Southern Region IG Harshita Atalloori will investigate the incident in which an eight-year-old girl and her father were publicly tried by pink police
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഫോണ്‍ മോഷണം ആരോപിച്ച് ആറ്റിങ്ങലില്‍ എട്ടു വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവം ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും.
അച്ഛനും മകളും ഇന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിനു കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. തുടര്‍ന്നാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഈ വിഷയത്തില്‍ ഡിവൈ സ്പി സുനീഷ് ബാബു പ്രാഥമിക അന്വേഷണം നടത്തി റൂറല്‍ എസ് പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്ന് പിങ്ക് പോലീസ് സ്‌ക്വാഡ് ഓഫീസറായ സി പി രജിതയെ ആറ്റിങ്ങലില്‍നിന്ന് സ്ഥലംമാറ്റിയിരുന്നു. ഇതു കൂടാതെ 15 ദിവസത്തെ പരിശീലനവും നിര്‍ദ്ദേശിച്ചിരുന്നു.
ഐഎസ്ആര്‍ഒയിലേക്കു ചേംബറുകളുമായി പോയ കൂറ്റന്‍ ട്രെയിലര്‍ കാണാന്‍ ആറ്റിങ്ങല്‍ മൂന്നുമുക്കിലെത്തിയ തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഓഫീസറായ രജിത പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഭയന്നുപോയ കുഞ്ഞിനെ വീണ്ടും ഭയപ്പെടുത്തുന്ന തരത്തിലായിരുന്നു രജിതയുടെ സംസാരം. കുട്ടി നിലവിളിച്ചു കരയുമ്പോഴും അത് അവഗണിച്ച് തന്റെ ഫോണ്‍ അവര്‍ മോഷ്ടിച്ചുവെന്ന നിലപാടിലായിരുന്നു രജിത.
തുടര്‍ന്ന് നടുറോഡില്‍ മൂന്നാം ക്‌ളാസുകാരിയുടെ മുന്നിലിട്ട് അച്ഛനെ ഉടുവസ്ത്രം ഉയര്‍ത്തി പരിശോധിക്കുകയായിരുന്നു.
ആരോപണ വിധേയരായ അച്ഛനും മകളും കുറ്റം ചെയ്തിട്ടില്ലെന്നു വ്യക്തമായിട്ടും രജിത അവരോടു ക്ഷമ ചോദിക്കാതെ തട്ടിക്കയറിയതും നടപടിക്കു കാരണമായിട്ടുണ്ട്. എട്ടു വയസ്സുമാത്രമുള്ള പെണ്‍കുഞ്ഞ്് മുന്നില്‍ നിന്നു പൊട്ടിക്കരഞ്ഞിട്ടും ലേശവും മനുഷ്യത്വം കാട്ടാതെ അച്ഛനെയും മകളെയും ചോദ്യം ചെയ്തതും നടപടിക്കു കാരണമായി.
സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടതോടെയാണ് പൊലീസും ഉണര്‍ന്നത്. പൊലീസുകാരിയുടെ ചോദ്യം ചെയ്യലില്‍ ഭയന്നു കരഞ്ഞ പെണ്‍കുഞ്ഞിനെ അവഗണിച്ചാണ്, വനിതാ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട, പിങ്ക് പൊലീസ് പരാക്രമം കാട്ടിയത്.ഊരുപൊയ്ക കോട്ടറ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളിയായ ജയചന്ദ്രനും മകള്‍ക്കുമാണ് പൊലീസില്‍ നിന്നു വളരെ മോശമായ അനുഭവം ഉണ്ടായത്.
ഐഎസ് ആര്‍ ഒയിലേക്കു റോക്കറ്റ് ഭാഗം കൊണ്ടുപോകുന്ന കൂറ്റന്‍ വാഹനം വരുന്ന വഴിയില്‍ ഗതാഗതം നിയന്ത്രിക്കുന്ന ജോലിയിലായിരുന്നു പൊലീസ്.
ഇതിനിടെ, തന്റെ ഫോണ്‍ കളഞ്ഞുപോയെന്നും അതു ജയചന്ദ്രന്‍ എടുത്തുവെന്നുമാണ് ഒരു തെളിവുമില്ലാതെ പൊലീസുകാരി ആരോപിച്ചത്. താന്‍ ഫോണ്‍ എടുത്തിട്ടില്ലെന്ന് ജയചന്ദ്രന്‍ പറഞ്ഞപ്പോള്‍ പൊലീസുകാരി എട്ടു വയസ്സുള്ള കുട്ടിക്കു നേരേ തിരിഞ്ഞു. അച്ഛന്‍ എടുത്തു തന്ന ഫോണ്‍ എവിടെയെന്നു ചോദിച്ചു പൊലീസുകാരി കുട്ടിയോടു കയര്‍ത്തു. കുട്ടി ഭയന്നു കരഞ്ഞുവെങ്കിലും പൊലീസുകാരിയുടെ മനസ്സലിഞ്ഞില്ല.
