An order issued by officials to cut down trees near the Baby Dam on the Mullaperiyar Dam without the knowledge of the administration has been frozen
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ ഭരണ നേതൃത്വം അറിയാതെ ഉദ്യോഗസ്ഥര്‍ ഇറക്കിയതായി പറയപ്പെടുന്ന ഉത്തരവ് മരവിപ്പിച്ചു. ഇതിനെ തുടര്‍ന്നു തിരുത്തിയ ഉത്തരവ് തമിഴ് നാട്ടിന് നാളെ അയച്ചുകൊടുക്കും.
മരം മുറിക്കല്‍ അനുമതി ഉത്തരവ് വിവാദമായതോടെ വനം വകുപ്പ് മേധാവിയോട് വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതനുസരിച്ചു കിട്ടിയ മറുപടിയില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമെടുക്കുകയായിരുന്നുവെന്നു പറയുന്നുണ്ട്.
മുല്ലപ്പെരിയാര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജലവിഭവ വകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് മരം മുറിക്കാന്‍ അനുമതി കൊടുക്കാന്‍ തീരുമാനമായതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
സുപ്രീം കോടതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ അനുമതി കൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് (വൈല്‍ഡ് ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ബെന്നിച്ചന്‍ തോമസാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായതിനാല്‍ മന്ത്രിക്ക് നേരിട്ട് ഇദ്ദേഹത്തിനു മേല്‍ നടപടിയെടുക്കാനാവില്ല. അതുകൊണ്ടു തന്നെ ചട്ട പ്രകാരം മാത്രമേ നടപടിക്കു സാദ്ധ്യതയുള്ളൂ.
ജല വിഭവ വകുപ്പ് മേധാവി കൂടിയായ അഡിഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനും മരം മുറിക്കല്‍ അനുമതി ഉത്തരവിന്റെ പകര്‍പ്പ് വച്ചിട്ടുണ്ട്. അദ്ദേഹവും വകുപ്പു മന്ത്രിയേയോ മുഖ്യമന്ത്രിയേയോ ചീഫ് സെക്രട്ടറിയേയോ ഇക്കാര്യം അറിയിച്ചിട്ടില്ല.
ഇതേസമയം, അനുമതി കിട്ടിയതിനു പിന്നാലെ തമിഴ് നാട് മരങ്ങളില്‍ ചിലതു മുറിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
മരം മുറിക്കുന്നതോടെ, ഡാമിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്താനുള്ള നടപടികളിലേക്കു തമിഴ് നാട് കടന്നേക്കും. ഇക്കാര്യം കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച തമിഴ് നാട് ജല മന്ത്രി ദുരൈ മുരുകന്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. ബേബി ഡാം ശക്തിപ്പെടുത്തിക്കൊണ്ട് അണക്കെട്ടിലെ ജലനിരപ്പ് 151 അടിയായി ഉയര്‍ത്തുമെന്നാണ് കേരള മണ്ണില്‍ നിന്നുകൊണ്ട് ദുരൈ മുരുകന്‍ പറഞ്ഞത്.
അനുമതി റദ്ദാക്കിയതിന്റെ പ്രത്യാഘാതങ്ങള്‍ പലതരത്തിലാവും വരിക. അടുത്ത മാസം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായി വിജയനും എം കെ സ്റ്റാലിനും കൂടിക്കാണാനിരിക്കുകയാണ്. ഇതിനിടയിലാണ് അനുമതി റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കാന്‍ കാരണമായതാകട്ടെ, പിണറായിക്ക് സ്റ്റാലിന്‍ അയച്ച അഭിനന്ദനക്കത്തും. ഇതു സ്റ്റാലിനും തമിഴ് നാടിനും കടുത്ത ക്ഷീണമായിരിക്കുകയാണ്.
തെക്കന്‍ തമിഴ് നാടിന്റെ കുടിവെള്ളവും കൃഷി വെള്ളവും വൈദ്യുതി ഉത്പാദന സ്രോതസ്സുമെല്ലാം മുല്ലപ്പെരിയാറിലെ വെള്ളമാണ്. അതു കിട്ടില്ലെന്നു വന്നാല്‍, വളരെ വൈകാരികമായിട്ടാണ് അവിടെയുള്ളവര്‍ പ്രതികരിക്കാറുള്ളത്. അതിനാല്‍, തന്നെ വിഷയം സംയമനത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ രൂക്ഷമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കിയേക്കാം.
