India win by eight wickets off 39 balls against Scotland. Now India is top in net run rate in gorup
ദുബായ്: ടി-20 ലോകകപ്പില്‍ സ്‌കോട് ലഡിനെതിരെ വെറും 39 പന്തില്‍ വിജയലക്ഷ്യം മറികടന്ന് റണ്‍ റേറ്റില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. 1.619 ആണ് ഇന്ത്യയുടെ റണ്‍ റേറ്റ്. പക്ഷേ, സെമിയിലേക്കുള്ള സാദ്ധ്യത വളരെ വിരളമാണ്. അടുത്ത കളിയില്‍ ന്യൂസിലാന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ വീഴ്ത്തുകയും നമീബിയയ്‌ക്കെതിരേ വന്‍ മാര്‍ജിനില്‍ ഇന്ത്യ ജയിക്കുകയും ചെയ്താല്‍ മാത്രമാണ് സെമി സാദ്ധ്യത.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട് ലന്‍ഡ് 17.4 ഓവറില്‍ 86 റണ്‍സിന്റെ ലക്ഷ്യമാണ് ഇന്ത്യയ്ക്കു മുന്നില്‍ ഉയര്‍ത്തിയത്. എട്ട് വിക്കറ്റും 13.3 ഓവറും ബാക്കി നിറുത്തി ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു.
ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്റെയും രോഹിത് ശര്‍മയുടെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയ്ക്കു റെക്കോഡ് വിജയം സമ്മാനിച്ചത്. 19 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും സഹിതം 50 റണ്‍സാണ് രാഹുല്‍ നേടിയത്.
16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 30 റണ്‍സാണ് രോഹിത് നേടിയത്. ഇരുവരും പുറത്തായതില്‍ പിന്നെ വിരാട് കോലിയും (2 പന്തില്‍ 2), സൂര്യകുമാര്‍ യാദവും (2 പന്തില്‍ 6) ചേര്‍ന്ന് കളി അവസാനിപ്പിക്കുകയായിരുന്നു.
ജോര്‍ജ് മ്യൂന്‍സിയും (24) മിച്ചല്‍ ലീസ്‌ക്കും (21) മാത്രമാണ് സ്‌കോട്ടിഷ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മക് ലോയ്ഡിനെ (16) റണ്‍സും മാര്‍ക്ക് വാട്ട് (14) റണ്‍സും നേടി.
ജഡേജ, ഷമി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഒരു വിക്കറ്റെടുത്തു.
COMMENTS