The High Court has observed that the allegation that actor Dileep and his associates conspired to assassinate the police difficult to substantiate
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ഓടുന്ന വാഹനത്തിലിട്ടു ക്രൂരമായി പീഡിപ്പിച്ച സംഭവം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന് ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയെന്ന ആരോപണം നിലനില്ക്കാന് ബുദ്ധിമുട്ടാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു.
ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാല്‍ പറഞ്ഞാല്‍ ഗൂഢാലോചന കുറ്റം ചുമത്താനാകില്ല. കുറ്റം ചുമത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് അത്തരത്തില്‍ ഏതെങ്കിലും ശ്രമം തെളിയിക്കപ്പെടണമെന്നും ജസ്റ്റിസ് പി.ഗോപിനാഥ് വ്യക്തമാക്കി.
ഇന്നു പ്രത്യേക സിറ്റിങ് നടത്തിയാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. ഓണ്‍ ലൈനില്‍ വാദം കേള്‍ക്കുന്നത് ഒഴിവാക്കി വിശദമായ വാദം കേള്‍ക്കാന്‍ സമയം വേണമെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് നേരിട്ടു വാദം കേള്‍ക്കാനായി മാറ്റിയത്.
ഈ സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണം അന്വേഷിക്കാം. ഇതിനു സഹായകകമായ സുപ്രീംകോടതി ഉത്തരവുകളുണ്ട്. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണെന്നും കോടതി ഓര്‍മിപ്പിച്ചു. വെറുതെ കൊല്ലുമെന്നു പറഞ്ഞാല്‍ അതു പ്രേരണയായി കണക്കാക്കാനാവില്ല.
ഇതേസമയം, ദിലീപിനെതിരെ വീഡിയോ ഉള്‍പ്പെടെ കൃത്യമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു. ഗൂഢാലോചനയ്ക്കു നേരിട്ടുള്ള തെളിവില്ലെങ്കിലും ഉപോത്ബലകമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞു.
കൈയിലുള്ള ചില തെളിവുകള്‍ കോടതിക്കു കൈമാറാമെന്നും പ്രോസിക്യൂഷന് അറിയിച്ചു. കസ്റ്റഡിയില്‍ ദിലീപിനെ ചോദ്യം ചെയ്യണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നുവെന്നും പ്രോസിക്യൂഷന് പറഞ്ഞു.
എന്നാല്‍, ഒരു തെളിവുമില്ലാതെയാണ് തന്റെ കക്ഷിക്കു മേല്‍ വധഗൂഢാലോചന ചുമത്തിയതെന്ന് ദിലീപിന്റെ അഭിഭാഷകന് ആരോപിച്ചു. വധഗൂഢാലോചന പൊലീസ് കെട്ടിച്ച കഥയാണ്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ അഭിമുഖം പോലും ആസൂത്രിതമാണ്. പറഞ്ഞുപഠിപ്പിച്ച രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ബാലചന്ദ്രകുമാര്‍ കൊടുത്തിരിക്കുന്ന മൊഴിയിലും വൈരുധ്യമുണ്ട്. നാലുവര്‍ഷമായി ഇല്ലാത്ത ആരോപണവുമായി ഇപ്പോള്‍ വരുന്നതും സംശയകരമാണെന്ന് ദിലീപിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിലെ പ്രതികാരമാണ് പുതിയ കേസ്. ദിലീപിനെതിരെ പൊതുജനാഭിപ്രായം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നതെല്ലാം.
അറസ്റ്റു ചെയ്യുന്ന പഴയ ദൃശ്യം വീണ്ടും കണ്ടപ്പോള്‍ 'അവര്‍ അനുഭവിക്കുമെന്ന്' ശപിക്കുകയാണ് ദിലീപ് ചെയ്തത്. ഇതിനെ കൊലപാതക ഗൂഢാലോചനയായി ചിത്രീകരിക്കുന്നതെങ്ങനെയെന്നും ദിലീപിന്റെ അഭിഭാഷകന് ചോദിച്ചു. നാളെ ബൈജു പൗലോസിനെ ട്രക്ക് ഇടിച്ചാലും അതും നമ്മള് ചെയ്യിച്ചെന്ന് വരുമെന്നു ദിലീപ് പറഞ്ഞു. ഇതും ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടു.
ദിലീപ്, സഹോദരന് പി.ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ ബന്ധു അപ്പു, ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണു പരിഗണിച്ചത്. ശരത്ത് വൈകിയാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇയാളുടേത് ഒഴികെയുള്ള ജാമ്യാപേക്ഷകളില്‍ സര്‍ക്കാര്‍ വിശദീകരണ പത്രിക സമര്‍പ്പിച്ചിരുന്നു. ശരത്തിന്റെ ഹര്‍ജിയില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടതുണ്ടെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Summary: The High Court has observed that the allegation that actor Dileep and his associates conspired to assassinate the police officers investigating the brutal torture of the actress in a moving vehicle is difficult to substantiate.
COMMENTS