The Central Government has decided to hand over Air India to the Tata Group. Transfer for Rs 18,000 crore. The transfer will be completed soon
അഭിനന്ദ്
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 18,000 കോടി രൂപയ്ക്കാണ് ഇടപാട്. മുന്‍പ് ടാറ്റയില്‍ നിന്നാണ് എയര്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു പൊതുമേഖലയിലാക്കിയത്.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരിയും ടാറ്റയ്ക്കു കൈമാറും. കൂടാതെ, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ടാറ്റയ്ക്കു നല്കുന്നതാണ് ഇടപാട്.
കെടുകാര്യസ്ഥത നിമിത്തം 2007 മുതല്‍ കമ്പനി നഷ്ടത്തിലാണ്. ഓഗസ്റ്റ് 31 വരെയുള്ള എയര്‍ ഇന്ത്യയുടെ ആകെ കടം 61,562 കോടി രൂപയാണ്. പ്രതിദിനം 20 കോടി രൂപ കമ്പനി നഷ്ടമുണ്ടാക്കുന്നുവെന്നാണ് വ്യോമയാന മന്ത്രാലയം പറയുന്നത്.
കമ്പനിയുടെ ആകെ കടത്തില്‍ 15,300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. ബാക്കി വരുന്ന 46,262 കോടി രൂപ കേന്ദ്രം രൂപീകരിച്ച എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡിന് കൈമാറാനാണ് ധാരണ.
ഇപ്പോള്‍ 26,430.59 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ വാര്‍ഷിക വരുമാനം. നഷ്ടത്തിലാണെങ്കിലും 52,352.18 കോടി രൂപയുടെ ആസ്തി കമ്പനിക്കുണ്ട്. ഇതാണ് 18,000 കോടി രൂപയ്ക്ക് ടാറ്റയ്ക്കു കൈമാറുന്നത്. ഇതിനു പുറമേയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ആസ്തികള്‍.
കൈമാറ്റം അടുത്ത സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകും. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ കൈമാറ്റ നടപടി ആരംഭിക്കും. 67 വര്‍ഷത്തിന് ശേഷമാണ് വിമാന കമ്പനി തിരികെ ടാറ്റയിലേക്ക് എത്തുന്നത്.
എയര്‍ ഇന്ത്യ സ്വകാര്യ വത്കരണത്തിന് കേന്ദ്രമന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. ജീവനക്കാരെയും മറ്റും വിശ്വാസത്തിലെടുത്താകും നടപടി പൂര്‍ത്തിയാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
20000 കോടിക്കടുത്താണ് സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില. ടാറ്റ ഗ്രൂപ്പ് ഇതിലും 3000 കോടി അധികം വാഗ്ദാനം ചെയ്തതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ, 18000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയെ ടാറ്റ സ്വന്തമാക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
നഷ്ടത്തിലായതിനാലാണ് എയര്‍ ഇന്ത്യയെ കേന്ദ്രം കൈയൊഴിയുന്നത്. ടാറ്റ സണ്‍സിനു പുറമേ സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യവും എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നു. ടാറ്റയാണ് ഉയര്‍ന്ന തുക ക്വോട്ട് ചെയ്തത്.
എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘം കമ്പനി ഏറ്റെടുക്കാന്‍ താത്പര്യപത്രം സമര്‍പ്പിച്ചെങ്കിലും തള്ളിപ്പോയിരുന്നു. അമേരിക്കയിലെ ഇന്റര്‍അപ്‌സ് കമ്പനിയും രംഗത്തു വന്നെങ്കിലും പിന്നീട് പിന്മാറി.
1932ല്‍ ജെ ആര്‍ ഡി ടാറ്റയാണ് ടാറ്റ എയര്‍ലൈന്‍സ് ആരംഭിച്ചത്. ലാഹോറില്‍ നിന്ന് തപാല്‍ ഉരുപ്പടികളുമായുള്ള ആദ്യ വിമാനം പറത്തിയതും ജെ ആര്‍ ഡി ടാറ്റ തന്നെ. രണ്ടാം ലോക യുദ്ധത്തിനു ശേഷം 1946ല്‍ കമ്പനി എയര്‍ ഇന്ത്യ ആയി. കേന്ദ്ര സര്‍ക്കാര്‍ 1953 ല്‍ ടാറ്റയില്‍നിന്നു കമ്പനി ഏറ്റെടുത്തു. പ്രധാനമന്ത്രി ജവര്‍ലാല്‍ നെഹ്രു മുന്‍കൈയെടുത്താണ് വിമാന കമ്പനിയെ പൊതു മേഖലയില്‍ എത്തിച്ചത്.
Summary: The Central Government has decided to hand over Air India to the Tata Group. Transfer for Rs 18,000 crore. The transfer will be completed in the next financial year. Earlier, Air India was formed by Tata Airlines. But after 67 years, the airline is returning to Tata.
COMMENTS