Cartoonist Yesudasan (83), has passed away. He was born on June 12, 1938 in Bharanikkavu near Mavelikkara
കൊച്ചി: മലയാളത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതിയെന്നു വിശേഷിപ്പിച്ചിരുന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (83) അന്തരിച്ചു.
അടുത്തിടെ, കോവിഡ് ബാധിതനായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1938 ജൂണ്‍ 12ന് മാവേലിക്കരയ്ക്ക് അടുത്ത് ഭരണിക്കാവിലാണ് ജനനം. 1955-ല്‍ കോട്ടയത്തു നിന്ന് കെ പി പന്തളത്തിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച 'അശോക' വിനോദമാസികയിലാണ് ആദ്യ കാര്‍ട്ടൂണ്‍ അച്ചടിച്ചു വന്നത്.
പരേതരായ ജോണ്‍ മത്തായിയുടേയും മറിയാമ്മയുടെയും മകനാണ്. ഭാര്യ: മേഴ്‌സി. മക്കള്‍: സാനു, സേതു, സുകു. മരുമക്കള്‍: ജയ, അലക്‌സി.
ജനയുഗം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'ചന്തു' എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് അദ്ദേഹത്തിന്റെ ആദ്യ കാര്‍ട്ടൂണ്‍ പംക്തി. ജനയുഗം പത്രത്തില്‍ തന്നെ വരച്ച 'കിട്ടുമ്മാവന്‍' മലയാളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണായി. മലയാളം നെഞ്ചേറ്റിയ ജനകീയ പോക്കറ്റ് കാര്‍ട്ടൂണുമാണ് കിട്ടുമ്മാവന്‍.
1963ല്‍ ഡല്‍ഹിയിലെ ശങ്കേഴ്സ് വീക്ക്‌ലിയില്‍ ചേര്‍ന്നു. ശങ്കറിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാളായിരുന്നു.
കേരളത്തില്‍ തിരിച്ചെത്തിയ ശേഷം സി അച്യുതമേനോന്റെ ആവശ്യപ്രകാരം 1969 മുതല്‍ 'ബാലയുഗം' കുട്ടികളുടെ മലയാളം മാസിക എഡിറ്ററായി ചുമതലയേറ്റു. പിന്നീട് ശങ്കേഴ്സ് വീക്കിലിയുടെ ചുവടുപിടിച്ച് 'അസാധു' രാഷ്ട്രീയ മാസികയും സിനിമാ ഹാസ്യമാസികയായ കട്ട്-കട്ട്', ടക്-ടക്, സാധു എന്നീ പ്രസിദ്ധീകരണങ്ങളും തുടങ്ങി. ഇവയെല്ലാം തന്നെ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
തുടര്‍ന്ന് 1985-ല്‍ മലയാള മനോരമയില്‍ ചേര്‍ന്നു. മനോരമയിലെ കാര്‍ട്ടൂണുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മനോരമയില്‍ കുഞ്ഞമ്മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വലിയ ചര്‍ച്ചാവിഷയമായി. മലയാള മനോരമയുടെ തന്നെ
വനിത മാഗസിനിലെ മിസ്സിസ് നായര്‍, പൊന്നമ്മ സൂപ്രണ്ട്, ജൂബാ ചേട്ടന്‍ എന്നീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വളരെ ചര്‍ച്ചാ വിഷയമായിരുന്നു. 23 കൊല്ലത്തോളം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി മലയാള മനോരമയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മെട്രോ വാര്‍ത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അധ്യക്ഷനായിയിരുന്നു. കേരള ലളിതകലാ അക്കാദമി അധ്യക്ഷനുമായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു.
കെ ജി ജോര്‍ജിന്റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ 'പഞ്ചവടിപ്പാലം' എന്ന ചിത്രത്തിന്റെ സംഭാഷണം യേശുദാസനാണ് രചിച്ചത്. 1992-ല്‍ എ ടി അബു സംവിധാനം ചെയ്ത 'എന്റെ പൊന്നു തമ്പുരാന്‍' എന്ന ചിത്രത്തിന് തിരക്കഥ എഴുതി.
കേരള സര്‍ക്കാരിന്റെ 2001, 2002, 2003 വര്‍ഷങ്ങളിലെ കേരള സ്റ്റേറ്റ് പ്രസ് അവാര്‍ഡ്, 1998ല്‍ നാഷണല്‍ ഫിലിം അക്കാദമി കാര്‍ട്ടൂണിസ്റ്റ് ശിവറാം അവാര്‍ഡ്, 2019-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം, ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കാര്‍ട്ടൂണിസ്റ്റ്സിന്റെ 2001ലെ ലൈഫ് ടൈം അചീവ്മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. അണിയറ, വരയിലെ നായനാര്‍, പ്രഥമദൃഷ്ടി, പോസ്റ്റ്മോര്‍ട്ടം, വരയിലെ ലീഡര്‍, 9 പുരാണക്വിലാ റോഡ് എന്നിവ പ്രധാന കൃതികളാണ്.
Summary: Cartoonist Yesudasan (83), has passed away. He was born on June 12, 1938 in Bharanikkavu near Mavelikkara. The first cartoon was printed in 1955 in the entertainment magazine 'Ashoka' from Kottayam under the editorship of KP Pandalam.
COMMENTS