിക്കുകയാണ്. പരീക്ഷ തോറ്റെന്നു വരനും കൂട്ടരും അറിഞ്ഞാല്‍ മാനക്കേടാകുമെന്നു കരുതി കൂടിയാണ് പെണ്‍കുട്ടി പണം നല്കാന്‍ തയ്യാറായത്. മാല പണയം വച്ചാണ് ഒന്നോകാല്‍ ലക്ഷം രൂപ സംഘടിപ്പിച്ചത്. ഇത് എല്‍സിയുടെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടുകൊടുത്തു.
ബാക്കി തുക നേരിട്ട് വേണമെന്ന് എല്‍സി വാശിപിടിച്ചു. ഇതിനിടെ, പെണ്‍കുട്ടി മറ്റു വഴികളിലൂടെ നടത്തിയ അന്വേഷണത്തില്‍ താന്‍ ജയിച്ചെന്നു മനസ്സിലാക്കി. ഇതോടെ, വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
വിജിലന്‍സ് നമ്പറും മറ്റും രേഖപ്പെടുത്തി നല്‍കിയ പണവുമായി സര്‍വകലാശാലയില്‍ എത്തി വിദ്യാര്‍ഥിനി എല്‍സിക്ക് പണം നല്‍കി. പിന്നാലെ എത്തിയ വിജിലന്‍സ് എല്‍സിയെ കൈയോടെ പിടികൂടുകയായിരുന്നു.
ഗുരുതര സ്വഭാവമുള്ള കേസായതിനാല്‍ ശിക്ഷിക്കപ്പെട്ടാല്‍ എല്‍സിക്കു ജോലി നഷ്ടപ്പെടുന്നതിനു വരെ സാദ്ധ്യതയുണ്ട്. കൈക്കൂലി ബാങ്ക് അക്കൗണ്ടില്‍ നല്കിയ പെണ്‍കുട്ടിക്കെതിരേയും വേണമെങ്കില്‍ കേസെടുക്കാവുന്നതാണ്.
Summary: The arrest of CJ Elsy, a section assistant from Arpookkara, is a testament to the widespread allegations that MG University is rife with corruption. There have been complaints for some time that the university is asking for money for most needs, including a certificate. The reason Vigilance was unable to take action was because no one came forward with strong evidence.
COMMENTS