President Joe Biden has said that U.S. forces will remain in Taliban-controlled Kabul until all Americans in Afghanistan are repatriated
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലുള്ള എല്ലാ അമേരിക്കക്കാരെയും മടക്കിക്കൊണ്ടു വരുന്നതുവരെ താലിബാന്‍ നിയന്ത്രണത്തിലുള്ള കാബൂളില്‍ യുഎസ് സേന തുടരുമെന്നു പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
താലിബാനോടു സമ്മതിച്ചതിലും കൂടുതല്‍ കാലം യുഎസ് സേനയ്ക്ക് കാബൂളില്‍ തങ്ങേണ്ടിവന്നാലും സ്വന്തം പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനം പിടിച്ചെടുത്ത ശേഷം നടത്തിയ ആദ്യ അഭിമുഖത്തില്‍, ഇപ്പോഴത്തെ 'അരാജകത്വം' ഒഴിവാക്കാനാവാത്തതാണെന്ന് ബൈഡന്‍ എബിസി ന്യൂസിനോട് പറഞ്ഞു.
മുന്‍ നിശ്ചയിച്ചതു പോലെ ഓഗസ്റ്റ് 31 നകം അമേരിക്കന്‍ സേന വിട്ടുപോരുന്ന കാര്യമാണ് ഇപ്പോഴും പരിഗണനയില്‍. എങ്കിലും, ഏതെങ്കിലും അമേരിക്കക്കാര്‍ അപ്പോഴും അവിടെ ബാക്കിയുണ്ടെങ്കില്‍ യുഎസ് സൈനികര്‍ കൂടുതല്‍ കാലം കാബൂളില്‍ തുടരും. കുടുതല്‍ വിശദാംശങ്ങള്‍ നല്കാന്‍ യുഎസ് പ്രസിഡന്റ് തയ്യാറായില്ല.
കാബൂള്‍ വിമാനത്താവളം സുരക്ഷിതമാക്കുന്നതിനും ഒഴിപ്പിക്കല്‍ സുഗമമാക്കുന്നതിനും യുഎസ് സൈന്യം തുടരുന്നതിനാല്‍ ഇപ്പോള്‍ താലിബാന്‍ വിമാനത്താവളത്തില്‍ നിന്നു മാറി നില്‍ക്കുകയാണ്.
നഗരത്തിന്റെ ബാക്കി ഭാഗങ്ങളില്‍ ഭീകരര്‍ക്കു പൂര്‍ണ്ണ നിയന്ത്രണമുണ്ട്. എല്ലാ ചെക് പോയിന്റുകളും അവരുടെ നിയന്ത്രണത്തിലാണ്. ആര്‍ക്കാണ് കടന്നുപോകേണ്ടതെന്നും ആരാണ് കടന്നുപോകാത്തതെന്നും തീരുമാനിക്കാന്‍ അവര്‍ക്കു കഴിയുന്നു. വിദേശ സേനയ്ക്ക് വിമാനത്താവളത്തിന്റെ പരിധിക്കപ്പുറം സുരക്ഷിതമായി പോകാനും കഴിയാത്ത സ്ഥിതിയാണ്.
യുഎസ് സേന ഒഴിപ്പിക്കല്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. അവിടെനിന്നു സേനയ്ക്ക് അനായാസം പുറത്തുവരാമെന്നു കരുതുന്നില്ലെന്നഉം ബൈഡന്‍ പറഞ്ഞു.
നിരവധി വര്‍ഷങ്ങളായി യുദ്ധം ചെയ്യുന്ന യുഎസ് സേനയെ താലിബാന്‍ നിലവില്‍ സഹായിക്കുകയാണെന്നും ബൈഡന്‍ പറയുന്നു. വിദേശ പൗരന്മാരെ രക്ഷപ്പെടുത്താനാണ് താലിബാന്റെ സഹായം ഏറ്റവും കൂടുതല്‍ കിട്ടുന്നതെന്നും ബൈഡന്‍ പറയുന്നു. 'അവര്‍ സഹകരിക്കുന്നു. അമേരിക്കന്‍ പൗരന്മാരെ പുറത്തുപോകാന്‍ അനുവദിക്കുന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥരെ പുറത്തെത്തിക്കുന്നു. എംബസികളില്‍ നിന്നു നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്തു പോകാന്‍ സഹായിക്കുന്നു, ബൈഡന്‍ പറഞ്ഞു.
എങ്കിലും നേരത്തേ യുഎസ് സേനയെ സഹായിച്ചവര്‍ കൂടുതല്‍ ബുദ്ധിമുട്ടിലാണ്. യുഎസ്, വിദേശ സേനകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക അഫ്ഗാനികള്‍ക്കു മേല്‍ പ്രതികാര നടപടിയുണ്ടാകാമെന്ന ആശങ്കയുണ്ടെന്നും ബൈഡന്‍ പറയുന്നു.
തന്റെ ഭരണകൂടത്തിന് വലിയൊരു ഇന്റലിജന്‍സ് വീഴ്ച സംഭവിച്ചുവെന്ന വിമര്‍ശനങ്ങളെ പ്രസിഡന്റ് തള്ളിക്കളഞ്ഞു.
COMMENTS