Manesh Kumar and Sonu Kumar, who were arrested in Bihar, sold 20 more pistols in Kerala, says police
അഭിനന്ദ്
ന്യൂഡല്‍ഹി: കോതമംഗലം ഡെന്റല്‍ കോളേജ് ഹൗസ് സര്‍ജന്‍ പി വി മാനസയെ വെടിവച്ചു കൊന്ന സംഭവത്തിലെ അന്വേഷണം കേരളത്തില്‍ സജീവമായി വരുന്ന ആയുധ വ്യാപാരത്തിലേക്കും വെളിച്ചംവീശുന്നു.
രഖിലിനു തോക്കു വിറ്റ പ്രതികള്‍ കേരളത്തില്‍ ഇരുപതോളം തോക്കുകള്‍ വിറ്റിട്ടുണ്ടെന്നും പൊലീസിന് മൊഴി നല്‍കി.
പിടിയിലായ മനേഷ് കുമാര്‍, സോനു കുമാര്‍ മോഡി എന്നിവരുടെ മൊബൈല്‍ നിന്ന് കേരളത്തിലേക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്.
മനേഷ് കുമാര്‍ ആയുധക്കച്ചവടക്കാരില്‍ നിന്നു വാങ്ങിക്കൊടുക്കുന്ന തോക്കുകള്‍ സോനുകുമാര്‍ മോദി കേരളത്തിലേക്ക് എത്തിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം എത്തിയിട്ടുള്ള നിഗമനം.
മാനസയെ വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത രഖിലിന് തോക്ക് ഉപയോഗിക്കാന്‍ പിടിയിലായ മനേഷ് കുമാര്‍ പഠിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബാഹാറില്‍ അറസ്റ്റിലായ മനേഷ് കുമാറിനും സോനു കുമാറിനുമൊപ്പം രഖില്‍ കാറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിടിയിലായ പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നു കിട്ടിയ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
മാനസയെ കൊല്ലാനുപയോഗിച്ച തോക്ക് പ്രയോഗിക്കാന്‍ പരിശീലനം അത്യാവശ്യമാണെന്നു പൊലീസ് പറയുന്നു. പ്രത്യേകിച്ചു ദേഹത്തോടു ചേര്‍ത്തു വച്ചു വെടിവയ്ക്കുമ്പോള്‍ തോക്ക് തെന്നിപ്പോകാന്‍ സാദ്ധ്യത ഏറെയാണ്. നല്ല പരിശീലനം കിട്ടാതെ ഇതു ഉപയോഗിക്കാന്‍ സാദ്ധ്യമല്ല.
യൂബര്‍ ടാക്‌സി ഡ്രൈവറായ മനേഷ് കുമാറാണ് പരിശീലനം നല്‍കിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. 7.62 എംഎം പിസ്റ്റളില്‍ ബുള്ളറ്റ് ലോഡ് ചെയ്യുന്നതും ട്രിഗര്‍ വലിക്കുന്നതുമെല്ലാം മനേഷ് കുമാര്‍ വിശദീകരിക്കുന്നുണ്ട്.
മനേഷ് കുമാറിന് ആയുധ വില്പന സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
സോനുകുമാറും മനീഷ് കുമാറും സുഹൃത്തുക്കളാണ്. ആയുധ വ്യാപാര സംഘത്തിന്റെ ഏജന്റാണ് മനീഷ്‌കുമാര്‍ വര്‍മ. ആയുധപരിശീലനത്തിന് രഖിലിനെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത് മനീഷ്‌കുമാറിന്റെ ടാക്‌സിയിലായിരുന്നു.
തോക്ക് വാങ്ങാനെത്തിയ രഖിലിനെ പട്നയില്‍ നിന്ന് 175 കിലോ മീറ്റര്‍ അകലെ മുന്‍ഗറില്‍ കൊണ്ടുപോയതും മനീഷ് കുമാറിന്റെ ടാക്‌സിയിലായിരുന്നു.
രഖിലിന്റെ മുന്‍ ജീവനക്കാരനായിരുന്നു ഇന്നലെ അറസ്റ്റിലായ സോനു കുമാര്‍ മോഡി. രഖിലിന്റെ ഫോണില്‍ നിന്നാണ് സോനു കുമാറിന്റെ നമ്പര്‍ കേരള പൊലീസിന് കിട്ടിയത്. രഖിലും കൂട്ടുകാരന്‍ ആദിത്യനും ചേര്‍ന്ന് ബംഗളൂരുവില്‍ നടത്തിയ ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു സോനു കുമാര്‍.
ആദിത്യനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പൊലീസിനു കിട്ടിയത്.രഖില്‍ ഉപയോഗിച്ച വഴിയേ തന്നെയാണ് സോനു കുമാറിനെ പൊലീസ് കുടുക്കിയത്.തോക്കു വേണമെന്ന് ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ചാണ് സോനു കുമാര്‍ മോഡിയെ പൊലീസ് വലയിലാക്കിയത്.
Summary: Manesh Kumar and Sonu Kumar, who were arrested in Bihar, sold 20 more pistols in Kerala, says police. There have been frequent phone calls to Kerala from the mobiles of Manesh Kumar and Sonu Kumar Modi.
COMMENTS