KT Jalil said PK Kunhalikutty had over Rs 300 crore in black money deposits in the AR Nagar Service Co-operative Bank in Malappuram
തിരുവനന്തപുരം: മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള മലപ്പുറത്തെ എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുള്ള കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ ടി ജലീല്‍ പറഞ്ഞു.
ഒരുകാലത്ത് കുഞ്ഞാലിക്കുട്ടിയുടെ വത്സല ശിഷ്യനായിരുന്ന ജലീലിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ലീഗീല്‍ തന്നെ പാണക്കാട് തങ്ങളുടെ മകന്‍ നടത്തിയ പടയൊരുക്കത്തിനു പിന്നാലെയാണ് കെ ടി ജലീല്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍.
പലരുടെയും പേരിലുള്ള അക്കൗണ്ടിലാണ് കുഞ്ഞാലിക്കുട്ടി പണം നിക്ഷേപിച്ചിട്ടുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങളുടെ പേരിലുള്ള നിക്ഷേപത്തെക്കുറിച്ച് അക്കൗണ്ട് ഉടമകള്‍ അറിയുന്നതുപോലും. ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ഉയരുന്നുണ്ട്.
ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് എ ആര്‍ നഗര്‍ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റേത് ഉള്‍പ്പെടെ 103 കോടി രൂപയാണ് നേരത്തേ കണ്ടുകെട്ടിയത്. സഹകരണ വകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ വിഭാഗത്തോട് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്‍കംടാക്സ് ആവശ്യപ്പെട്ടു.
600 കോടിയിലധികം കോടിയുടെ കള്ളപ്പണനിക്ഷേപം എ ആര്‍ നഗര്‍ ബാങ്കിലുണ്ടെന്നാണ് നിഗമനം. കേരളത്തെ ഞെട്ടിക്കാന്‍ പോന്നതായിരിക്കും വരാനിരിക്കുന്ന വിശദ റിപ്പോര്‍ട്ടെന്നും ജലീല്‍ പറഞ്ഞു.
കണ്ണമംഗലം പഞ്ചായത്തിലെ ഒരു അംഗന്‍വാടി ടീച്ചര്‍ കഴിഞ്ഞ ദിവസം തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അംഗന്‍വാടി ടീച്ചര്‍ എ ആര്‍ നഗര്‍ ബാങ്കിന്റെ പ്രസിഡന്റ് മുഖേന ബാങ്കില്‍ ഒരു അക്കൗണ്ട് ആരംഭിച്ചിരുന്നു. ഈ ടീച്ചറുടെ പേരില്‍ അവരറിയാതെ 80 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് തന്റെ അക്കൗണ്ടില്‍ ഇത്രയും നിക്ഷേപമുണ്ടെന്ന കാര്യം ടീച്ചര്‍ അറിയുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ അഴിമതിപ്പണമാണ് ഇതെല്ലാം. എ ആര്‍ നഗര്‍ ബാങ്കിലെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണത്തിന്റെ സൂക്ഷിപ്പുകാരന്‍. സത്യം പുറത്തുവരുമ്പോള്‍ ഹരികുമാറിനെ അപായപ്പെടുത്താനും സാദ്ധ്യതയുണ്ട്.
ലീഗിന്റെ തലപ്പത്ത് കുഞ്ഞാലിക്കുട്ടി വന്നതിനു ശേഷമാണ് ലീഗിലും പോഷകസംഘടനകളിലും വ്യാപക അഴിമതി ആരംഭിച്ചത്. എല്ലാ തട്ടിപ്പുകാര്‍ക്കും കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷണം കിട്ടുന്നുണ്ട്.
ലീഗിന്റെ നിയന്ത്രണത്തില്‍ മലപ്പുറത്തുള്ള പല സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ചേരാന്‍ വിസമ്മതിക്കുന്നതിന്റെ കാരണവും ഈ കള്ളപ്പണ നിക്ഷേപമാണെന്നും ജലീല്‍ ആരോപിച്ചു.
ഇതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രതിക്കൂട്ടിലായ സിപിഎമ്മിനു കിട്ടിയ വലിയ പിടിവള്ളിയായി മാറുകയാണ് മലപ്പുറത്തെ എആര്‍ നഗര്‍ ബാങ്ക് അഴിമതി. ഇതു പരമാവധി വാര്‍ത്തയില്‍ നിറച്ചു ലീഗിനെയും പ്രതിപക്ഷത്തെയും പ്രതിരോധത്തിലാക്കുക എന്ന തന്ത്രമാണ് ജലീലിലൂടെ സിപിഎം പയറ്റുന്നത്. പക്ഷേ, പരസ്പരം ചെളിവാരി എറിയുമ്പോള്‍ പുറത്തുവരുന്നതാകട്ടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അമ്പരപ്പിക്കുന്ന അധോലോക സമാനമായ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളും.
COMMENTS