The water level in the Mullaperiyar Dam is likely to rise as heavy rains continue in the catchment area. Tamil Nadu had issued its first warning
സ്വന്തം ലേഖകന്‍
കുമളി : വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുക തന്നെയാണ്. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുല്ലപ്പെരിയാറിനു തൊട്ടു താഴെ ഇടുക്കി ഡാമില്‍ ജലനിരപ്പ് പരമാവധിയില്‍ നില്‍ക്കെ കേരളത്തിന് ആശങ്ക നല്കാന്‍ പോന്നതാണ് ഇപ്പോഴത്തെ സാഹചര്യം. മുല്ലപ്പെരിയാറില്‍ നിന്നു പരമാവധി ജലം ഒഴുക്കിക്കൊണ്ടു പോകണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സെക്കന്‍ഡില്‍ 2150 ഘന അടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
136.80 അടിയാണ് ഇന്നലെ വൈകുന്നേരത്തെ ജലനിരപ്പ്. 138 അടിയില്‍ എത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പ് തമിഴ് നാട് പുറപ്പെടുവിക്കും. 140 അടിയിലെത്തിയാല്‍ ആദ്യ ജാഗ്രത നിര്‍ദ്ദേശം പ്രഖ്യാപിക്കും. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഡാമിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. 2018 ഓഗസ്റ്റ് 15ന് പ്രളയകാലത്ത് ജലനിരപ്പ് 142 അടിയിലെത്തിയിരുന്നു.
മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് ഇന്നലെ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതിനൊപ്പം കുറച്ചു വെള്ളം സ്പില്‍ വെയിലൂടെ ഒഴുക്കി വിടാനും തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ജല വിഭവ സെക്രട്ടറിയോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു. ജലനിരപ്പ് 139.5 അടിയില്‍ കൂടാന്‍ പാടില്ലെന്ന് 2018 ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിനു കേരളത്തിലേക്കു ഷട്ടറുകള്‍ ഇല്ല. അതിനാല്‍ തന്നെ തമിഴ്‌നാട്ടിലേക്കുള്ള ഷഷട്ടര്‍ വഴിയേ വെള്ളം ഒഴുക്കി വിടാന്‍ കഴിയൂ. സ്പില്‍ വേ കേരളത്തിലേക്കാണെങ്കിലും അതിനു മുന്നില്‍ തമിഴ്‌നാട് മണ്ണിട്ട് ഉയര്‍ത്തിയിട്ടുള്ളതിനാല്‍ അടിയന്തര ഘട്ടത്തില്‍ വെള്ളം ഒഴുക്കിവിടുന്നതും ശ്രമകരമാണ്.
ഡെപ്യൂട്ടി കളക്ടര്‍മാരും ആര്‍ഡിഒയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടി വന്നാല്‍ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
ഇതേസമയം, കേരളത്തില്‍ ഇന്നും നാളെയും മറ്റന്നാളും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്കി. ഇതിനെ തുടര്‍ന്ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി.
കന്യാകുമാരി ഭാഗത്ത് തീരക്കടലില്‍ രൂപംകൊണ്ട ചക്രവാത ചുഴിയെ തുടര്‍ന്ന് കേരള തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
Summary: The water level in the Mullaperiyar Dam is likely to rise as heavy rains continue in the catchment area. Tamil Nadu had issued its first warning to Kerala after the water level crossed 136 feet. The current situation is such that the water level in the Idukki Dam just below the Mullaperiyar is at its maximum, which is a matter of concern to Kerala.
Keywords: Kerala, Mullaperiyar Dam, Wter level , Heavy rains, Catchment area, Tamil Nadu, First warning, Idukki Dam
COMMENTS