Australia beat New Zealand by eight wickets to clinch their first Twenty20 World Cup
ദുബായ് : ന്യൂസിലാന്‍ഡിനെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ച് ഓസ്ട്രേലിയ അവരുടെ ആദ്യത്തെ ട്വന്റി 20 ലോകകപ്പില്‍ മുത്തമിട്ടു. ഈ സീസണില്‍ ക്രിക്കറ്റ് പണ്ഡിതരൊന്നും ഓസ്ട്രേലിയയ്ക്കു കിരീട സാദ്ധ്യത കല്പിച്ചിരുന്നില്ല. ആത്മവിശ്വാസം ഒന്നുകൊണ്ടു മാത്രമാണ് കങ്കാരുക്കള്‍ കിരീടം ചൂടിയത്.
കിവികള്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ എട്ടു വിക്കറ്റും ഏഴു പന്തും ബാക്കിവച്ചാണ് ലക്ഷ്യത്തിലെത്തിയത്.
സ്കോര്‍
ന്യൂസീലന്‍ഡ് 20 ഓവറില്‍ 172-4
ഓസ്ട്രേലിയ 18.5 ഓവറില്‍ 173-2
മിച്ചല്‍ മാര്‍ഷിന്റെയും ഡേവിഡ് വാര്‍ണറിന്റെയും മികവിലാണ് ഓസീസ് അനായാസം ലക്ഷ്യം കണ്ടത്. മിച്ചല്‍ മാര്‍ഷ് പുറത്താകാതെ 77 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ 53 റണ്‍സെടുത്ത് പുറത്തായി. മാക്സ് വെല്‍ 28 റണ്‍സ് നേടി.
ആദ്യം തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും വാര്‍ണര്‍-മാര്‍ഷ് കൂട്ടുകെട്ടാണ് വിജയം അനായാസമാക്കിയത്.
ട്രെന്റ് ബോള്‍ട്ട് ന്യൂസീലന്‍ഡിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.The new T20 World Cup champions of cricket - Australia.pic.twitter.com/6JBoGIgGBM
— Johns. (@CricCrazyJohns) November 14, 2021
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.
2016ലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്ത വെസ്റ്റ് ഇന്‍ഡീസിന്റെ റെക്കോഡാണ് കിവീസ് മറികടന്നത്.
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ തകര്‍പ്പന്‍ ബാറ്റിങാണ് കിവീസിനെ ഉയര്‍ന്ന സ്കോറിലെത്തിച്ചത്. 48 പന്ത് നേരിട്ട ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മൂന്ന് സിക്സും 10 ഫോറുമടക്കം 85 റണ്‍സെടുത്തു. ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്കോറുമാണിത്.
ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് വില്യംസണ് മറികടന്നത്.
ഓസ്ട്രേലിയയ്ക്കു വേണ്ടി ജോഷ് ഹസ്സില്‍വുഡ് മൂന്നു വിക്കറ്റ് നേടി. ആദം സാംബയ്ക്ക് ഒരു വിക്കറ്റുണ്ട്.
COMMENTS