Nilambur MLA PV Anwar has been found guilty of fraud in a Rs 50 lakh case, according to Malappuram Crime Branch DySP P. Vikraman
ന്യൂസ് ഡസ്‌ക്
മഞ്ചേരി: നിലമ്പൂര്‍ എം.എല്‍.എ പി വി അന്‍വര്‍ 50 ലക്ഷം രൂപയുടെ തട്ടിപ്പു കേസില്‍ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി കണ്ടെത്തിയെന്ന് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമന്‍ മഞ്ചേരി സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പ്രവാസി എന്‍ജിനീയറെയാണ് ഇടത് എംഎല്‍എ പറ്റിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കര്‍ണാടകത്തില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് പ്രവാസി എന്‍ജിനീയറുടെ പണം തട്ടിയത്.
പ്രഥമദൃഷ്ട്യാ തന്നെ എം എല്‍ എ വഞ്ചന നടത്തിയതായാണ് കണ്ടെത്തിയിട്ടുള്ളതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നിലമ്പൂരില്‍ നിന്നുള്ള ഇടതു സ്വതന്ത്രനായ എംഎല്‍എയാണ് അന്‍വര്‍.
കര്‍ണാടകത്തിലെ മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീരുപന്ത പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ക്രഷറിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ഈ ക്രഷര്‍ അന്‍വറിന് വിറ്റ കാസര്‍കോട് സ്വദേശി കെ. ഇബ്രാഹിമിന്റെ മൊഴി ഡിവൈ.എസ്.പി രേഖപ്പെടുത്തിയിരുന്നു.
ക്രഷറും അനുബന്ധമായുള്ള 26 ഏക്കര്‍ ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും വിശ്വസിപ്പിച്ചാണ് മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമില്‍ നിന്ന് 50 ലക്ഷം രൂപ അന്‍വര്‍ വാങ്ങിയത്.
ബിസിനസില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവുമാണ് വാഗ്ദാനം ചെയ്തത്. സര്‍ക്കാരില്‍നിന്ന് പാട്ടത്തിന് കിട്ടിയ രണ്ടേക്കറിലാണ് ക്രഷര്‍ സ്ഥിതി ചെയ്യുന്നതെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയിട്ടുള്ളതെന്നും ഇബ്രാഹിം മൊഴി കൊടുത്തു. ഇതാണ് അന്‍വറിനു വിനയായത്.
ഇതു കൂടാതെ ക്രഷറിനോടു ചേര്‍ന്ന് സ്വന്തം ഉടമയിലുള്ള 1.5 ഏക്കറും കൊറിഞ്ചയിലെ 1.5 ഏക്കറും കൈമാറിയതായും മൊഴി ഇബ്രാഹിം പറയുന്നു.
ക്രഷര്‍ പാട്ടഭൂമിയിലാണെന്ന കാര്യം മറച്ച് സ്വന്തം ഉടമസ്ഥതയില്‍ ആണെന്ന് കരാറില്‍ പറയുന്നു. ഇതു പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ മംഗളൂരുവില്‍ അന്വേഷണം നടത്തുമെന്നും അന്തിമറിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
എന്നും വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് അന്‍വര്‍. കൈയേറ്റ ഭൂമിയിലെ തടയണയും അമ്യൂസ്‌മെന്റ് പാര്‍ക്കുമെല്ലാം അന്‍വറിനെ വിവാദങ്ങളില്‍ എത്തിച്ചിരുന്നു.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പ് ആഫ്രിക്കയില്‍ ബിസിനസ് ഇടപാടിനു പോയി മാസങ്ങളോളം അവിടെ തങ്ങിയതും വിവാദമായിരുന്നു. തിരഞ്ഞെടുപ്പു വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആഫ്രിക്കയിലെ സ്വത്തിനെക്കുറിച്ചു പരാമര്‍ശമില്ലെന്ന പേരിലും വിവാദം ഉണ്ടായിരുന്നു.
COMMENTS