A 23-year-old woman who was gang-raped in Mysore on Tuesday left the hospital without giving a statement to the police
ബംഗളൂരു: മൈസൂരുവില്‍ ചൊവ്വാഴ്ച കൂട്ടബലാത്സംഗത്തിന് ഇരയായ 23 കാരി പൊലീസിനു മൊഴി നല്കാതെ ആശുപത്രിവിട്ട് നാട്ടിലേക്കു പോയി.
ഇതോടെ, പ്രതികളെ അതിവേഗം പിടികൂടിയ പൊലീസിനു കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയായിരിക്കുകയാണ്.
മഹാരാഷ്ട്ര സ്വദേശിയായ പെണ്‍കുട്ടി കുടുംബത്തോടൊപ്പം നഗരം വിട്ടുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
മൊഴി രേഖപ്പെടുത്താന്‍ പെണ്‍കുട്ടി തയ്യാറായില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. യുവതി സംഭവത്തിന്റെ ആഘാതത്തിലായതിനാല്‍ നേരത്തെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
മൈസൂരു യൂണിവേഴ്‌സിറ്റിയിലെ എംബിഎ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി സുഹൃത്തുമൊത്ത് ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചാമുണ്ഡി ഹില്‍സ് പ്രദേശത്തെ വനമേഖലയില്‍ ടൂവീലറില്‍ പോയപ്പോള്‍ പിന്തുടര്‍ന്ന ആറംഗ സംഘം അവരെ ആക്രമിക്കുകയായിരുന്നു. യുവാവിനെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം വീണ യുവാവിനോട് മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കൊടുത്തില്ലെങ്കില്‍ മാനഭംഗ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
യുവാവ് തന്റെ അച്ഛനെ ഫോണില്‍ വിളിച്ചു പറഞ്ഞതനുസരിച്ച് അദ്ദേഹം എത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആറു മണിക്കൂറോളം ഇരുവരും അക്രമികളുടെ പിടിയിലായിരുന്നു.
യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. എഫ് ഐ ആറും യുവാവിന്റെ മൊഴി അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കിയത്. പെണ്‍കുട്ടി സ്ഥലം വിട്ടതോടെ അവരുടെ മൊഴി ഇല്ലാതെ പൊലീസിന് മുന്നോട്ടു പോകാനാവാത്ത സ്ഥിതിയായി.
കുറ്റകൃത്യ സ്ഥലത്തു നിന്നു കിട്ടിയ ബസ് ടിക്കറ്റുകളും മദ്യക്കുപ്പികളും മൊബൈല്‍ ടവറുകളില്‍ നിന്നുള്ള കോള്‍ വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. തമിഴ്‌നാട്ടിലെ തല്‍വാടിയില്‍ നിന്ന് കര്‍ണാടകയിലെ ചാമരാജനഗറിലേക്കുള്ള ബസ് ടിക്കറ്റുകളില്‍ പൊലീസിനു കിട്ടിയിരുന്നു. സംഭവസ്ഥലത്ത് കണ്ടെത്തിയ ചില മദ്യക്കുപ്പികള്‍ തമിഴ്നാട് എക്‌സൈസ് വകുപ്പിന്റെ മുദ്ര പതിപ്പിച്ചതായിരുന്നു.
തമിഴ് നാട്ടിലെ തിരുപ്പൂരിലേക്കു കടന്ന പ്രതികളെ അവിടെനിന്നാണ് അറസ്റ്റുചെയ്തത്.
അറസ്റ്റിലായ അഞ്ച് പേരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടുന്നു. ആറാമത്തെ പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. അഞ്ച് പ്രതികളെയും കോടതി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Summary: A 23-year-old woman who was gang-raped in Mysore on Tuesday left the hospital without giving a statement to the police. With this, the police, who caught the culprits quickly, could not proceed with the case.
COMMENTS