Muyeen Ali Thangal, National Vice President of the Youth League, said that PK Kunhalikutty was responsible for the notice sent to Panakkad Thangal
കോഴിക്കോട് : മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നോട്ടീസ് അയച്ചതിന് കാരണക്കാരന്‍ പി കെ കുഞ്ഞാലിക്കുട്ടിയെന്ന് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയീന്‍ അലി തങ്ങള്‍.
ചരിത്രത്തില്‍ ആദ്യമായാണ് പാണക്കാട് കുടുംബത്തില്‍ നിന്ന് ഒരു അംഗം ഇത്തരത്തിലൊരു വിമര്‍ശവുമായി രംഗത്തുവരുന്നത്. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക വിഷമത്തിലാണെന്നും ഇതിനു കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നും പാണക്കാട്ട് കുടുംബത്തില്‍ ഇങ്ങനൊരു സ്ഥിതി മുന്‍പ് ഉണ്ടായിട്ടില്ലെന്നും മുയീന്‍ അലി തങ്ങള്‍ കോഴിക്കോട്ട് ലീഗ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിയിലെ പണം ചന്ദ്രിക പത്രത്തിനു നല്കി വെളുപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് കൂടിയായ ചന്ദ്രികയുടെ അഭിഭാഷകന്‍ മുഹമ്മദ് ഷായാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. ഇതിലാണ് മുയിന്‍ അലിയുടെ കുഞ്ഞാലിക്കുട്ടിക്കെതിരേ ആഞ്ഞടിച്ചത്. ചന്ദ്രിക നടത്തിപ്പിന്റെ ചുമതലയുള്ളയാളാണ് മുയീന്‍ അലി തങ്ങള്‍.ട്രഷറര്‍മാരല്ല മുസ്ലിം ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ 40 വര്‍ഷമായി ലീഗിന്റെ എല്ലാ ഫണ്ടും കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയില്‍ ഇന്നുണ്ടായിരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞുമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു വാര്‍ത്താ സമ്മേളനം വിളിച്ചത്.
ചന്ദ്രികയില്‍ കുത്തഴിഞ്ഞ അവസ്ഥയാണുള്ളത്. വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളുമായി ഹൈദരലി തങ്ങള്‍ക്ക് ബന്ധമില്ല. ഇപ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന എല്ലാ ആരോഗ്യ പ്രയാസങ്ങള്‍ക്കും കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണ്.
കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ ഫിനാന്‍സ് ഡയറക്ടറെ നിയമിച്ചാണ് ചന്ദ്രികയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. 12 കോടി രൂപയുടെ ബാധ്യതയാണ് ചന്ദ്രികയ്ക്കുള്ളത്. ഇത് മുഴവന്‍ കഴിവുകെട്ട ഫിനാന്‍സ് ഡയറക്ടര്‍ നിമിത്തമുണ്ടായതാണ്. ഇയാളെ പുറുത്താക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറല്ല.
ഈ സാമ്പത്തിക പ്രയാസത്തിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്തില്‍ ഹൈദരലി തങ്ങള്‍ രോഗിയായി. ലീഗിലെ വണ്‍മാന്‍ഷോ അവസാനിപ്പിക്കണം.
കുഞ്ഞാലിക്കുട്ടിയില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണ് മുസ്ലിം ലീഗ്. പാര്‍ടിയില്‍ പുനര്‍വിചിന്തനം അത്യാവശ്യമാണ്. കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുന്നു, മുയിന്‍ അലി തങ്ങള്‍ ആരോപിച്ചു.
പാണക്കാട് ഹൈദരലി തങ്ങളെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസ് പിന്‍വലിക്കണമെന്ന് കെ ടി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുയിന്‍ അലി വാര്‍ത്താ സമ്മേളനം നടത്തിയതും.
ഇതിനിടെ, വാര്‍ത്താ സമ്മേളനത്തിലേക്കു പ്രതിഷേധവുമായി ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരെത്തി. റാഫി പുതിയകടവ് എന്ന ലീഗ് പ്രവര്‍ത്തകന്‍ 'കുഞ്ഞാലിക്കുട്ടിക്കെതിരെ പറയാന്‍ നീയാരടാ' എന്നു ചോദിച്ചുകൊണ്ട് മുയീന്‍ അലിക്കു നേരേ പാഞ്ഞടുത്തു. ലീഗ് ഹൗസിലെ പ്രവര്‍ത്തകര്‍ ഇളാളെ പിടിച്ചുമാറ്റുകയായിരുന്നു. ഇതോടെ വാര്‍ത്താ സമ്മേളനം അലങ്കോലപ്പെട്ടു. പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോഴും ഭീഷണി ഉയര്‍ന്നു.
പാണക്കാട് കുടുംബത്തിലെ ഒരു അംഗം തന്നെ ഇത്തരമൊരു പ്രതിഷേധവുമായി രംഗത്തുവന്നത് ലീഗ് നേതൃത്വത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.
Summary: Muyeen Ali Thangal, National Vice President of the Youth League, said that PK Kunhalikutty was responsible for the notice sent to Panakkad Hyderali Shihab in the case of money laundering in Chandrika daily, by the Enforcement Directorate.
COMMENTS