Pinarayi Farmers' Co-operative Bank secretary Nikhil Narangoli has been suspended from the CPM for a year for sexually abusing woman
കണ്ണൂര്‍: ബാങ്ക് ലോണിന് അപേക്ഷിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം നേതാവ് കൂടിയായ പിണറായി ഫാര്‍മേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി നിഖില്‍ നരങ്ങോലിയെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു.
പാര്‍ട്ടിയുടെ ധര്‍മടം അണ്ടല്ലൂര്‍ കിഴക്കുംഭാഗം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു നിഖില്‍. തുടക്കത്തില്‍ ഇയാളെ സംരക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍, വാര്‍ത്ത വലിയ ചര്‍ച്ചാവിഷഷയമായതോടെ ബ്രാഞ്ച് സെക്രട്ടറിയെ തത്കാലത്തേയ്ക്കു പാര്‍ട്ടി കൈയൊഴിയുകയായിരുന്നു.
അപമാനകരമായ രീതിയില്‍ സംസാരിച്ച നിഖിലിനെതിരേ പ്രതിഷേധവുമായി യുവതി രംഗത്തു വരികയായിരുന്നു. ഇയാളുടെ വാട്‌സ് ആപ് ചാറ്റും പുറത്തായിരുന്നു.
തുടര്‍ന്ന് ബാങ്ക് ഇയാള്‍ക്കെതിരെ നടപടിയെടുത്തു. രാത്രി നിഖില്‍ യുവതിയെ ഫോണില്‍ വിളിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിനു പുറമേയാണ് വാട്‌സ് ആപ്പിലും നിരന്തരം ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചത്.
ശല്യം സഹിക്കാനാവാതെ വന്നതോടെ യുവതി ബന്ധുക്കളെയും കൂട്ടി ബാങ്കിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. അപ്പോഴും ഇയാളെ സംരക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിച്ചുവെന്നാണ് ആരോപണം.
ഈ സംഭവത്തില്‍ പാര്‍ട്ടിക്കെതിരേയും വിമര്‍ശം വന്നതോടെ ഗത്യന്തരമില്ലാതെ ജില്ലാ കമ്മിറ്റി നടപടിയെടുക്കുകയായിരുന്നു. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കിയതുകൊണ്ടാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്നാണ് വിശദീകരണം.
COMMENTS