അഭിനന്ദ് ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചതായി തനിക്കറിയില്ലെന്നും കിട്ടിയിട്ടുണ്ടെങ്കില്‍ താന്‍ അത് നിരസിക്കുമെന്നുംപശ്ചിമ ബംഗാള്‍ ...
അഭിനന്ദ്
ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചതായി തനിക്കറിയില്ലെന്നും കിട്ടിയിട്ടുണ്ടെങ്കില്‍ താന്‍ അത് നിരസിക്കുമെന്നുംപശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു.
'പുരസ്കാരത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. ആരും എന്നോട് അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അവര്‍ എനിക്ക് പത്മഭൂഷണ്‍ അവാര്‍ഡ് നല്കിയിട്ടുണ്ടെങ്കില്, ഞാന്‍ അത് നിരസിക്കുന്നു,' 77 കാരനായ ബുദ്ധദോവ് പ്രസ്താവനയില്‍ പറഞ്ഞു.
ഭട്ടാചാര്യയുടെ ഭാര്യയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്ന് രാവിലെ പുരസ്കാരത്തെക്കുറിച്ച് സംസാരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അവര്‍ അവാര്‍ഡ് സ്വീകരിച്ച് നന്ദി പറഞ്ഞുവെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും കടുത്ത വിമര്‍ശകനായ ബുദ്ധദേവ് ഹൃദ് രോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുകയാണ്.
2015ല്‍ ചലച്ചിത്ര എഴുത്തുകാരന് സലിം ഖാന് പത്മശ്രീ നിരസിച്ചിരുന്നു. ചരിത്രകാരി റോമില ഥാപ്പര്‍ 2005-ല്‍ പത്മഭൂഷണ്‍ നിരസിച്ചിരുന്നു.
എഴുത്തുകാരന് ഖുശ് വന്ത് സിംഗ് 1974-ലെ പത്മഭൂഷണ്‍ 1984-ല്‍ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ബ്ളൂ സ്റ്റാര്‍ ഓപ്പറേഷനു ശേഷം തിരികെ നല്‍കിയിരുന്നുവെങ്കിലും 2007-ല്‍ അദ്ദേഹം പത്മവിഭൂഷണ്‍ സ്വീകരിച്ചു.
ഭട്ടാചാര്യയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിമത ഗ്രൂപ്പിലെ അംഗവും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനും പത്മ പുരസ്കാരം നല്‍കിയത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നു ശ്രുതിയുണ്ട്. ഗുലാം (അടിമ) അല്ല ആസാദ് (സ്വതന്ത്രന്) ആകാന്‍ ശ്രമിക്കൂ എന്നാണ് ഗുലാം നബിയെ ആക്ഷേപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് ട്വീറ്റ് ചെയ്തത്.
Summery: Former West Bengal Chief Minister and CPM leader Buddhadeb Bhattacharya has said he was unaware that he had received the Padma Bhushan award and would reject it if he received it.
COMMENTS