Omicron confirmed in India, both cases in Karnataka, the first patient came from South Africa and went to Dubai after staying in India
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യയിലും കോവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കപ്പെട്ടു. കര്‍ണാടകത്തില്‍ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നു വന്ന, രണ്ട് വാക്സിന് ഡോസുകളും സ്വീകരിച്ച 66 കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായി നവംബര്‍ 20 ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് യാത്ര തിരിച്ചു. ബംഗളൂരുവില്‍ എത്തിയ ശേഷം നടത്തിയ പരിശോധനയില്‍ പോസിറ്റീവെന്നു കണ്ടു. എന്നാല്‍, രോഗലക്ഷണങ്ങളില്ലായിരുന്നു.
തുടര്‍ന്ന് ഇയാള്‍ ഒരു ഹോട്ടലില്‍ സ്വയം ക്വാറന്റീനിലേക്കു പോയി. ഒരാഴ്ച കഴിഞ്ഞ് ഒരു സ്വകാര്യ ലാബില്‍ നിന്നുള്ള നെഗറ്റീവ് കോവിഡ് റിപ്പോര്‍ട്ടുമായി ഇയാള്‍ ദുബായിലേക്ക് പോവുകയും ചെയ്തു. ഇയാളുടെ 24 പ്രൈമറി കോണ്ടാക്ടുകളെ കണ്ടെത്തി പരിശോധിച്ചു. എല്ലാവരും നെഗറ്റീവാണ്. ഇതു കൂടാതെ 240 സെക്കന്‍ഡറി കോണ്ടാക്റ്റുകളില് നിന്നുള്ള സാമ്പിളുകളും ശേഖരിച്ചു. അവയും നെഗറ്റീവാണ്.
നവംബര്‍ 21-ന് പനിയും ശരീരവേദനയും അനുഭവപ്പെട്ട ബംഗളൂരുവില്‍ നിന്നുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകയാണ് രണ്ടാമത്തെ രോഗി. അടുത്ത ദിവസം പോസിറ്റീവായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചു. മൂന്ന് ദിവസത്തിന് ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തു.
നവംബര്‍ 22 നും 25 നും ഇടയില്‍ ഇവരുടെ മൂന്ന് പ്രാഥമിക, രണ്ട് ദ്വിതീയ കോണ്ടാക്റ്റുകള് പോസിറ്റീവാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ അഞ്ചുപേരെയും ക്വാറന്റീനിലാക്കി. ഇവര്‍ക്ക് ഒമിക്രോണ്‍ ബാധയുണ്ടോ എന്നു ഇതുവരെ അറിവായിട്ടില്ല.
രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍, അവബോധം തീര്‍ത്തും അനിവാര്യമാണെന്ന് കേന്ദ്ര ആരോഗ്യന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. ഫേസ് മാസ്കുകളുടെ ഉപയോഗം, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാവരും പാലിക്കണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം ഓര്‍മിപ്പിക്കുന്നു.
രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇന്നലെ രാവിലെ മുതല്‍ കര്‍ശന സ്ക്രീനിംഗും പരിശോധനയും ആരംഭിച്ചു. കേന്ദ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, 'അപകടസാധ്യതയുള്ള' രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും (ഇതില്‍ യൂറോപ്യന്‍ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടുന്നു) എത്തിച്ചേരുമ്പോള്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണം.
അപകടസാധ്യതയുള്ള ലിസ്റ്റിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ റാന്‍ഡം സാംപ്ലിംഗ് അടിസ്ഥാനത്തില്‍ (ഓരോ വിമാനത്തിലും എത്തുന്നവരുടെ ഏകദേശം രണ്ട് ശതമാനം) പരിശോധിക്കുന്നുണ്ട്. പരിശോധനാ ഫലം വരുന്നതിന് മുമ്പ് ഇവര്‍ക്ക് വിമാനത്താവളം വിടാം. എന്നാല്‍, പോസിറ്റീവ് ആണെന്ന് കണ്ടാല്‍ അവരെ ട്രാക്ക് ചെയ്യാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതിന് സ്വയം പ്രഖ്യാപന ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്.
മഹാരാഷ്ട്രയില്‍ ലണ്ടനില്‍ നിന്നെത്തിയ രണ്ടു പേരിലും മൗറീഷ്യസില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയ ഓരോ വ്യക്തികളിലും കോവിഡ് സ്ഥിരീകിച്ചു. ഇതു ഒമിക്രോണ്‍ വകഭേദമാണോ എന്നു തിരിച്ചറിയാനായിട്ടില്ല. ഇന്നലെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയവരില്‍ ആറ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ചണ്ഡീഗഡ് രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെയെല്ലാം സാമ്പിളുകള്‍ പരിശോധിക്കുകയാണ്.
Summary: Omicron confirmed in India, both cases in Karnataka, the first patient came from South Africa and went to Dubai after staying in India.
COMMENTS