Education Minister V Sivankutty has directed to submit a report through the AEO and DEO on October 27 after completing the guidelines issued
ന്യൂസ് ഡെസ്‌ക്
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ ഒക്ടോബര്‍ 27ന് പൂര്‍ത്തികരിക്കരിച്ച് എഇഒ, ഡിഇഒ വഴി റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി നിര്‍ദ്ദേശിച്ചു.
സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അക്കാദമിക മാര്‍ഗരേഖ രണ്ടു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മാര്‍ഗരേഖയില്‍ പറയുന്ന കാര്യങ്ങളെല്ലാം ചെയ്തുവെന്ന് ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ഉറപ്പുവരുത്തണം. സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, ഓക്സിമീറ്റര്‍ എന്നിവ സ്‌കൂളുകളില്‍ ഉണ്ടായിരിക്കണം. ഓരോ അധ്യാപകര്‍ക്ക് ക്ലാസിന്റെ ചുമതല നല്‍കണം.
ഒന്നര വര്‍ഷത്തിലേറെയായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. പൂര്‍ണ്ണമായി ശുചീകരിച്ചുവെന്നും ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നും ഉറപ്പു വരുത്തണം.
പിടിഎ യോഗം 27ന് ചേര്‍ന്ന് ക്രമീകരണം വിലയിരുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കണം. ഉച്ചഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. അന്നു തന്നെ സ്‌കൂളില്‍ ഹെല്‍പ്പ് ലൈന്‍ സജ്ജമാക്കി വ്യക്തികളെ ചുമതലപ്പെടുത്തുകയും വേണം. സ്‌കൂള്‍ നില്‍ക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനുമായി ഹെഡ്മാസ്റ്റര്‍മാറും പ്രിന്‍സിപ്പലും ആശയവിനിമയം നടത്തണം.
ഹോമിയോ പ്രതിരോധ മരുന്ന് കുട്ടികള്‍ക്ക് കൊടുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ഒരു സ്‌കൂളില്‍ ഒരു ഡോക്ടറുടെ സേവനമെങ്കിലും ഉറപ്പുവരുത്തുകയും വേണം.
വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓരോ സ്‌കൂളിലും സംവിധാനമുണ്ടാകണം. അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും സ്‌കൂള്‍ കവാടത്തില്‍ നിന്ന് കുട്ടികളെ വരവേല്‍ക്കുകയും സ്‌കൂള്‍ അന്തരീക്ഷം ആഹ്ലാദകരമാക്കുകയും വേണം.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്‌കൂളുകള്‍ക്ക് നിര്‍ബന്ധമാണ്. ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികളെ അടുത്തുള്ള സ്‌കൂളിലേക്കു മാറ്റുന്ന കാര്യവും അധികൃതര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
COMMENTS