Many dignitaries, including KPCC president K Sudhakaran, former DGP Loknath Bahra and actor Mohanlal, are in the circle of friends of fraudster Monson
ജാവേദ് റഹ്‌മാന്‍
കോഴിക്കോട്: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ സൗഹൃദ വലയത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയും നടന്‍ മോഹന്‍ ലാലും ഉള്‍പ്പെടെ നിരവധി ഉന്നതര്‍.
അത്യപൂര്‍വമായ പുരാവസ്തുക്കള്‍ നല്കാമെന്നു പറഞ്ഞു നൂറു കോടി രൂപയിലേറെയാണ് പലരില്‍ നിന്നായി മോണ്‍സണ്‍ തട്ടിയെടുത്തത്. ഇയാളുടെ കൈവശമുണ്ടായിരുന്നതിലേറെയും വ്യാജനിര്‍മിതികളായിരുന്നുവെന്നാണ് കണ്ടെത്തല്‍.
ലോകത്തിലെ ഏറ്റവും ചെറിയ ഖുറാന്‍, മോശയുടെ വടി, മുഹമ്മദ് നബി ഉപയോഗിച്ച വിളക്ക്, യേശുവിന്റെ വസ്ത്രം, യേശു ദേവനെ ഒറ്റിക്കൊടുക്കാന്‍ ഉപയോഗിച്ച 30 വെള്ളിക്കാശില്‍ രണ്ടെണ്ണം, അന്തോണിസ് പുണ്യാളന്റെ നഖത്തിന്റെ ഭാഗം, മദര്‍ തെരേസയുടെ മുടി, ടിപ്പു സുല്‍ത്താന്റെ സിംഹാസനം തുടങ്ങി നിരവധി വസ്തുക്കള്‍ തന്റെ പക്കലുണ്ടെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വരെ ഇയാള്‍ ധരിപ്പിച്ചിരുന്നത്. മുന്‍ കേരള ഡിജിപിയും സിബി ഐ മുന്‍ ഡി ഐ ജിയും ദേശീയ അന്വേഷണ ഏജന്‍സിയുടെ വ്യാജ കറന്‍സി സെല്‍ മേധാവിയുമൊക്കെയായിരുന്ന ലോക് നാഥ് ബെഹ്‌റ വരെ ഇതെല്ലാം വിശ്വസിച്ചു. പുരാവസ്തുക്കളോടുള്ള ഭ്രമത്തിനു പേരുകേട്ട മോഹന്‍ലാലും ഇയാളുടെ വ്യാജ ഉരുപ്പടികള്‍ക്കു മുന്‍പില്‍ കുമ്പിട്ടു.
കെ സുധാകരന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ മോന്‍സണോടൊപ്പം
തന്റെ തട്ടിപ്പുകള്‍ക്ക് ഉന്നത ബന്ധങ്ങളും ഉന്നതര്‍ക്കൊപ്പം നിന്ന് എടുത്തു ചിത്രങ്ങളും മോന്‍സണ്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കണ്ട് ഇയാളെ വിശ്വസിച്ചാണ് പലരും പുരാവസ്തുക്കള്‍ക്കായി കോടികള്‍ മുടക്കിയത്. മിക്കവരും അലമാരയില്‍ വച്ച് ആനന്ദിക്കാനല്ല, മറിച്ച് ഇവ വിറ്റ് പിന്നെയും കോടികളുണ്ടാക്കാമെന്ന മോഹത്തില്‍ തന്നെയാണ് ഇയാളുടെ തട്ടിപ്പിന് ഇരയായി കൊടുത്തത്. എത്ര കിട്ടിയാലും പഠിക്കാത്ത മലയാളിയുടെ മനോഭാവം തന്നെയാണ് മോന്‍സണ്‍ സമര്‍ത്ഥമായി മുതലെടുത്തത്.
നടന്‍ മോഹന്‍ ലാല്‍ മോന്‍സണുമൊത്ത്
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഷമീര്‍ ഇത്തരത്തില്‍ പുരാവസ്തുവിനായി മോന്‍സണ് 25 ലക്ഷം രൂപ കൈമാറിയത് കെ സുധാകരന്റെ സാന്നിദ്ധ്യത്തിലായിരുന്നുവെന്നു പറയുന്നു. 2010ല്‍ നടന്ന ഈ കൈമാറ്റത്തെക്കുറിച്ചു തനിക്ക് ഓര്‍മപോലുമില്ലെന്നാണ് സുധാകരന്‍ പറുന്നത്. എന്നാല്‍, സുധാകരനാണ് ഡല്‍ഹിയില്‍ തനിക്കു വേണ്ടി കേന്ദ്ര സര്‍ക്കാരില്‍ ചരടുവലി നടത്തുന്നതെന്നാണ് മോന്‍സണ്‍ പലരോടും പറഞ്ഞിട്ടുള്ളത്. ഇതിനു സുധാകരനുമൊത്തുള്ള ചിത്രങ്ങളും ഇയാള്‍ ഉപയോഗിച്ചിരുന്നു. കെപിസിസി പ്രസിഡന്റായ ശേഷവും സുധാകരനുമായി മോന്‍സണ്‍ അടുത്ത ബന്ധം തുടരുന്നുണ്ടെന്നും ഷമീര്‍ ആരോപിക്കുന്നു.
