Central government takes back three farm laws
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷകരുടെ സമരം വിജയം കാണുന്നു. വിവാദമായ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുരുനാനാക്ക് ജയന്തിയോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്നും അവരുടെ നന്മയ്ക്ക് വേണ്ടി കൊണ്ടുവന്നതാണ് നിയമമെന്നും അത് അവര്‍ മനസ്സിലാക്കാതെപോകുകയായിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കര്‍ഷകരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും രാജ്യത്തോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങിപ്പോകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം.
അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ സന്തോഷമുണ്ടെങ്കിലും നിയമങ്ങള്‍ പിന്‍വലിച്ചശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷം സമരം പിന്‍വലിക്കുമെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവന വിശ്വസിക്കാനാവില്ലെന്നും കര്‍ഷകരും പ്രതികരിച്ചു.
COMMENTS