The Taliban promised provide security to the Indian embassy in Kabul. Meanwhile they collect as many documents as possible from the closed consulates
അഭിനന്ദ്
ന്യൂഡല്‍ഹി : കാബൂളിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിക്കരുതെന്നും സുരക്ഷ നല്കാമെന്നും ഉറപ്പു പറഞ്ഞ താലിബാന്‍ അഫ്ഗാനിസ്ഥാനിലെ അടച്ചുപൂട്ടിയ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍നിന്ന് കിട്ടാവുന്നത്ര രേഖകള്‍ ശേഖരിക്കുകയും കാറുകള്‍ എടുത്തുകൊണ്ടു പോവുകയും ചെയ്തു.
കാണ്ഡഹാറിലെയും ഹെറത്തിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ ബുധനാഴ്ചയായിരുന്നു താലിബാന്‍ കടന്നുകയറ്റം. ഈ രണ്ട് ഓഫീസുകളും ഇന്ത്യ ഏതാനും ദിവസം മുന്‍പ് പൂട്ടിയിരുന്നു. കാബൂളിലെ എംബസിക്ക് പുറമെ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയ്ക്കു നാല് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ കൂടി ഉണ്ടായിരുന്നു.
ഇന്ത്യന്‍ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പുനല്‍കുമെന്ന് താലിബാന്റെ ഖത്തര്‍ ഓഫീസില്‍ നിന്നാണ് ഇന്ത്യയ്ക്കു സന്ദേശം കിട്ടിയത്. ഈ സന്ദേശങ്ങള്‍ താലിബാന്റെ രാഷ്ട്രീയ യൂണിറ്റിന്റെ തലവനായ അബ്ബാസ് സ്റ്റാനിക്സായിയുടെ ഓഫീസില്‍ നിന്ന് അയച്ചതാണ്.
താലിബാന്‍ നേതൃത്വം പാകിസ്ഥാന്റെയും ചൈനയുടെയും കളിപ്പാവകളായതിനാല്‍ ഇന്ത്യ ഇതു തീര്‍ത്ത് വിശ്വസിക്കുന്നില്ല. മാത്രമല്ല, വൈകാതെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തുമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ ആയുധങ്ങള്‍ ഭീകരര്‍ പിടിച്ചെടുക്കുകയും അമേരിക്കന്‍ സൈനികരുടെ യൂണിഫോമില്‍ യുഎസ് വാഹനങ്ങളില്‍ ഭീകരര്‍ സഞ്ചരിക്കുന്നതും അമേരിക്കയ്ക്കു കടുത്ത അവമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. അഫ്ഗാനിലുള്ള യുഎസ് പൗരന്മാരെ ഒഴിപ്പിച്ചാല്‍ വ്യോമാക്രമണത്തിനു സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെയും പൗരന്മാരുടെയും ജീവന്‍ വച്ചു കളിക്കാന്‍ ഇന്ത്യ ഒരുക്കമല്ല.
ഇന്ത്യന്‍ നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് ഇന്ത്യയെ താലിബാന്‍ അറിയിച്ചിട്ടുണ്ട്. ലഷ്‌കര്‍, ജെയ്ഷ് തുടങ്ങിയ ഗ്രൂപ്പുകളില്‍ നിന്ന് എംബസിക്കോ ജീവനക്കാര്‍ക്കോ നേരെ ആക്രമണമുണ്ടാകില്ലെന്നും താലിബാന്‍ ഉറപ്പുകൊടുത്തിട്ടുണ്ട്.
ഭീകര ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണിയുണ്ടെന്നു തന്നെയാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നത്. ഇതും സുരക്ഷാ സാഹചര്യവും കണക്കിലെടുത്ത് നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും തിരിച്ചുകൊണ്ടുവരാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരിട്ടാണ് സ്ഥിതി വിലയിരുത്തുന്നത്.
താലിബാന്‍ കാബൂളില്‍ പ്രവേശിച്ചപ്പോള്‍ വ്യോമസേനയുടെ രണ്ട് സി -17 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളില്‍ കഴിയുന്നത്ര ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ സ്ഥിതി കുത്തനെ വഷളായി. ഇതോടെ ബാക്കിയുള്ളവരെ ഒഴിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇന്ത്യന്‍ എംബസി താലിബാന്‍ സേനയുടെ നിരീക്ഷണത്തിലുമാണ്.
45 ഇന്ത്യന്‍ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച ഒഴിപ്പിച്ചിരുന്നു. വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ താലിബാന്‍ സേന അവരെ തടഞ്ഞ് വ്യക്തിഗത വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. അംബാസഡര്‍ രുദ്രേന്ദ്ര ടണ്ടന്‍ ഉള്‍പ്പെടെ 120 -ലധികം പേരെ ചൊവ്വാഴ്ച ഒഴിപ്പിച്ചിരുന്നു.
കാബൂളിലും മറ്റ് അഫ്ഗാനിസ്ഥാന്‍ നഗരങ്ങളിലും ഇപ്പോഴും ഇന്ത്യന്‍ പൗരന്മാരുണ്ട്. ഗുരുദ്വാരയില്‍ അഭയം പ്രാപിച്ച 200 ഓളം സിഖുകാരും ഹിന്ദുക്കളും അടങ്ങുന്ന ഒരു സംഘവും അവിടെയുണ്ട്. കാബൂളിലെ ഗുരുദ്വാരയിലെത്തിയ താലിബാന്‍ നേതാക്കള്‍ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും അപായമുണ്ടാവില്ലെന്ന് പറഞ്ഞിരുന്നു. ഇതും തീര്‍ത്തു വിശ്വസിക്കാനാവാത്ത സ്ഥിതിയാണ്.
Summary: The Taliban promised provide security to the Indian embassy in Kabul. Meanwhile they collect as many documents as possible from the closed Indian consulates in Afghanistan and take away the cars. The Taliban stormed Indian consulates in Kandahar and Herat on Wednesday. Both these offices were closed by India a few days ago. In addition to the embassy in Kabul, India had four other consulates in Afghanistan.
COMMENTS