In a non-essential match, India defeated Namibia by nine wickets in the T20 World Cup Super 12. The Indian players can now return home
ദുബായ് : പ്രത്യേകിച്ചു കാര്യമൊന്നുമില്ലാത്ത കളിയില്‍, ടി-20 ലോകകപ്പ് സൂപ്പര്‍ 12ല്‍, ദുര്‍ബലരായ നമീബിയയെ ഇന്ത്യ ഒമ്പതു വിക്കറ്റിനുതോല്‍പ്പിച്ചു. സെമിയില്‍ ഇടം നേടാനാവാതെ ഇന്ത്യന്‍ കളിക്കാര്‍ക്ക് ഇനി നാട്ടിലേക്കു മടങ്ങാം.
ടോസ് നഷ്ടപ്പെട്ടു ബാറ്റ് ചെയ്ത നമീബിയ 133 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യയ്ക്കു മുന്നില്‍ വച്ചത്. പാകിസ്ഥാനെതിരേ 151 റണ്‍സും ന്യൂസിലാന്‍ഡിനെതിരേ 110 റണ്‍സുമാണ് ഇന്ത്യ കുറിച്ചതെന്നിരിക്കെ, നമീബിയ ഉയര്‍ത്തിയത് മോശം സ്‌കോറല്ലെന്നു പറയാം.
നമീബിയന്‍ വെല്ലുവിളി 15.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ടി-20യില്‍ ക്യാപ്റ്റനായി വിരാട് കോലിയുടെയും ഇന്ത്യന്‍ പരിശീലകനായി രവി ശാസ്ത്രിയുടെയും അവസാന മത്സരമായിരുന്നു നമീബിയയ്‌ക്കെതിരേ നടന്നത്.
രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 31 പന്തില്‍ ഫിഫ്റ്റി തികച്ച രോഹിത് രാജ്യാന്തര ടി-20യില്‍ 3000 റണ്‍സ് തികച്ചു. വിരാട് കോലിക്കും ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനും ശേഷം ഈ നേട്ടത്തിലെത്തുന്ന താരമാണ് രോഹിത്. 37 പന്തില്‍ 56 റണ്‍സെടുത്ത രോഹിത്തിനെ ജാന്‍ ഫ്രൈലിങ്ക് ആണ് പുറത്താക്കിയത്.
കോലിക്ക് പകരം മൂന്നാം നമ്പറില്‍ എത്തിയ സൂര്യകുമാര്‍ യാദവ് 25 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ലോകേഷ് രാഹുല്‍ (54) റണ്‍സെടുത്തു.
26 റണ്‍സെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്‌കോറര്‍. അശ്വിനും ജഡേജയും ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീതം നേടി.
ഇതേസമയം തന്റെ പിന്‍ഗാമി രോഹിത് ശര്‍മ ആയിരിക്കുമെന്ന് വിരാട് കോലി ടോസിനിടെ പറയുകയും ചെയ്തു. ഈ ടീമില്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇനി അടുത്തയാള്‍ക്കാണ് അവസരമെന്നും കോലി പറഞ്ഞു. തീര്‍ച്ചയായും രോഹിത് ഇവിടെയുണ്ട്. കുറച്ചുകാലമായി രോഹിത് കാര്യങ്ങള്‍ നോക്കുന്നുണ്ടെന്നും കോലി പറഞ്ഞു.
ന്യൂസീലന്‍ഡിനെതിരെ വരാനിരിക്കുന്ന ടി-20 പരമ്പരയില്‍ വിരാട് കോലി, ജസ്പ്രീത് ബുംറ, ലോകേഷ് രാഹുല്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊക്കെ വിശ്രമം അനുവദിച്ചേക്കും. രോഹിത് ആയിരിക്കും ടീമിനെ നയിക്കുകയെന്നാണ് അറിയുന്നത്. ആഭ്യന്തര മത്സരങ്ങളിലും ഐപിഎലിലും മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ ടീമിലെത്തും. പുതിയ ക്യാപ്ടനെ ബിസിസിഐ വൈകാതെ പ്രഖ്യാപിക്കും.
COMMENTS