New Zealand secured their semi-final berth by easily defeating Afghanistan in the T20 World Cup Super 12. India will return without seeing Semi final
ദുബായ് : ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ത്ഥനകളും പ്രതീക്ഷയുമെല്ലാം വിഫലം. ടി-20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ അനായാസം കീഴടക്കി ന്യൂസീലാന്‍ഡ് സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി. 11 പന്ത് ബാക്കി നില്‌ക്കെ എട്ടു വിക്കറ്റിനാണ് കിവികള്‍ ജയിച്ചത്. സെമിയില്‍ ഇംഗ്ലണ്ടിനെയാവും ന്യൂസീലന്‍ഡ് നേരിടുക.
ഇതോടെ, ഇന്ത്യ സെമി കാണാതെ മടങ്ങും. നമീബിയയ്‌ക്കെതിരേയുള്ള ഇന്ത്യയുടെ അടുത്ത മത്സരം ചടങ്ങു മാത്രമായിരിക്കും.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.
18.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് വിജയം ആഘോഷിച്ചത്. 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ ആണ് കിവി നിരയിലെ ടോപ് സ്‌കോറര്‍. ഈ ജയത്തോടെ ന്യൂസിലാന്‍ഡ് പാകിസ്ഥാനു പിന്നില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിക്കുകയായിരുന്നു.
കിവി ഓപ്പണര്‍മാര്‍ അനായാസം മുന്നേറിയപ്പോള്‍ ആദ്യ വിക്കറ്റില്‍ 26 റണ്‍സിന്റെ കൂട്ടുകെട്ടിനിടെ ഡാരല്‍ മിച്ചലിനെ മുജീബ് റഹ്മാന്‍ പുറത്താക്കി.
മൂന്നാം നമ്പറില്‍ ഇറങ്ങിയ വില്ല്യംസണ്‍ നങ്കൂരമിട്ട് കളിക്കുകയും ഗപ്റ്റില്‍ ഇടക്കിടെ ബൗണ്ടറികള്‍ നേടി സ്‌കോര്‍ ബോഡ് ചലിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 31 റണ്‍സ് നേടി നില്‍ക്കെ, ഗപ്റ്റിലിനെ (28) റാഷിദ് മടക്കി. ഗപ്റ്റിലിന്റെ വിക്കറ്റിനൊപ്പം റാഷിദ് ടി-20യില്‍ 400 വിക്കറ്റ് തികയ്ക്കുകയും ചെയ്തു.
തുടര്‍ന്നെത്തിയ ഡെവോണ്‍ കോണ്‍വേ ആക്രമിച്ച് കളിച്ചു. അവസാന ഓവറുകളില്‍ വില്ല്യംസണും ആക്രമണം തടങ്ങിയതോടെ കളി കിവികളുടെ വരുതിയിലായി. മൂന്നാം വിക്കറ്റില്‍ ഈ സഖ്യം 67 റണ്‍സ് നേടി. വില്ല്യംസണും (40) കോണ്‍വേയും (36) പുറത്താവാതെ നിന്നു.
ന്യൂസിലാന്‍ഡിന്റെ കണിശതയാര്‍ന്ന ബൗളിംഗിനു മുന്നില്‍ അഫ്ഗാന്‍ കളിക്കാര്‍ വലയുകയായിരുന്നു. 48 പന്തില്‍ 73 റണ്‍സെടുത്ത നജീബുള്ള സദ്രാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍. സദ്രാന്‍ ഒഴികെ മറ്റാര്‍ക്കും അഫ്ഗാനു വേണ്ടി പൊരുതാനായില്ല. ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.
പവര്‍ പ്ലേയില്‍ തന്നെ മുഹമ്മദ് ഷഹ്സാദ് (4), ഹസ്‌റത്തുള്ള സസായ് (2), റഹ്മതുള്ള ഗുര്‍ബാസ് (6) എന്നിവര്‍ പുറത്തായി. മില്‍നെ, ബോള്‍ട്ട്, സൗത്തി എന്നിവരാണ് ഇവരെ പുറത്താക്കിയത്.
പിന്നീട്, നാലാം വിക്കറ്റില്‍ ഗുല്‍ബദിന്‍ നെയ്ബും നജീബുള്ള സദ്രാനും ചേര്‍ന്ന് വന്‍ തകര്‍ച്ചയില്‍ നിന്ന് അഫ്ഗാനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പത്താം ഓവറില്‍ ഇഷ് സോധിക്ക് മുന്നില്‍ നെയ്ബ് (15) വീണു.
തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ മുഹമ്മദ് നബിയുമായി ചേര്‍ന്ന് സദ്രാന്‍ മുന്നേറി. 33 പന്തില്‍ സദ്രാന്‍ ഫിഫ്റ്റി തികച്ചു. നബി (14) വൈകാതെ സൗത്തി മടക്കി. 59 റണ്‍സാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത്.
നബിക്കു പിന്നാലെ സദ്രാനെ (73) പുറത്താക്കിയ ബോള്‍ട്ട് അഫ്ഗാനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. രണ്ടു റണ്‍സെടുത്ത കരിം ജന്നത്തിനെയും ബോള്‍ട്ട് വീഴ്ത്തി. റാഷിദ് ഖാനെ (3) ജിമ്മി നീഷം അവസാന പന്തില്‍ മടക്കുകയായിരുന്നു.
Summary: New Zealand secured their semi-final berth by easily defeating Afghanistan in the T20 World Cup Super 12. With this, India will return without seeing the semi. India's next match against Namibia will be for a name sake only.
COMMENTS