Koozhangal, a Tamil film directed by newcomer Vinod Raj, has become India's official entry for this year's Oscar nominations
ചെന്നൈ : നവാഗതനായ വിനോത് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രമായ കൂഴങ്ങള്‍ ഇക്കൊല്ലത്തെ ഓസ്‌കാര്‍ നോമിനേഷനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി.
വര്‍ഷങ്ങളായി അതിക്രൂരമായി പീഡിപ്പിക്കുന്ന മദ്യത്തിനടിമയായ ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന യുവതിയെ കണ്ടെത്താന്‍ ഭര്‍ത്താവും മകനും നടത്തുന്ന അന്വേഷണമാണ് സിനിമയുടെ കഥാതന്തു.
നവാഗതരായ ചെല്ലപ്പാണ്ടി, കറുത്തഡൈയാന്‍ എന്നിവരാണ് അഭിനേതാക്കള്‍. നയന്‍താരയും വിഗ്‌നേഷ് ശിവനും ചേര്‍ന്നു രൂപം നല്കിയ റൗഡിഡ പിക് ചേഴ്‌സ് എന്ന നിര്‍മാണ കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ ചിത്രം ഇതിനകം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. അമ്പതാം റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
മലയാളത്തില്‍ നിന്ന് നായാട്ട്, തമിഴ് ചിത്രമായ മണ്ഡേല, ഷൂജിത് സര്‍ക്കാരിന്റെ സര്‍ദാര്‍ ഉദ്ദം, വിദ്യാ ബാലന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷേര്‍ണി, ഫര്‍ഹാന്‍ അക്തറിന്റെ തൂഫാന്‍, ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജിവിതകഥയെ ആസ്പദമാക്കി ചിത്രീകരിച്ച ഷേര്‍ഷ, മറാത്തി ചിത്രമായ ഗോദാവരി എന്നിവയാണ് ഓസ്‌കാര്‍ എന്‍ട്രിക്കുള്ള പട്ടികയില്‍ വന്ന മറ്റുചിത്രങ്ങള്‍. ഇവയില്‍ നിന്നാണ് കൂഴങ്ങള്‍ ഔദ്യോഗിക എന്‍ട്രിയായി തീരുമാനിച്ചത്.
ഫിലിം ഫെഡറേഷന്‍ ഒഫ് ഇന്ത്യ 15 ചിത്രങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു. ഈ പട്ടികയില്‍ നിന്നു സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അദ്ധ്യക്ഷനായ സമിതിയാണ് കൂഴങ്ങള്‍ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തത്.
2022 മാര്‍ച്ച് 27ന് ലോസ് ആഞ്ചലസില്‍ വച്ചാണ് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ്. എബ്രുവരി എട്ടിന് നോമിനേഷനുകള്‍ പ്രഖ്യാപിക്കും.
COMMENTS