മറിച്ച്, കേരളത്തിലാകട്ടെ, ഇത്രയും സുപ്രധാനമായ വിഷയത്തില്‍ മുഖ്യമന്ത്രിയോ വനം മന്ത്രിയോ ജല മന്ത്രിയോ അറിയാതെ തീരുമാനമെടുത്തിരിക്കുന്നുവെന്നതാണ്. സര്‍ക്കാര്‍ എന്നൊന്ന് ഇവിടെ ഉണ്ടോ എന്നു തന്നെ ജനം ചോദിക്കുന്ന സ്ഥിതിയാണ് ഇതുണ്ടാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ പോലെ ഇത്രയും സുപ്രധാനമായ വിഷയത്തില്‍ ഭരണത്തലപ്പത്തുള്ള ഒരാളും അറിയാതെ മരം മുറിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി കൊടുത്തുവെന്നത് എല്ലാവരെയും അമ്പരപ്പിക്കുന്നുണ്ട്.
ഇതേ സമയം, കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നത് എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന കള്ളക്കളിയാണെന്നാണ്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് മരം മുറിക്കാന്‍ അനുമതി കൊടുത്തതിനു തന്റെ പക്കല്‍ തെളിവുണ്ടെന്നാണ്. പിണറായി അറിയാതെ ഇതൊന്നും നടക്കില്ലെന്നും വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കാന്‍ നോക്കുന്നുവെന്നുമാണ് കെ സുധാകരന്‍ പറയുന്നത്. മുന്‍ മന്ത്രിമാരായ വി എം സുധീരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അതിരൂക്ഷമായാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.
മുല്ലപ്പെരിയാറില്‍ പ്രധാന അണക്കെട്ടിനെക്കാള്‍ അപകടാവസ്ഥയിലുള്ളത് ബേബി ഡാമാണ്. കേവലം ഒരു വലിയ മതില്‍ എന്നേ ഇതിനെ വിളിക്കാനാവൂ. ഇതു ബലപ്പെടുത്താന്‍ പലപ്പോഴും തമിഴ് നാട് ശ്രമിച്ചിട്ടും കേരളം അനുവദിച്ചിട്ടില്ല. ബേബി ഡാം കൂടി ബലപ്പെടുത്തിയാല്‍ നിലവിലെ ഡാം പൊളിച്ചു പുതിയതു പണിയണമെന്ന കേരളത്തിന്റെ ആവശ്യത്തിനു തിരിച്ചടിയായേക്കുമെന്നതിനാലാണ് കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ ഇതിന് അനുമതി കൊടുക്കാതിരുന്നത്. ഇവിടെയാണ് ഇപ്പോഴത്തെ സര്‍ക്കാരോ ഉദ്യോഗസ്ഥരോ ആനമണ്ടത്തരം കാട്ടിയിരിക്കുന്നത്.
പ്രധാന ഡാമും അതില്‍ നിന്ന് അല്പം വിട്ട് വലിയൊരു മതില്‍ പോലെയുള്ള ബേബി ഡാമും അതിനപ്പുറം ഒരു മണ്‍കൂന മാത്രമായ എര്‍ത്ത് ഡാമും ചേര്‍ന്നതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഇതില്‍ നിന്നൊന്നും കേരളത്തിലേക്കു ജലമൊഴുക്കാന്‍ മാര്‍ഗമില്ല. ഡാമില്‍ ജലനിരപ്പ് ക്രമാതീതമായാല്‍ കേരളത്തിലേക്കു ജലം ഒഴുക്കാന്‍ സ്പില്‍ വേ ഷട്ടറുകള്‍ മാത്രമാണുള്ളത്. അതിനു മുന്നിലും തമിഴ് നാട് മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍, ഇപ്പോഴത്തെ പോലെ ജലനിരപ്പ് ഭീഷണമായി ഉയര്‍ന്നാല്‍ മാത്രമേ കേരളത്തിലേക്കു ജലം ഒഴുക്കി കളയാനാവൂ.
ഡാം വീണ്ടും ബലപ്പെടുത്തുന്നതോടെ 125 വര്‍ഷം പഴക്കമുള്ള ഡാം പൊളിച്ചു പണിയണമെന്ന കേരളത്തിന്റെ വാദം കോടതിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പാണ്.
ഡാം ബലപ്പെടുത്തല്‍ നടപടികള്‍ ആരംഭിക്കുമെന്ന് സ്റ്റാലിന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
മാത്രമല്ല, ബലപ്പെടുത്തല്‍ ജോലികള്‍ക്കായി യന്ത്രങ്ങള്‍ എത്തിക്കുന്നതിന് പെരിയാര്‍ ഡാമിനെയും വണ്ടിപ്പെരിയാറിനെയും ബന്ധിപ്പിക്കുന്ന റോഡില്‍ അറ്റകുറ്റപ്പണി നടത്താനും സ്റ്റാലിന്‍ അനുമതി ചോദിച്ചിരിക്കുകയാണ്. ഈ പാതയില്‍ പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ഭാഗം അത്യാവശ്യം ജീപ്പിനും മറ്റും പോകാന്‍ പാകത്തില്‍ മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
Summary: An order issued by officials to cut down trees near the Baby Dam on the Mullaperiyar Dam without the knowledge of the administration has been frozen. Following this, the revised order will be sent to Tamil Nadu tomorrow.
COMMENTS