A car with slogans against the Prime Minister Narendra Modi and UP Chief Minister Yogi Adityanath has been taken into custody in Thiruvananthapuram
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കെതിരേയും കര്‍ഷക സമരത്തെ അനുകൂലിച്ചും മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ തിരുവനന്തപുരത്ത്. മറുനാട്ടുകാരനായ കാര്‍ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല.
പ്രധാനമന്ത്രിക്കെതിരേ ആരോപണം ഉന്നയിക്കുന്ന കാറിന്റെ ദൃശ്യങ്ങള്‍ ദേശീയ ശ്രദ്ധയില്‍ വരുമെന്ന് ഉറപ്പാണെന്നതിനാല്‍ കേന്ദ്ര ഏജന്‍സികളും ഗൗരവത്തിലാണ്. എത്രയും വേഗം കാര്‍ ഡ്രൈവറെ കണ്ടെത്താനുള്ള തിരക്കിട്ട അന്വേഷണം നടക്കുകയാണ്. ഈ കാര്‍ എവിടെനിന്നാണ് വന്നതെന്നും ചെക് പോസ്റ്റുകളിലെല്ലാം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പട്ടത്തെ ബാര്‍ ഹോട്ടലില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. പഞ്ചാബ് സ്വദേശിയായ ഓംകാര്‍ എന്നയാളുടെ പേരില്‍ യുപിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പട്ടത്തെ ഹോട്ടലിലേക്ക് ഇയാള്‍ കാറിലെത്തിയത്. അതിവേഗത്തിലാണ് ഹോട്ടല്‍ വളപ്പിലേക്ക് കാര്‍ ഓടിച്ചുകയറ്റിയത്. അപ്പോള്‍ തന്നെ സുരക്ഷാ ഗാര്‍ഡുകള്‍ ഇയാളെ ശ്രദ്ധിച്ചു.
കര്‍ഷക സമരം, പുല്‍വാമയിലെ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിക്കും ആര്.എസ്.എസിനും യോഗി ആദിത്യനാഥിനും എതിരെ കാറിന് പുറത്ത് കറുത്ത മഷിയില്‍ എഴുതിയിരുന്നു.
സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഇയാള്‍ അസ്വസ്ഥനായി ഹോട്ടലിലെ ബാറിലേക്ക് പോയി. ഇയാളുടെ പെരുമാറ്റവും കാറിലെ എഴുത്തും സംശയകരമായതോടെ മദ്യം നല്‍കിയില്ല.
ഇതോടെ ഇയാള്‍ ക്ഷുഭിതനായി ബഹളം വച്ചു. ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിളിച്ചപ്പോള്‍ ഇയാള്‍ കാര്‍ ഉപേക്ഷിച്ച് ഓട്ടോയില്‍ കയറി കടന്നുകളഞ്ഞു. പൊലീസ് എത്തി കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. ബോംബ് സ്ക്വാഡും ഡോഗ് സ്വകാഡും കാര്‍ പരിശോധിച്ചു.
കാറിലെ ബാഗുകളില്‍ നിന്ന് പഴകിയ വസ്ത്രങ്ങളും ഇലക്ട്രോണിക് വസ്തുക്കളും കേബിളുകളും കണ്ടെത്തി. കാറിലെ എഴുത്ത് നേരത്തേയുള്ളതാണെന്നു വ്യക്തമായിട്ടുണ്ട്. ഈ എഴുത്തുമായി കാര്‍ യുപിയില്‍ നിന്നു കേരളം വരെ എത്തിയോ എന്നു പൊലീസ് സംശയിക്കുന്നുണ്ട്. ഇതുകൊണ്ടു തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സിസി ടിവി കാമറകള്‍ പരിശോധിക്കുന്നുണ്ട്.
COMMENTS