Kozhikode: The mother of a 12 - year - old girl who died of the Nipah virus in Kozhikode is showing minor fever symptoms and kept under observation
സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട്ട് നിപ വൈറസ് ബാധിച്ച് മരിച്ച 12 കാരന്റെ ഉമ്മയ്ക്ക് ചെറിയ പനി ലക്ഷണം കാണുന്നുണ്ടെന്നും അവരെ നിരീക്ഷണത്തിലേക്കു മാറ്റുന്നുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കുട്ടിയുടെ ഉമ്മ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളതിനാല്‍ നേരത്തേ തന്നെ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണത്തിലുള്ളവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജമാക്കിയ നിപ പ്രത്യേക വാര്‍ഡിലേക്കു മാറ്റും. കുട്ടിയുടെ കുടുംബത്തില്‍ മറ്റാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങളൊന്നുമില്ല.
ഇതേസമയം, കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയും റൂട്ട് മാപ്പും പുറത്തിറക്കിയിരുന്നു. സമ്പര്‍ക്ക പട്ടിക ഇനിയും വിപുലപ്പെടാമെന്ന് മന്ത്രി പറഞ്ഞു. കുട്ടിയുമായി പല ആശുപത്രികളും ഇടപഴകാന്‍ സാദ്ധ്യതയുള്ളവരുണ്ട്. കുട്ടിയുമായി രക്ഷിതാക്കള്‍ അഞ്ച് ആശുപത്രികളില്‍ പോയിരുന്നു. സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാന്‍ സാദ്ധ്യത നല്കുന്നത് ഇതാണ്.
അസാധാരണ പനിയുള്ള രോഗികളെ കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സിച്ചിട്ടുണ്ടെങ്കിലോ ഇനിയുള്ള ദിവസങ്ങളില്‍ ചികിത്സ തേടി വരികയോ ചെയ്താല്‍ അറിയിക്കണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്കിയതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഗുരുതര ലക്ഷണങ്ങളോടെ കുട്ടി ചികിത്സ തേടി എത്തിയിട്ടും സ്രവം പരിശോധിക്കാതിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ നടപടി ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓഗസ്റ്റ് 27 ന് വൈകിട്ട് അയല്‍പക്കത്തെ കുട്ടികള്‍ക്കൊപ്പം കുട്ടി കളിക്കാന്‍ പോയി. 28 ന് വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. 29 ന് എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്‌സ് ക്ലിനിക്കില്‍ ഓട്ടോറിക്ഷയില്‍ പോയി. 30 ന് വീട്ടില്‍. ഓഗസ്റ്റ് 31 ന് കുട്ടിയെ മുക്കത്തെ ഇ എം എസ് ആശുപത്രിയില്‍ കാണിക്കുന്നതിനായി കൊണ്ടുപോയി.
ഇ എം എസ് ആശുപത്രിയില്‍ നിന്ന് ഓമശേരി ശാന്തി ആശുപത്രിയിലേക്കു പോയി. അതേ ദിവസം തന്നെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഈ മാസം ഒന്നിന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കുട്ടിയെ മാറ്റി.
ഡോ. രഘുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം പാഴൂരിലെ മുന്നൂരിലുള്ള കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തി. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേന്ദ്രം തിരക്കിട്ട് ദൗത്യസംഘത്തെ കോഴിക്കോട്ടേയ്ക്ക് അയയ്ക്കുകയായിരുന്നു.
Summary: The mother of a 12 - year - old boy who died of the Nipah virus in Kozhikode is showing minor fever symptoms and is being kept under observation, Health Minister Veena George said.
COMMENTS