Razina, 48, is in critical condition after the death of her daughter and former Miss Kerala Ansi Kabir in a car accident
തിരുവനന്തപുരം: വാഹനാപകടത്തില്‍ മകളും മുന്‍ മിസ് കേരളയുമായ അന്‍സി കബീര്‍ മരിച്ചതിനു പിന്നാലെ കുഴഞ്ഞുവീണ അമ്മ റസീന (48)യുടെ നില ഗുരുതരമായി തുടരുന്നു.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലാണ് റസീനയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഏക മകളുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് റസീന വിഷം കഴിക്കുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ആറ്റിങ്ങല്‍ ആലംകോട്, പാലാകോണം അന്‍സി കൊട്ടേജില്‍ അന്‍സിയുടെ ബാപ്പ കബീര്‍ വിദേശത്താണ്.
അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അഞ്ജന ഷാജന്‍ (26) എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്ത് ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവ സ്ഥലത്തു തന്നെ ഇരുവരും മരിച്ചു.
വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് ആഷിഖ് ഗുരുതര നിലയില്‍ വെന്റിലേറ്ററിലാണ്. മാള സ്വദേശി അബ്ദുള്‍ റഹ്‌മാനാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്കു പരിക്കുകളുണ്ടെങ്കിലും നില ഗുരുതരമല്ല. അബ്ദുള്‍ റഹ്‌മാന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഡ്രൈവറെ മദ്യം മണത്തിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ പറഞ്ഞിരുന്നു.
സിനിമാ മോഹവുമായി കൊച്ചിയിലേക്ക് അന്‍സി സ്ഥിരം യാത്ര ചെയ്തിരുന്നു. റാംപിലെ കൂട്ടുകാരിയായിരുന്ന അഞ്ജനയും സിനിമ സ്വപ്‌നം കണ്ടിരുന്നു.
അന്‍സി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരുന്ന അവസാന വീഡിയോയുടെ ടാഗ് ലൈന്‍ പോകാന്‍ സമയമായി (...) എന്നായിരുന്നു. ഈ വീഡിയോയില്‍ ചെടിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ നടന്ന് അകലെ ചെന്ന് അന്‍സി കൈവീശി മറയുന്നതാണ് കാണാനാവുന്നത്. അന്‍സിയെ ഇഷ്ടപ്പെടുന്നവരെയെല്ലാം അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് അറം പറ്റിയ ഈ വീഡിയോ.
COMMENTS