After losing to Pakistan and New Zealand in the Twenty20 World Cup, India finally defeated Afghanistan by 66 runs
99 റണ്‍സില്‍ അഫ്ഗാനെ ഒതുക്കാനായിരുന്നുവെങ്കില്‍ നെറ്റ് റണ്‍ റേറ്റില്‍ ഇന്ത്യയ്ക്ക് ഒന്നാമതെത്താമായിരുന്നു. അതു ചിലപ്പോള്‍ സെമി മോഹങ്ങള്‍ക്ക് കുറച്ചുകൂടി ഗുണം ചെയ്യുമായിരുന്നു. ഈ ജയത്തോടെ അത്ഭുതങ്ങള്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യയ്ക്ക് അടുത്ത ഘട്ടത്തിലേക്കു കടക്കാനായേക്കും.
പതിവുപോലെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിംഗിനിറങ്ങി. 211 റണ്‍സ് വിജയലക്ഷ്യമാണ് അഫ്ഗാനിസ്ഥാന് വിരാട് കോലിയും കൂട്ടരും നല്കിയത്. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. മറുപടിക്കിറങ്ങിയ അഫ്ഗാന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കരീം ജന്നത്താണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. മുഹമ്മദ് ഷമി ഇന്ത്യക്കായി മൂന്നു വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ കളികളില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ബൗളര്‍മാര്‍ ഇക്കുറി ഏതാണ്ട് താളം കണ്ടെത്തി. പവര്‍പ്ലേയില്‍ തന്നെ അഫ്ഗാനിസ്ഥാന്റെ ഓപണര്‍മാരായ മുഹമ്മദ് ഷഹ്സാദിനെ (0) ഷമി അശ്വിന്റെ കൈകളിലെത്തിച്ചു. ഹസ്‌റതുള്ള സസായ്യെ (13) ജസ്പ്രീത് ബുംറയുടെ പന്തില്‍ ശാര്‍ദ്ദുല്‍ താക്കൂര്‍ പിടികൂടി.
തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ റഹ്മതുള്ള ഗുര്‍ബാസും ഗുല്‍ബദിന്‍ നയ്ബും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ ചെറിയ പ്രതിരോധത്തിനു ശ്രമിച്ചു.
ഷമിയുടെ ഒരു ഓവറില്‍ രണ്ട് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 20 റണ്‍സെടുത്ത ഗുര്‍ബാസ് ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍, 19 റണ്‍സെടുത്ത ഗുര്‍ബാസിനെ ജഡേജയുടെ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഗംഭീര ക്യാച്ചിലൂടെ മടക്കി. വൈകാതെ ഗുല്‍ബദിനെ (18) അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. നജീബുള്ള സദ്രാന്റെ (11) വിക്കറ്റും അശ്വിന്‍ നേടിയതോടെ അഫ്ഗാനിസ്ഥാന്‍ പരാജയം മണത്തുതുടങ്ങി.
പക്ഷേ, ആറാം വിക്കറ്റില്‍ മുഹമ്മദ് നബി-കരിം ജന്നത്ത് സഖ്യം ഇന്ത്യയെ ഞെട്ടിച്ചു. നബി പ്രതിരോധത്തിലേക്കു മാറിയപ്പോള്‍ കരിം ആക്രമിച്ചു കളിച്ചു. ഇന്നിംഗ്‌സ് അവസാനത്തില്‍ നബിയും കടന്നാക്രമണം നടത്തി. ആറാം വിക്കറ്റില്‍ ഈ സഖ്യം 57 റണ്‍സ് നേടി.
ഷമി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 35 റണ്‍സ് നേടിയ നബി യെ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്തു പുറത്താക്കി. കരിം ജന്നത്തിനെ തൊട്ടടുത്ത പന്തില്‍ അവിശ്വസനീയമായി ജഡേജ പിടികൂടിയെങ്കിലും തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചു.
റാഷിദ് ഖാനെ (0) അടുത്ത പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പിടികൂടി. കരിം ജന്നത്ത് (42) പുറത്താവാതെ നിന്നു.
ഇന്ത്യക്കു വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ലോകേഷ് രാഹുലും ഗംഭീര തുടക്കമാണ് നല്കിയത്. അര്‍ധ സെഞ്ചുറി നേടിയ ഇരുവരും 14.4 ഓവറില്‍ 140 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.
47 പന്തില്‍ മൂന്ന് സിക്സും എട്ടു ഫോറുമടക്കം 74 റണ്‍സെടുത്ത രോഹിത്തിനെ കരീം ജന്നത്ത് പുറത്താക്കി. ഗുലാബദിന്റെ പന്തില്‍ 17-ാം ഓവറില്‍ രാഹുലും പുറത്തായി. 48 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 69 റണ്‍സാണ് രാഹുല്‍ നേടിയത്.
പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ആളിക്കത്തുകയായിരുന്നു. പാണ്ഡ്യ 13 പന്തില്‍ 35 റണ്‍സെടുത്തു. ഋഷഭ് 13 പന്തുകള്‍ നേരിട്ട് മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റണ്‍സ് നേടി.
Summary: After losing to Pakistan and New Zealand in the Twenty20 World Cup, India finally defeated Afghanistan by 66 runs. With this victory, India has very little hope of reaching the semi-finals.
COMMENTS