അഭിനന്ദ് ന്യൂഡല്‍ഹി : യുഎന്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുല്ല ഹസ്സന്‍ അഖുന്‍ദ് അഫ്ഗാനിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയാകും. രൂക...
അഭിനന്ദ്
ന്യൂഡല്‍ഹി : യുഎന്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുല്ല ഹസ്സന്‍ അഖുന്‍ദ് അഫ്ഗാനിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയാകും. രൂക്ഷമായ അധികാര വടംവലിയില്‍ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങുമെന്ന ഘട്ടത്തിലാണ് ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ച് താലിബാന്‍ ഭരണം നിയന്ത്രിക്കാന്‍ ഒരുങ്ങുന്നത്.
താലിബാന്‍ തലവന്‍ ഹിബാദത്തുല്ല അഖുന്‍ദ്‌സാദയാണ് രണ്ടാം നിര നേതാവായ മുല്ല ഹസ്സന്‍ അഖുന്‍ദിന്റെ പേര് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പ്രഖ്യാപിച്ചത്.
താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് കാബൂളില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ സര്‍ക്കാരിലെ അംഗങ്ങളെ പ്രഖ്യാപിച്ചത്. ട്രംപ് ഭരണകൂടവുമായി സമാധാന കരാര്‍ ഒപ്പിട്ട താലിബാന്‍ സംഘത്തലവനും താലിബാന്‍ സഹസ്ഥാപകനുമായ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ രണ്ടാം നിര നേതാവായ മുല്ല ഹസ്സന്‍ അഖുന്‍ദിനു കീഴില്‍ ഉപപ്രധാനമന്ത്രിയാകും.
ഹഖാനി നെറ്റ് വര്‍ക്കിന്റെ നേതാവ് സിറാജുദ്ദീന്‍ ഹഖാനി ആക്ടിംഗ് ആഭ്യന്തര മന്ത്രിയാകും. എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരനാണ് സിറാജുദ്ദീന്‍ ഹഖാനി. ആക്ടിംഗ് ആഭ്യന്തര മന്ത്രിയായ ഹഖാനി വരുന്നതോടെ താലിബാനുമായി സഹകരിക്കാനുള്ള യുഎസ് നീക്കങ്ങള്‍ പാളം തെറ്റിയേക്കാം. ഭീകര സംഘടനകളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ താലിബാനോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഹഖാനി സുപ്രധാന പദവിയില്‍ വരുന്നത്.
മന്ത്രിസഭയിലെ പ്രധാന അംഗങ്ങള്‍
അബ്ദുള്‍ സലാം ഹനാഫി- രണ്ടാം ഉപപ്രധാനമന്ത്രിഅമീര് ഖാന്‍ മുത്തഖി-ആക്ടിംഗ് വിദേശകാര്യ മന്ത്രി
ഹെദായത്തുള്ള ബദ്രി- ആക്ടിംഗ് ധനമന്ത്രി
ദിന്‍ മുഹമ്മദ്- ആക്ടിംഗ് ധനമന്ത്രി
മുഹമ്മദ് എദ്രിസ്-സെന്‍ട്രല്‍ ബാങ്ക് ആക്ടിംഗ് ഗവര്‍ണര്‍
യുഎസ് ഉള്‍പ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ താലിബാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സബീഹുല്ല മുജാഹിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സ്ത്രീകള്‍ക്ക് ആര്‍ക്കും ഭരണ സമിതിയില്‍ ഒരു പ്രാതിനിധ്യവും ഇല്ല. എങ്കിലും വിവിധ വംശങ്ങളും പശ്ചാത്തലങ്ങളും ഉള്‍പ്പെടുന്ന 'വൈവിധ്യമാര്‍ന്ന ഗ്രൂപ്പ്' എന്നാണ് അദ്ദേഹം മന്ത്രിസഭയെ മന്ത്രിസഭയെ മുജാഹിദ് വിശേഷിപ്പിച്ചത്.
രാജ്യത്തെ സ്ഥുസ്ഥിര ഭരണം ഉറപ്പാക്കാനും ആഭ്യന്തരയുദ്ധം ഒഴിവാക്കാനും കഴിയുന്നൊരു ഭരണക്രമം അഫ്ഗാനില്‍ വന്നുകാണാനാണ് ഇന്ത്യയും പാശ്ചാത്യ ലോകവും കാത്തിരിക്കുന്നത്.
പുതിയ താലിബാന്‍ സര്‍ക്കാരിനെ യുഎസ് അംഗീകരിക്കുമോ എന്ന് പറയാന്‍ പ്രത്യേക സമയപരിധിയൊന്നുമില്ലെന്നും രാജ്യത്ത് ശേഷിക്കുന്ന അമേരിക്കക്കാരെ ഒഴിപ്പിക്കാനായി തങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാക്കി പറഞ്ഞു. താലിബാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അവരുമായുള്ള ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: Mullah Hassan Akhund, who has been included in the UN terror list, will be the caretaker Prime Minister of Afghanistan. The Taliban are preparing to take control of the country by announcing an interim government at a time when the country is heading for a civil war amid a bitter power struggle.
COMMENTS