The Kerala Cabinet decided to provide relief of Rs 5,000 per month to BPL families who are dependent on the person who died due to Covid
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ആശ്രിതര്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേയായിരിക്കും ഈ തുക നല്‍കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് ഈ ധനസഹായം തടസ്സമാവില്ല.
ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി മൂന്നു വര്‍ഷത്തേയ്ക്കാണ് സഹായം. ഇതിനു വേണ്ട തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കും.
രാജ്യത്തിന് പുറത്തുവച്ചാണ് മരണം സംഭവിച്ചതെങ്കില്‍ പോലും കുടുംബം കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും. ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിക്കുമ്പോള്‍ മരിച്ച വ്യക്തിയുടെ വരുമാനം ഒഴിവാക്കുകയും ചെയ്യും.
ലളിതമായ ഫോറത്തില്‍ ഒറ്റ പേജില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആശ്രിതര്‍ക്കു കഴിയുന്ന വിധത്തില്‍ തുടര്‍ നടപടികള്‍ക്ക് ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം ലഭ്യമാക്കും.
ആനുകൂല്യം പറ്റുന്ന കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ ഉറപ്പുവരുത്തണം. അപേക്ഷകരെ അപേക്ഷ തീര്‍പ്പാക്കുന്നതിന് ഓഫീസില്‍ വിളിച്ചുവരുത്താനും പാടില്ല.
COMMENTS