അഭിനന്ദ് ന്യൂഡല്‍ഹി : പഞ്ചാബ് കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷ പദത്തില്‍ നിന്ന് എഴുപത്തിരണ്ടാം ദിവസം നവജ്യോത് സിംഗ് സിദ്ധു രാജിവച്ചത് സൂപ്പ...
അഭിനന്ദ്
ന്യൂഡല്‍ഹി : പഞ്ചാബ് കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷ പദത്തില്‍ നിന്ന് എഴുപത്തിരണ്ടാം ദിവസം നവജ്യോത് സിംഗ് സിദ്ധു രാജിവച്ചത് സൂപ്പര്‍ മുഖ്യമന്ത്രി ചമയാനുള്ള അവസരം കിട്ടില്ലെന്നു വ്യക്തമായപ്പോഴെന്നു സൂചന. അപ്രതീക്ഷിത രാജിയിലൂടെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി തന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുകയായിണ് സിദ്ധുവിന്റെ ലക്ഷ്യമെന്നാണ് സൂചന.
സിദ്ധുവിന്റെ നടപടി അദ്ദേഹത്തിനു വേണ്ടി വാദിച്ച രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അലോസരമുണ്ടാക്കിയിട്ടുണ്ട്. സോണിയയുമായി മല്ലിട്ടു തന്നെയാണ് സിദ്ധുവിനെ പിസിസി അദ്ധ്യക്ഷ പദത്തില്‍ സഹോദരങ്ങള്‍ ചേര്‍ന്ന് അവരോധിച്ചത്.
സിദ്ധുവിനെ നിയോഗിക്കുന്നതില്‍ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിന് കടുത്ത എതിര്‍പ്പായിരുന്നു. അതു വകവയ്ക്കാതെയാണ് സുനില്‍ ത്ധാക്കറിനെ മാറ്റി സിദ്ധുവിനെ അവരോധിച്ചത്. സിദ്ധു ചുമതല ഏറ്റതില്‍ പിന്നെ ശ്രദ്ധ ചെലുത്തിയത് അമരീന്ദര്‍ സിംഗിനെ പുറത്താക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ മാത്രമാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെയാണ് ക്യാപ്ടന്‍ അമരീന്ദര്‍ സിംഗിനെ പുറത്താക്കിയത്.
അമരീന്ദര്‍ പോകുമ്പോള്‍ സിദ്ധു ലക്ഷ്യം വച്ചത് മുഖ്യമന്ത്രി കസേരയായിരുന്നു. എന്നാല്‍, സിദ്ധുവിനെ പിസിസി പ്രസിഡന്റാക്കി നിറുത്തിക്കൊണ്ട് ദളിത് നേതാവായ ചരണ്‍ ജിത് സിംഗ് ചന്നിയെയാണ് മുഖ്യമന്ത്രി പദത്തില്‍ അവരോധിച്ചത്. ചന്നിയാകട്ടെ സിദ്ധുവിന്റെ വിശ്വസ്തനായിരുന്നു. ചന്നിയെ ക്രിക്കറ്റിലേതു പോലെ നൈറ്റ് വാച്ച് മാന്‍ എന്നാണ് എല്ലാവരും വിശേഷിപ്പിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുന്‍നിറുത്തി മത്സരിക്കുമെന്ന് സിദ്ധു വിചാരിച്ചുപക്ഷേ, അവസരം കിട്ടിയപ്പോള്‍ ചന്നിയിലെ രാഷ്ട്രീയക്കാരന്‍ ഉണര്‍ന്നു. സിദ്ധുവിനെ പിന്‍ സീറ്റ് ഡ്രൈവറാകാന്‍ അനുവദിച്ചില്ല. മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ സിദ്ധുവിന്റെ പിടിവാശികള്‍ ചന്നി തള്ളിക്കളഞ്ഞു. ഇതു സിദ്ധുവിനെ വല്ലാതെ ചൊടിപ്പിച്ചു.