ഫോണ്‍ എടുത്തിട്ടില്ലെന്നു ജയചന്ദ്രന്‍ വിനീതനായി പറഞ്ഞുവെങ്കിലും പൊലീസ് അതു വിശ്വസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നു നടുറോഡില്‍ ജയചന്ദ്രന്റെ വസ്ത്രം ഉയര്‍ത്തി പരിശോധിച്ചു.
ആള്‍ക്കൂട്ടം കണ്ട് ഗതാഗതം നിയന്ത്രിക്കുന്ന തിരക്കില്‍ നിന്ന മറ്റു പൊലീസുകാര്‍ എത്തി മോഷ്ടിക്കപ്പെട്ടെന്നു പറഞ്ഞ ഫോണിലേക്കു വിളിച്ചു. ഫോണ്‍ കാറില്‍ തന്നെ പൊലീസുകാരിയുടെ ബാഗില്‍ ശബ്ദിച്ചു. ഇതോടെ, നാട്ടുകാരും ഇടപെട്ടു. ജയചന്ദ്രനോട് ഒരു ക്ഷമ പറയാതെയും കരയുന്ന കുഞ്ഞിനെ അവഗണിച്ചും വനിതാ പൊലീസുകാര്‍ സ്ഥലം വിട്ടു.
സംഭവം കണ്ടുനിന്ന നാട്ടുകാര്‍ പകര്‍ത്തിയ ക്‌ളിപ്പിംഗ് വ്യാപകമായി പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇടപെടുകയായിരുന്നു.
ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ വീട്ടിലെത്തി കുഞ്ഞിന്റെ മൊഴി എടുത്തു. കുട്ടിക്ക് എത്രയും പെട്ടെന്നു കൗണ്‍സലിങ് നല്കാന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് ബാലാവകശാ കമ്മിഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
പിന്നാലെ ആറ്റിങ്ങല്‍ ക്രൈം എസ് ഐ ബിനിമോളുടെ നേതൃത്വത്തില്‍ പൊലീസുകാരും വീട്ടിലെത്തി കുട്ടിയുടെയും അച്ഛന്റെയും മൊഴി രേഖപ്പെടുത്തി.
ഏതാനും ദിവസം മുന്‍പ് ആറ്റിങ്ങലില്‍ മാല മോഷണം നടത്തിയതും മൊബൈല്‍ ഫോണ്‍ കടയില്‍ കയറി മോഷണം നടത്തിയതും തന്റെ രൂപസാദൃശ്യമുള്ള ആളാണെന്നു കൂടി പൊലീസുകാരി പറഞ്ഞതും ജയചന്ദ്രനെ ഏറെ അപമാനിതനാക്കിയിരുന്നു.
മുന്‍പ് നാട്ടില്‍ ഒരു വിവാഹ ചടങ്ങിനു വന്ന യുവാക്കളില്‍ ഒരാളുടെ ഫോണ്‍ ജയചന്ദ്രനു കളഞ്ഞുകിട്ടിയിരുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു പരിചയമില്ലാത്ത ജയചന്ദ്രന്‍ അതിലേക്കു തുടരെ വന്ന കോളിന്റെ നമ്പര്‍ നോക്കി സ്വന്തം ഫോണില്‍ നിന്നു തിരികെ വിളിച്ചാണ് ഫോണിന്റെ ഉടമയ്ക്ക് അതു തിരിച്ചുകൊടുത്തത്.
അന്ന് യുവാക്കള്‍ ജയചന്ദ്രന് പാരിതോഷികവും നല്കിയാണ് മടങ്ങിയത്. അങ്ങനെ സത്യസന്ധത കാട്ടിയ ചെറുപ്പക്കാരനെയാണ് ഇല്ലാത്ത ഫോണ്‍ മോഷണത്തിന്റെ പേരില്‍ പൊലീസുകാരികള്‍ അരമണിക്കൂറോളം നടുറോഡില്‍ ഭയുന്ന കരയുന്ന കുഞ്ഞിന്റെ മുന്നിലിട്ടു പീഡിപ്പിച്ചത്.
Summary: Southern Region IG Harshita Atalloori will investigate the incident in which an eight-year-old girl and her father were publicly tried by a pink police officer in Attingal for allegedly stealing a phone. The father and daughter today lodged a complaint with state police chief Anil Kant seeking further investigation. The DGP then ordered an inquiry.
COMMENTS