Sonu Kumar Modi, who was arrested yesterday, was a former employee of Rakhil, who committed suicide after shooting dead PV Manasa
റോയ് പി തോമസ്
കൊച്ചി: കോതമംഗലം ഡെന്റല്‍ കോളേജ് ഹൗസ് സര്‍ജന്‍ പി വി മാനസയെ വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെ മുന്‍ ജീവനക്കാരനായിരുന്നു ഇന്നലെ അറസ്റ്റിലായ സോനു കുമാര്‍ മോഡിയെന്നു വ്യക്തമായി.
രഖിലിന്റെ ഫോണില്‍ നിന്നാണ് സോനു കുമാറിന്റെ നമ്പര്‍ കേരള പൊലീസിന് കിട്ടിയത്. രഖിലും കൂട്ടുകാരന്‍ ആദിത്യനും ചേര്‍ന്ന് ബംഗളൂരുവില്‍ നടത്തിയ ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു സോനു കുമാര്‍. ആദിത്യനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പൊലീസിനു കിട്ടിയത്.രഖില്‍ ഉപയോഗിച്ച വഴിയേ തന്നെയാണ് സോനു കുമാറിനെ പൊലീസ് കുടുക്കിയത്.തോക്കു വേണമെന്ന് ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ചാണ് സോനു കുമാര്‍ മോഡിയെ പൊലീസ് വലയിലാക്കിയത്.
സ്വന്തം രക്ഷയ്ക്ക് തോക്ക് വേണമെന്ന് ആവശ്യപ്പെട്ട് സോനു കുമാറിനെ മുന്‍ ബന്ധം വച്ച് രഖില്‍ വിളിച്ചു. ഇതിനു മുന്‍പു തന്നെ ബിഹാറില്‍ തോക്ക് ലഭ്യമാണെന്ന് ഇന്റര്‍നെറ്റ് വഴി രഖില്‍ മനസ്സിലാക്കിയിരുന്നു. ബിഹാറില്‍ വന്നാല്‍ തോക്ക് വാങ്ങിനല്‍കാമെന്ന് സോനുകുമാര്‍ രഖിലിന് ഉറപ്പുകൊടുക്കുകയായിരുന്നു.തോക്ക് ആവശ്യപ്പെട്ടുപ്പോള്‍ മുന്‍ഗര്‍ ജില്ലയിലെ പര്‍സന്തോ ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് വരാന്‍ സോനുകുമാര്‍ ആവശ്യപ്പെടുകയായിരുന്നു. കേരള-ബിഹാര്‍ പൊലീസ് അംഗങ്ങള്‍ മഫ്തിയില്‍ അവിടെയെത്തി.
സോനു കുമാറിന് അരികിലായി അയാളുടെ കൂട്ടാളികളുമുണ്ടായിരുന്നു. മഫ്തിയിലെത്തിയ ബിഹാര്‍ പൊലീസിനെ പെട്ടെന്നു സംഘം തിരിച്ചറിഞ്ഞു. ഇതോടെ, സംഘം ആക്രമണത്തിന് തുനിഞ്ഞു. ബിഹാര്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ഇതോടെ സംഘം ഓടി രക്ഷപ്പെട്ടു. സോനു കുമാര്‍ ഒറ്റപ്പെട്ടുപോവുകയും പെലീസിന്റെ പിടിയിലാവുകയും ചെയ്തു.
മാനസയെ കൊല്ലാനുപയോഗിച്ച തോക്ക് പ്രയോഗിക്കാന്‍ പരിശീലനം അത്യാവശ്യമാണെന്നു പൊലീസ് പറയുന്നു. പ്രത്യേകിച്ചു ദേഹത്തോടു ചേര്‍ത്തു വച്ചു വെടിവയ്ക്കുമ്പോള്‍ തോക്ക് തെന്നിപ്പോകാന്‍ സാദ്ധ്യത ഏറെയാണ്. നല്ല പരിശീലനം കിട്ടാതെ ഇതു ഉപയോഗിക്കാന്‍ സാദ്ധ്യമല്ല.രഖില്‍ ആയുധപരിശീലനം തേടിയത് ബിഹാറില്‍ നിന്നുതന്നെയാണെന്ന് അന്വേഷകസംഘം കണ്ടെത്തി. മുന്‍ഗറില്‍ വച്ചു തന്നെ തോക്ക് ഉപയോഗിക്കാന്‍ രഖിലിനു പരിശീലനം കിട്ടിയിരുന്നതായാണ് ലഭിക്കുന്ന വിവരം. പത്തുദിവസം രഖില്‍ ബിഹാറില്‍ തങ്ങിയിരുന്നു. തോക്ക് ലഭിച്ചിട്ടും ബിഹാറില്‍ തുടര്‍ന്നത് ആയുധപരിശീലനം നേടാന്‍ വേണ്ടിയായിരുന്നു.
ഈ കേസില്‍ ഇപ്പോള്‍ ബിഹാര്‍ പൊലീസിനും താത്പര്യം ഏറിയിരിക്കുകയാണ്. കാരണം, ബിഹാര്‍-പശ്ചിമ ബംഗാള്‍ അതിര്‍ത്തിയിലെ സജീവമായ ആയുധ മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ ഈ അന്വേഷണത്തിലൂടെ കഴിയുമെന്നാണ് ബിഹാര്‍ പൊലീസ് കരുതുന്നത്. ആയുധവ്യാപാര സംഘത്തില്‍ ഉന്നതര്‍ക്കു ബന്ധമുള്ളതായും സംശയം ബലപ്പെട്ടിട്ടുണ്ട്.
സോനു കുമാറിനു പിന്നാലെ അറസ്റ്റിലായ ഇടനിലക്കാരന്‍ യൂബാര്‍ ടാക്‌സി ഡ്രൈവര്‍ മനീഷ് കുമാര്‍ വര്‍മയ്ക്കും ആയുധ ഇടപാടുകാരെക്കുറിച്ചു വ്യക്തമായ വിവരം നല്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.സോനുകുമാറും മനീഷ് കുമാറും സുഹൃത്തുക്കളാണ്. ആയുധ വ്യാപാര സംഘത്തിന്റെ ഏജന്റാണ് മനീഷ്‌കുമാര്‍ വര്‍മ. ആയുധപരിശീലനത്തിന് രഖിലിനെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത് മനീഷ്‌കുമാറിന്റെ ടാക്സിയിലായിരുന്നു.
തോക്ക് വാങ്ങാനെത്തിയ രഖിലിനെ പട്‌നയില്‍ നിന്ന് 175 കിലോ മീറ്റര്‍ അകലെ മുന്‍ഗറില്‍ കൊണ്ടുപോയതും മനീഷ് കുമാറിന്റെ ടാക്സിയിലായിരുന്നു.
Summary: Sonu Kumar Modi, who was arrested yesterday, was a former employee of Rakhil, who committed suicide after shooting dead Kothamangalam Dental College house surgeon PV Manasa.
The Kerala Police got Sonu Kumar's number from Rakhil's phone. Sonu Kumar was an employee of an interior design firm run by Rakhil and his friend Adityan in Bangalore. The police got this information when Adityan was questioned.
COMMENTS