ഇതിലും വലിയ പ്രശ്‌നമായത് സുഖ് ജിന്ദര്‍ സിംഗ് രണ്‍ധാവയെ ഉപമുഖ്യമന്ത്രിയാക്കിയതാണ്. സിദ്ധുവിന്റെ വിശ്വസ്തനായിരുന്നു രണ്‍ധാവ. പക്ഷേ, അടുത്ത മുഖ്യമന്ത്രിക്കസേരയിലേക്കു രണ്‍ധാവയുടെ പേരുയര്‍ന്നപ്പോള്‍ സിദ്ധു തന്നെയാണ് വെട്ടിയത്. തന്നെക്കാള്‍ മിടുക്കനായ രണ്‍ധാവ മുഖ്യമന്ത്രിയായാല്‍ തന്റെ സ്വപ്‌നങ്ങള്‍ വീണടിയുമെന്ന ഭയമായിരുന്നു രണ്‍ധാവയെ വെട്ടാന്‍ സിദ്ധു മുന്നില്‍ നില്‍ക്കാന്‍ കാരണം. അങ്ങനെയാണ് ചന്നിക്കു നറുക്കു വീണത്.
രണ്‍ധാവയെ ഉപമുഖ്യമന്ത്രിയാക്കിയതും സിദ്ധുവിന് ഇഷ്ടപ്പെട്ടില്ല. ഡിജിപി, അഡ്വക്കേറ്റ് ജനറല്‍ സ്ഥാനങ്ങളിലേക്ക് പുതിയ നിയമനങ്ങള്‍ നടത്തിയതും തന്നെ അറിയിച്ചില്ലെന്നാണ് സിദ്ധുവിന്റെ പരാതി.
സമ്മര്‍ദ്ദ തന്ത്രമെന്ന നിലയില്‍ നടത്തിയ രാജി നീക്കം നേതൃത്വം അംഗീകരിച്ചാല്‍ തത്കാലം സിദ്ധു പഞ്ചാബ് രാഷ്ട്രീയത്തില്‍ ആരുമല്ലാതാകും. ബിജെപിയിലേക്ക് ഇനി പോകാനാവില്ല. ആം ആദ്മിക്കാരെയും മുന്‍പ് പറ്റിച്ചിട്ടുണ്ട്. ഇനി രക്ഷ അകാലി ദളില്‍ ചേരുകയോ സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയോ മാത്രമാണ്.
സിദ്ധുവിന്റെ രാജിവാര്‍ത്തയറിഞ്ഞ് അമരീന്ദര്‍ സിംഗ് പ്രതികരിച്ചത് അപ്പോഴേ പറഞ്ഞില്ലേ... എന്നാണ്. അമരീന്ദറാകട്ടെ, ബിജെപിയിലേക്കു ചേക്കേറാന്‍ അണിയറ നീക്കത്തിലാണ്.I told you so…he is not a stable man and not fit for the border state of punjab.
— Capt.Amarinder Singh (@capt_amarinder) September 28, 2021
എല്ലാ പാര്‍ട്ടികളും ആഭ്യന്തര പ്രശ്‌നങ്ങളില്‍ ആടി ഉലയുമ്പോള്‍ പഞ്ചാബില്‍ ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജരിവാള്‍ നേരിട്ടു തന്നെയാണ് ആം ആദ്മിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.
കര്‍ഷകരെ പിണക്കിയ ബിജെപിക്ക് പഞ്ചാബില്‍ ഇക്കുറി റോളൊന്നുമില്ല. മാത്രമല്ല, അവരും അകാലിദളും ഇടഞ്ഞതും സാദ്ധ്യത ഇല്ലാതാക്കി. ഇക്കാരണത്താല്‍ തന്നെ ഭരണത്തുടര്‍ച്ചയ്ക്കുണ്ടായിരുന്ന സാദ്ധ്യത കൂടിയാണ് കോണ്‍ഗ്രസ് ഉള്‍പ്പോരില്‍ കളഞ്ഞുകുളിക്കുന്നത്.
COMMENTS