The Central Water Resources Department has warned that the Kallada, Manimala, Achankovil, Karamana and Neyyar rivers are on orange alert
ന്യൂസ് ഡെസ്‌ക്
തിരുവനന്തപുരം : കല്ലട, മണിമല, അച്ചന്‍കോവില്‍, കരമന, നെയ്യാര്‍ നദികള്‍ ഓറഞ്ച് അലര്‍ട്ട് നിലയിലാണെന്നു കേന്ദ്ര ജല വിഭവ വകുപ്പ് മുന്നറിയിപ്പു നല്കി. ഈ നദികളിലെ ജലനിരപ്പ് താഴുന്നത് ആശ്വാസത്തിനു വക നല്കുന്നുവെന്നും അറിയിപ്പില്‍ പറയുന്നു.
അച്ചന്‍കോവിലാറിന് ഇന്നലെ റെഡ് അലര്‍ട്ടായിരുന്നു നല്കിയിരുന്നത്. ഇത് ഇന്ന് ഓറഞ്ച് മുന്നറിയിപ്പാക്കിയിട്ടുണ്ട്. കനത്ത മഴ കേരളത്തില്‍ തുടരുന്നതിനാല്‍ മൂന്ന് മണിക്കൂര്‍ ഇടവിട്ട് കേന്ദ്ര ജല വിഭവ വകുപ്പ് മഴ മുന്നറിയിപ്പ് നല്കുന്നുണ്ട്.
പമ്പാനദി ഇന്ന് ഉച്ചയോടെ അപകട നിലക്കു താഴെ എത്തിയിട്ടുണ്ട്. ഇതോടെ പമ്പയുടെ മുന്നറിയിപ്പ് പിന്‍വലിച്ചു. നിലവില്‍ ഏറ്റവും അപകട നിലയിലുള്ളത് അച്ചന്‍കോവിലാറാണ്.
കനത്ത മഴ തുടരുന്നതിനിടെ, തിരുവല്ല-ചെങ്ങന്നൂര്‍ എം സി റോഡില്‍ വിവിധ ഇടങ്ങളില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.
പത്തനംതിട്ട ജില്ലയില്‍ ഇന്നു രാവിലെ മുതല്‍ ഇടവിട്ടുള്ള മഴ തുടരുകയാണ്. പത്തനംതിട്ടയില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.
ഇടവിട്ട് അതിശക്തമായ മഴയാണ് ഇവിടെ പെയ്യുന്നത്. മഴയെ തുടര്‍ന്ന് അച്ചന്‍കോവില്‍ ആറ്റിലും മണിമലയാറിലും ജലനിരപ്പ് വീണ്ടും ഉയരുന്നുണ്ട്. മഴ ഇങ്ങനെ തുടര്‍ന്നാല്‍ ജല നിരപ്പ് ഉടന്‍ താഴാനന്‍ സാദ്ധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
പന്തളം മുതല്‍ കോന്നി വരെ പലേടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ ഇവിടെ യാത്രയും മുടങ്ങിയിരിക്കുകയാണ്.
തിരുവല്ലയില്‍ സ്ഥിതി ആശങ്കാജനകമാണ്. അപ്പര്‍ കുട്ടനാടാട്ടിന്റെ ഭാഗമായ ഇവിടേക്കാണ് മണിമലയാറ്റിലെ വെള്ളം എത്തുന്നത്. തിരുവല്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
മണിമലയാറിന്റെ തീരത്ത് പ്രത്യേകിച്ച് തിരുവല്ല മുതല്‍ മല്ലപ്പള്ളി വരെ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍-തിരുവല്ല സംസ്ഥാന പാതയില്‍ വെള്ളം കയറി. ഇവിടെ താഴ്ന്ന ഇടങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചു. അഗ്നിരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും ജനങ്ങളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
COMMENTS