The suspicion that more deaths have occurred here is growing stronger at Plappally area of Kerala
ന്യൂസ് ഡെസ്ക്
കോട്ടയം : പ്ലാപ്പള്ളിയില്‍ ഉരുള്‍ പൊട്ടിയ സ്ഥലത്തു നിന്നു കണ്ടെത്തിയ അലന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ക്കൊപ്പം മറ്റൊരാളുടെ കാല് പാദം കൂടിയുണ്ടെന്ന് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനിടെ വ്യക്തമായി.
ഇതോടെ, ഇത് ആരുടെ മൃതദേഹ ഭാഗമാണെന്നു കണ്ടെത്താന്‍ വീണ്ടും തിരച്ചില്‍ നടത്തതാന്‍ ആലോചനയുണ്ട്. സംശയമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് മന്ത്രി വി എന്‍ വാസവന് അറിയിച്ചു.
പ്ലാപ്പള്ളി ഉരുള്‍പൊട്ടി കാണാതായ ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണിയ, മകന് അലന്, മുണ്ടകശേരില്‍ എം.ടി. വേണുവിന്റെ ഭാര്യ റോഷ്നി, പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസമ്മ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവിടെ കൂടുതല്‍ മരണം സംഭവിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുകയുമാണ്.
കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി മരിച്ചവരുടെ എണ്ണം പത്തായി. ഇതില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടുന്നു. ഇന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഏഴു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.
ഒഴുക്കില്‍പ്പെട്ട ഓട്ടോ തൊഴിലാളി ഷാലെറ്റ്, കാഞ്ഞിരപ്പള്ളി സ്വദേശി രാജമ്മ, ഏന്തയാര്‍ വല്യന്ത സ്വദേശിനി സിസിലി എന്നിവരുടെ മൃതദേഹങ്ങളും ലഭിച്ചു. ഇതോടെ കോട്ടയം ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരുടെ ബന്ധുക്കള്‍ക്കു നാലു ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായവും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കാവാലിയില്‍ ഉരുള്‍പൊട്ടി കാണാതായ വണ്ടാളാക്കുന്നേല്‍ മാര്ട്ടിന്, മക്കളായ സ്നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മാര്‍ട്ടിന്റെ ഭാര്യ സിനി, അമ്മ ക്ലാരമ്മ, ഇളയ മകള്‍ സോന എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ ലഭിച്ചു. മണ്ണിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
COMMENTS