മോന്‍സന്റെ ഓടുന്നതും ഓടാത്തതുമായ കാറുകള്‍
യുഎഇ ഉള്‍പ്പെടെ രാജ്യങ്ങളിലെ രാജകുടുംബങ്ങള്‍ക്ക് പുരാവസ്തുക്കള്‍ കൈമറായ വകയില്‍ 2,62,000 കോടി രൂപ തന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും മറ്റും സാങ്കേതിക കുരുക്ക് നിമിത്തം പണം സ്വന്തമാക്കാനാവുന്നില്ലെന്നും വൈകാതെ പണം കിട്ടുമെന്നും ഇതിനു സുധാകരന്‍ ഉള്‍പ്പെടെ സഹായിക്കുന്നുണ്ടെന്നുമാണ് മോന്‍സണ്‍ പല ഇടപാടുകാരെയും വിശ്വസിപ്പിച്ചിരുന്നത്.
60 ലക്ഷം രൂപയാണ് തനിക്കു നഷ്ടമായതെന്നും തട്ടിപ്പ് സുധാകരനെ അറിയിച്ചെങ്കിലും ഇടപെട്ടില്ലെന്നും ഷമീര്‍ ആരോപിക്കുന്നു.
കോഴിക്കോട് സ്വദേശി യാക്കൂബില്‍ നിന്ന് രണ്ട് കോടി പത്ത് ലക്ഷം രൂപയാണ് മോന്‍സണ്‍ കൈപ്പറ്റിയത്. പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ കേസില്‍ മോന്‍സണ്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
മോന്‍സണ്‍ വന്‍ തുക മുടക്കി നടത്തിയ ഫോട്ടോ ഷൂട്ടില്‍ നിന്ന്
കഞ്ഞിക്കുഴിയിലെ ഒരു സാധാരണ കുടുംബത്തിലാണ് മോന്‍സണ്‍ ജനിച്ചത്. വിവാഹത്തിനു ശേഷമാണ് ഇയാള്‍ നാടുവിട്ടത്. വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയത് കോടിശ്വരനായാണ്. എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപികയാണ് ഭാര്യ.
പോളി ടെക്‌നിക് ഡിപ്‌ളോമയുമായി നാടുവിട്ട മോന്‍സണ്‍ തിരിച്ചെത്തിയത് ഡോ. മോന്‍സണായിട്ടാണ്. പിന്നീട്, പള്ളിപ്പുറം എന്‍.എസ്.എസ്. കോളജ് കവലയില്‍ സൗന്ദര്യവര്‍ധക ചികിത്സാ കേന്ദ്രം നടത്തി. എന്നാല്‍, കോസ്മറ്റോളജിസ്റ്റ് എന്നു പറഞ്ഞ് കെ സുധാകരനെ മോന്‍സണ്‍ 10 ദിവസം ചികിത്സിച്ചെന്നും വാര്‍ത്തയുണ്ട്. ചികിത്സ തേടിയ കാര്യം സുധാകരനും സ്ഥിരീകരിച്ചു.
ഇതിനിടെയാണ് പുരാവസ്തു വ്യാപാരത്തിലേക്കു തിരിഞ്ഞത്. പുരാവസ്തു കച്ചവടം തുടങ്ങിയതോടെ പൊലീസ് ഉദ്യോഗസ്ഥരടക്കം ഉന്നതരുമായി അടുപ്പമുണ്ടാക്കി. സിനിമ താരങ്ങള്‍, പിന്നണി ഗായകര്‍ ഉള്‍പ്പെടെ അണിനിരത്തി കോടികള്‍ മുടക്കി ആഘോഷം സംഘടിപ്പിച്ചു താരങ്ങളെ വലയിലാക്കി. പുരാവസ്തുക്കളെന്ന് അവകാശപ്പെട്ട് ഇയാള്‍ കൈവശംവച്ചിരിക്കുന്നവയില്‍ മിക്കവാറും എല്ലാം എറണാകുളത്തുനിന്ന് ആക്രി വിലയ്ക്കു വാങ്ങിയതാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വ്യാജവസ്തുക്കള്‍ വാങ്ങി കബളിപ്പിക്കപ്പെട്ടവര്‍ കൊടുത്ത ലക്ഷങ്ങള്‍ക്കും കോടികള്‍ക്കും വേണ്ടി സമീപിക്കുമ്പോള്‍ ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധങ്ങള്‍ പറഞ്ഞ് അവരെ വിരട്ടി വിടുകയായിരുന്നു പതിവ്.
കലൂരില്‍ മോന്‍സണ്‍ താമസിച്ചിരുന്ന ആഡംബര വീടിന് പ്രതിമാസം 50,000 രൂപയായിരുന്നു വാടക. എട്ടു മാസമായി വീട്ടുവാടക നല്‍കിയിട്ടില്ലെന്നു പൊലീസ് പറയുന്നു. താന്‍ കോടീശ്വരനാണെന്നു കാണിക്കാനായി കേടായ വിദേശ കാറുകളും ഇയാള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. വേള്‍ഡ് പീസ് കൗണ്‍സില്‍ മെമ്പര്‍, പ്രവാസി മലയാളി ഫൗണ്ടേഷന്‍ രക്ഷാധികാരി, ഹ്യൂമന്‍ റ്റൈറ്റ് പ്രെട്ടക്ഷന്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ സ്ഥാനപ്പേരുകള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ ഇയാളുടെ വീടിനു മുന്നിലുണ്ട്. തോക്കു ധാരികളായ അംഗരക്ഷകരോടൊപ്പമേ ഇയാള്‍ പുറത്തു പോകാറുള്ളൂ. ഈ തോക്കുകളെല്ലാം കളിത്തോക്കുകളാണെന്നാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് പറയുന്നത്!
RR need to address batting frailties for returning to winning ways in IPL
Summary: Many dignitaries, including KPCC president K Sudhakaran, former DGP Loknath Bahra and actor Mohanlal, are in the circle of friends of fraudster Monson Mavungal. Monson has extorted more than Rs 100 crore from many people on the pretext of donating antiquities. Most of his possessions were found to be counterfeit.
COMMENTS